ഏപ്രില്‍ 14 : വി.ബെൻസെറ്റ് (കൊച്ചു ബെനഡിക്ട് (1165-1184)

ഫ്രാന്‍സിലെ സാവോയില്‍ ജനിച്ച ബെനഡിക്ട് ഒരു ആട്ടിടയ നായിരുന്നു. ചെറുപ്രായം മുതല്‍ തന്നെ യേശുവില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ബെനഡിക്ട് അവിഞ്ഞോണിലെ റോണ്‍ നദിക്കരയിലായിരുന്നു ആടുകളെ മേയ്ക്കാന്‍ കൊണ്ടു പോയിരുന്നത്. ഒരിക്കല്‍ ബെനഡിക്ട് നോക്കി നില്‍ക്കെ ഒരു പാവപ്പെട്ട ജൂതവൃദ്ധ നദി കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ശക്തമായ ഒഴുക്കു മൂലം അക്കരെ കടക്കാന്‍ അവര്‍ ബുദ്ധിമുട്ടി. നദിക്കരയില്‍ നിന്നിരുന്ന കുറെ ചെറുപ്പക്കാര്‍ അവരെ കൂകിവിളിച്ചു കളിയാക്കി. ബെനഡിക്ട് ദൂരെ നിന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവന്‍ ഓടിയെത്തി ആ വൃദ്ധയെ സഹായിച്ചു. പ്രത്യുപകാരമായി യഹൂദന്‍മാരുടെ സ്വര്‍ണശേഖരം ഒളിച്ചുവച്ചിരുന്ന സ്ഥലം ബെനഡിക്ടിനു പറഞ്ഞു കൊടുത്തിട്ട് ''നീ വലിയ കാര്യങ്ങള്‍ ചെയ്യാനായി പിറന്നവനാണ്.'' എന്നു പറഞ്ഞ് അവര്‍ അനുഗ്രഹിച്ചു. കാലം കടന്നു പോയി. നിധിശേഖരം തപ്പി ബെനഡിക്ട് പോയില്ല.



പതിനഞ്ചു വയസുകാരനായ വെറുമൊരു ആട്ടിടയന് അത് അത്ര വലിയ കാര്യമായി തോന്നിയില്ല. റോണ്‍ നദിയില്‍ പിന്നീട് പലയാളുകളും ഒഴുക്കില്‍ പെട്ടു മരിച്ചു. പല അപകടത്തിനും ബെനഡിക്ട് സാക്ഷിയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പെട്ടെന്ന് സൂര്യന്‍ ഇരുണ്ടു. അതൊരു സൂര്യഗ്രഹണദിവസ മായിരുന്നു. പകല്‍വെളിച്ചം മാഞ്ഞ് കൂരിരുട്ട് വന്നു. ഇരുട്ടില്‍ ഇരിക്കെ ബെനഡിക്ട് ഒരു ശബ്ദം കേട്ടു. ''യേശുവിന്റെ നാമം നിന്നോട് ആവശ്യപ്പെടുന്നു. പോയി റോണ്‍ നദിക്കരയില്‍ ഒരു പാലം പണിയുക.'' അക്കാലത്ത് പാലം പണിയുക എന്നത് ഒരു പ്രേഷിതപ്രവര്‍ത്തനമായാണ് കണക്കാക്കിയിരുന്നത്. ബെനഡിക്ട് മറുപടിയായി ചോദിച്ചു. ''എന്റെ ആടുകളെ ഉപേക്ഷിച്ചിട്ട് ഞാന്‍ എങ്ങനെ പോകും?'' ''അവയെ ഞാന്‍ കാത്തുപരിപാലിച്ചുകൊള്ളാം. മാത്രമല്ല. നിനക്കു തുണയായി ഞാന്‍ മാലാഖമാരെ അയയ്ക്കുകയും ചെയ്യും.'' ബെനഡിക്ട് അശരീരി ആവശ്യപ്പെട്ടതു പോലെ ചെയ്തു. മറ്റ് ആട്ടിടയലന്‍മാര്‍ ആടുകളുമായി ബേത്‌ലേഹമിലേക്ക് പോയ തക്കം നോക്കി തന്റെ ആടുകളെ ഉപേക്ഷിച്ച് റോണ്‍ നദി കടന്ന് ബെനഡിക്ട് അക്കരയ്ക്കു പോയി.
ഒരു മാലാഖ അവന്റെ കൂടെയുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് മാലാഖ അദൃശ്യയായിരുന്നു. ബിഷപ്പിന്റെ താമസ സ്ഥലത്താണ് ബെനഡിക്ട് എത്തിചേര്‍ന്നത്. റോണ്‍ നദിക്കു കുറുകെ പാലം പണിയണമെന്ന് ദൈവം തന്നോട് ആവശ്യപ്പെട്ടതായി ബെനഡിക്ട് പറഞ്ഞു. എന്നാല്‍ ബിഷപ്പ് അതു വിശ്വസിച്ചില്ലെന്നു മാത്രമല്ല, അവിടുത്തെ ന്യായാധിപന്‍ അവനെ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ദൈവത്തിന്റെ ദൂതന്‍ അവനോടു പറഞ്ഞു. ''മുന്നോട്ടു തന്നെ പോകുക.'' ''ഭൂമിക്കു കീഴെ ഒരു തുണ്ട് ഭൂമി പോലും സ്വന്തമായില്ലാത്ത നീ എങ്ങനെയാണ് പാലം പണിയാന്‍ പോകുന്നത്?'' ന്യായാധിപന്‍ അവനെ പരിഹസിച്ചു. ''എന്നെ സഹായിക്കാന്‍ ദൈവ ദൂതന്‍മാരുണ്ട്''- ബെനഡിക്ട് പറഞ്ഞു. അവര്‍ അവനെ കളിയാക്കി ചിരിച്ചു. ''എങ്കില്‍ നീ അതു തെളിയിക്കുക.'' അവിടെ കിടന്നിരുന്ന ഒരു വലിയ പാറ ചൂണ്ടിക്കാണിച്ചിട്ട് ന്യായാധിപന്‍ പറഞ്ഞു. ''ജനങ്ങളെ എല്ലാം വിളിച്ചുകൂട്ടിയിട്ട് ഈ കിടക്കുന്ന വലിയ പാറ എടുത്ത് നീ നദിക്കരയില്‍ കൊണ്ടു പോകുക.
നിന്റെ ശക്തി എല്ലാവരും കാണട്ടെ.'' ഇതുകേട്ട് ബെനഡിക്ടിന്റെ ഒപ്പമുണ്ടായിരുന്ന മാലാഖ അവനെ നോക്കി ചിരിച്ചു. ഒട്ടും ആയാസമെടുക്കാതെ ഏതാണ്ട് 100 ക്വിന്റലോളം ഭാരമുണ്ടായിരുന്ന ആ കല്ല് ബെനഡിക്ട് ചുമന്നു നദിക്കരയിില്‍ കൊണ്ടിട്ടു. ''ഇതായിരിക്കും പാലത്തിന്റെ അടിത്തറ.'' അവന്‍ പറഞ്ഞു. അതുകണ്ടു നിന്നവരെല്ലാം അദ്ഭുതസ്തബ്ദരായി. ''അദ്ഭുതം, അദ്ഭുതം'': അവര്‍ വിളിച്ചുപറഞ്ഞു. ഉടന്‍ തന്നെ 18 അദ്ഭുതങ്ങള്‍ കൂടി അവിടെ സംഭവിച്ചു. ആള്‍ക്കൂട്ടത്തിനിടെ ഉണ്ടായിരുന്ന അന്ധര്‍ക്ക് കാഴ്ച ലഭിച്ചു. കുഷ്ഠരോഗികള്‍ സുഖപ്പെട്ടു. അദ്ഭുതങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പ്രവഹിച്ചു. എല്ലാം കണ്ട് വിശ്വസിച്ച് ന്യായാധിപന്‍ പാലം പണിയാന്‍ അനുമതി കൊടുത്തു. ചെലവിലേക്കായി ഒരു നല്ല തുകയും കൊടുത്തു. ജനങ്ങളെല്ലാം ചേര്‍ന്ന് പിരിവെടുത്തു കൂടുതല്‍ പണം കണ്ടെത്തി. അതുവരെ ആരോടും പറയാതെ വച്ചിരുന്ന 'ജൂതരുടെ നിധി' ബെനഡിക്ട് പാലം നിര്‍മാണത്തിനായി എടുത്തു. എന്നാല്‍, പാലം പൂര്‍ത്തിയാകുന്നതു കാണാന്‍ ദൈവം ബെനഡിക്ടിനെ അനുവദിച്ചില്ല.
1184 ല്‍ ആ വിശുദ്ധന്‍ മരിച്ചു. ആ പാലത്തില്‍ തന്നെ ബെനഡിക്ടിനെ അടക്കി. രണ്ടു വര്‍ഷത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയായി. ബെനഡിക്ടിന്റെ ശവകുടീരത്തിലേക്ക് വന്‍ ജനപ്രവാഹമായിരുന്നു. വൈകാതെ, അധികാരികള്‍ പാലത്തോട് ചേര്‍ന്നു ഒരു പള്ളിയും പണിതു. ബെനഡിക്ട് മരിച്ച് 500 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, അതായത്, 1669 ല്‍, പാലത്തിന്റെ ഒരു ഭാഗം കനത്ത വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. ബെനഡിക്ടിന്റെ ശവകുടീരം നശിച്ചിരുന്നില്ല. മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുന്നതിനു വേണ്ടി ബെനഡിക്ടിന്റെ ശവകുടീരം തുറന്നു. അഞ്ഞൂറുവര്‍ഷം കഴിഞ്ഞിട്ടും മൃതദേഹം അഴുകിയിരുന്നില്ല. ഒരു കേടുപാടും സംഭിവിക്കാതെ മരിച്ചദിവസത്തെ പോലെ തന്നെയിരുന്നു. കണ്ണുകള്‍ക്കു പോലും തിളക്കം നഷ്ടപ്പെട്ടിരുന്നില്ല. അതേസമയം, കല്ലറയ്ക്കുള്ളിലെ ഇരുമ്പുകട്ടികള്‍ പോലും ദ്രവിച്ചിരുന്നു. അവിഞ്ഞോണിലെ കത്തീഡ്രലിലേക്ക് ബെനഡിക്ടിന്റെ ശവകുടീരം പിന്നീട് മാറ്റി സ്ഥാപിച്ചു.

Comments