പതിനഞ്ചാം വയസില്‍ രണ്ടാനമ്മയുടെ ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങി കൊല്ലപ്പെട്ട വിശുദ്ധയാണ് പനേഷ്യ. തന്റെ ബാല്യകാല ജീവിതം കൊണ്ടു തന്നെ ഒരു വിശുദ്ധയുടെ സ്ഥാനം നേടിയെടുക്കാന്‍ പനേഷ്യയ്ക്കു കഴിഞ്ഞു. ഇറ്റലിയിലെ നൊവാറയിലാണ് പനേഷ്യ ജനിച്ചത്. ജനിച്ചപ്പോള്‍ തന്നെ തന്റെ അമ്മയെ അവള്‍ക്കു നഷ്ടപ്പെട്ടു. അനാഥയെ പോലെയാണവള്‍ വളര്‍ന്നത്. അമ്മയില്ലാത്തതിന്റെ വേദന ആ പിഞ്ചുമനസ് വല്ലാതെ അനുഭവിച്ചിരുന്നു. തന്റെ അച്ഛന്‍ രണ്ടാമതു വിവാഹം കഴിച്ചപ്പോള്‍ ഈ കുറവ് നികത്തപ്പെടുമെന്ന് അവള്‍ പ്രതീക്ഷിച്ചു.
സ്വന്തമല്ലെങ്കിലും തനിക്ക് ഒരു അമ്മയെ കിട്ടുമല്ലോ. എന്നാല്‍, ആ മോഹങ്ങള്‍ വെറുതെയായി. നാടോടിക്കഥകളിലെ പോലെ ഒരു ക്രൂരയായിരുന്നു ആ സ്ത്രീ. പനേഷ്യയെ അവര്‍ എപ്പോഴും പീഡിപ്പിച്ചു. അഞ്ചു വയസുമാത്രം പ്രായമുള്ളപ്പോള്‍ പനേഷ്യയെ ദുരസ്ഥലങ്ങളിലേക്ക് ആടുകളെ മേയ്ക്കാനായി അവര്‍ പറഞ്ഞയയ്ക്കുമായിരുന്നു. അവള്‍ ശരിയായി ജോലി ചെയ്യുന്നില്ലെന്നും ഒന്നിലും ശ്രദ്ധയില്ലെന്നും ആരോപിച്ച് അവര്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചു. ദൈവവിശ്വാസമില്ലാത്ത ആ സ്ത്രീക്കു പനേഷ്യ പ്രാര്‍ഥിക്കുന്നതു കാണുന്നതു പോലും ഇഷ്ടമല്ലായിരുന്നു. എല്ലാ പീഡനങ്ങളും പനേഷ്യ സഹിച്ചു. തന്റെ വേദനകള്‍ ആ ബാലിക ദൈവത്തോടു പറഞ്ഞു. അവള്‍ക്ക് ഏക ആശ്രയവും അവിടുന്നായിരുന്നു.
ഒരിക്കല്‍, പ്രാര്‍ഥനയില്‍ മുഴുകി മറ്റൊന്നുമറിയാതെ ഇരിക്കവേ, രണ്ടാനമ്മ എത്തി അവളെ മര്‍ദ്ദിക്കുവാന്‍ തുടങ്ങി. ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങാനും ആ വേദനകള്‍ ദൈവത്തിന്റെ നാമത്തില്‍ സഹിക്കുവാനും ആ പിഞ്ചു മനസ് സന്നദ്ധമായിരുന്നുവെങ്കിലും ശരീരം അനുവദിച്ചില്ല. നൂല്‍ പിരിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒരു ഉപകരണം കൊണ്ട് കുത്തേറ്റായിരുന്നു പനേഷ്യ മരിച്ചത്. മര്‍ദ്ദനമേറ്റ് മരിച്ച പനേഷ്യയുടെ കഥ വളരെ വേഗത്തില്‍ പ്രചരിച്ചു. അവളെ ഒരു വിശുദ്ധയായി ആ നാട്ടുകാര്‍ അന്നേ കണക്കാക്കിയിരുന്നു. പനേഷ്യയുടെ മരണശേഷം അവളുടെ നാമത്തില്‍ ഒട്ടേറെ അദ്ഭുതപ്രവര്‍ത്തികള്‍ നടന്നു. 1867ല്‍ ഒന്‍പതാം പയസ് മാര്‍പാപ്പ പനേഷ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ആടുകളെ മേയ്ക്കുന്ന പെണ്‍കുട്ടികളുടെ മധ്യസ്ഥയായാണ് പനേഷ്യ അറിയപ്പെടുന്നത്.
Comments
Post a Comment