സ്‌പെയിനിലെ ഒരു സമ്പന്ന കുടുംബത്തിലാണ് പീറ്റര്‍ ജനിച്ചത്. പീറ്ററിന്റെ അമ്മാവന്‍ ഒരു ബിഷപ്പായിരുന്നു. സമ്പന്നതയിലും പ്രൗഢിയിലും വളര്‍ന്നിരുന്നതു കൊണ്ട് അതിന്റെ ഒരു അഹങ്കാരത്തിലാണ് പീറ്റര്‍ തന്റെ യൗവനകാലത്ത് ജീവിച്ചത്. ബിഷപ്പ് അമ്മാവനായിരുന്നതിനാല്‍ ദേവാലയത്തിലും മറ്റും പീറ്ററിനും പല പദവികളും ലഭിച്ചിരുന്നു. ഒരു ദിവസം ക്രിസ്മസിനോടനുബന്ധിച്ചുള്ള ഒരു പൊതുചടങ്ങിനിടയില്‍ ആയിരക്കണക്കിനു ജനങ്ങള്‍ നോക്കി നില്‍ക്കെ പീറ്റര്‍ കുതിരപ്പുറത്തു നിന്നു വീണു. എല്ലാവരും പൊട്ടിച്ചിരിച്ചു. കൂകിവിളിച്ചു. പരിഹസിച്ചു. പീറ്റര്‍ ലജ്ജിതനായി. ആ സംഭവം തന്റെ ജീവിതത്തെപ്പറ്റി മാറ്റിചിന്തിക്കുവാന്‍ പീറ്ററിനെ പ്രേരിപ്പിച്ചു. എളിമയുടെ മഹത്വം മനസിലാക്കിയ പീറ്റര്‍ യേശുവില്‍ തന്റെ ജീവിതം ആരംഭിച്ചു.
കുറെക്കാലം പ്രാര്‍ഥനയിലും ഉപവാസത്തിലും ഏകാന്തജീവിതം നയിച്ച ശേഷം തന്റെ ജീവിതത്തിന്റെ യഥാര്‍ഥ വിജയം എന്തെന്നു മനസിലാക്കാന്‍ അദ്ദേഹം ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു പുരോഹിതനായി. പീറ്ററിന്റെ മതപ്രഭാഷണങ്ങള്‍ വളരെ പ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കേട്ടുനില്‍ക്കുന്ന കൊടുംപാപികള്‍ പോലും മാനസാന്തരപ്പെട്ടു. ചിലര്‍ പ്രസംഗത്തിനിടയില്‍ ഓടി വന്നു അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണു പൊട്ടിക്കരയുമായിരുന്നു. ഒരിക്കല്‍ ഫെര്‍ഡിനന്‍ഡ് മൂന്നാമന്‍ രാജാവ് തന്റെ ആതിഥ്യം സ്വീകരിച്ചു കൊട്ടാരത്തില്‍ താമസിക്കുവാന്‍ പീറ്ററിനെ ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ചു കൊട്ടാരത്തിലെത്തി. പീറ്ററിനോട് അസൂയയുണ്ടായിരുന്ന പലര്‍ക്കും ഇത് ഇഷ്ടമായില്ല. പീറ്ററിനെ പ്രലോഭനത്തിലൂടെ പാപത്തില്‍ വീഴിക്കാന്‍ അവര്‍ ശ്രമിച്ചു. പീറ്റര്‍ കൊട്ടാരത്തിലായിരിക്കെ, അവിടുത്തെ ഒരു ദാസി അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു. പീറ്റര്‍ വഴങ്ങിയില്ല. കുമ്പസാരിപ്പിക്കണമെന്നു അഭ്യര്‍ഥിച്ച് അവള്‍ പീറ്ററിന്റെ മുറിയില്‍ കയറി.
തന്നെ വശീകരിച്ചു തെറ്റു ചെയ്യിക്കാനാണ് അവളുടെ ശ്രമമെന്നു മനസിലാക്കിയ പീറ്റര്‍ ഉടനെ മടങ്ങിവരാമെന്നു പറഞ്ഞു തൊട്ടടുത്ത മുറിയിലേക്ക് പോയി. അല്‍പസമയം കഴിഞ്ഞ് അദ്ദേഹം അവളെ വിളിച്ചു. അവള്‍ മുറിയിലെത്തിയപ്പോള്‍ തീയുടെ നടുവില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ നില്‍ക്കുകയായിരുന്നു പീറ്റര്‍. ദൈവത്തിന്റെ അദ്ഭുതശക്തിയാല്‍ ഒട്ടും പൊള്ളലേല്‍ക്കാതെ നില്‍ക്കുന്ന പീറ്ററിനെ കണ്ട് അവള്‍ പശ്ചാത്തപിച്ചു. തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞു അവള്‍ കുമ്പസാരിച്ചു. മറ്റൊരിക്കല്‍ പ്രേഷിതപ്രവര്‍ത്തനവുമായി ദൂരയാത്ര ചെയ്യവേ, അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവര്‍ ഭക്ഷണം കിട്ടാതെ വിശന്നു കരഞ്ഞു. മറ്റൊരു മാര്‍ഗവും കാണാതായപ്പോള്‍ പീറ്റര്‍ നദിക്കരയില്‍ ചെന്നു മുട്ടുകുത്തി പ്രാര്‍ഥിച്ചു. സര്‍വരും നോക്കി നില്‍ക്കെ നദിയില്‍ നിന്നു മല്‍സ്യങ്ങള്‍ കരയിലേക്ക് ചാടി വന്നു. പീറ്റര്‍ ധാരാളം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. അനേകം രോഗികളെ സുഖപ്പെടുത്തി. എല്ലാറ്റിനുമുപരിയായി തന്റെ പ്രസംഗങ്ങളിലൂടെ ഒട്ടെറെ പേരെ മാനസാന്തരപ്പെടുത്താനും പീറ്ററിനു കഴിഞ്ഞു. 1248ലെ വലിയ ആഴ്ചയില്‍ അദ്ദേഹം രോഗബാധിതനായി. യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ തിരുനാള്‍ ദിവസം അദ്ദേഹം മരിച്ചു.
Comments
Post a Comment