ഇന്നും ഒരു അദ്ഭുതമാണ് വി. ബെര്‍ണാഡെറ്റ. 1879ല്‍ മരിച്ച ഈ വിശുദ്ധയുടെ മൃതദേഹം 125 വര്‍ഷം കഴിഞ്ഞിട്ടും ഉറങ്ങിക്കിടക്കുന്ന ഒരു സുന്ദരിയെ പോലെ ഇന്നും അനുഭവപ്പെടുന്നു. നിരവധി തവണ പരിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശനം ലഭിച്ചിട്ടുള്ള ഭാഗ്യവതിയാണ് ബെര്‍ണാഡെറ്റ. നിത്യജീവനെ പറ്റിയുള്ള മൂന്നു രഹസ്യങ്ങള്‍ കന്യാമറിയം ബെര്‍ണാഡെറ്റയോടു പറഞ്ഞതായി വിശ്വസിക്കപ്പെടുന്നു. ഫ്രാന്‍സിലെ ലൂര്‍ദിലുള്ള വളരെ ദരിദ്രമായ ഒരു കുടുംബത്തിലാണ് മരിയ ജനിച്ചത്. ആറു മക്കളില്‍ മൂത്തവളായിരുന്നു അവള്‍. തന്റെ പന്ത്രണ്ടാം വയസുമുതല്‍ പതിനാലാം വയസുവരെ വീട്ടുവേലക്കാരിയായി മരിയ ജോലി നോക്കി. ആടുകളെ മേയ്ക്കുകയായിരുന്നു മരിയ ചെയ്ത മറ്റൊരു തൊഴില്‍. 1858 ഫെബ്രുവരി 11 നാണ് അവള്‍ക്ക് പരിശുദ്ധ കന്യാമറിയത്തിന്റെ ആദ്യ ദര്‍ശനം ഉണ്ടാകുന്നത്.
ബെര്‍ണാഡെറ്റയുടെ ആദ്യകുര്‍ബാന സ്വീകരണത്തോടനുബന്ധിച്ചാ യിരുന്നു അത്. പിന്നീട് അടുത്ത അഞ്ചു മാസത്തിനുള്ളില്‍ 18 തവണ കൂടി അവര്‍ക്ക് കന്യാമറിയത്തിന്റെ ദര്‍ശനം ലഭിച്ചു. പരിശുദ്ധമറിയത്തിന്റെ ദര്‍ശനം തനിക്കുണ്ടായി എന്ന് അവള്‍ പലരോടും പറഞ്ഞു. പക്ഷേ, ആരും അവളെ വിശ്വസിച്ചില്ല. പലരും അവളെ പരിഹസിച്ചു. അടുത്ത തവണ കന്യാമറിയത്തിന്റെ ദര്‍ശനമുണ്ടായപ്പോള്‍ മാതാവ് അവളോട് അവിടെയുള്ള ഒരു ചതുപ്പുസ്ഥലത്ത് ഒരു കുഴി കുഴിക്കാന്‍ ആവശ്യപ്പെട്ടു. അവള്‍ അപക്രാരം ചെയ്തു. അപ്പോള്‍ അവിടെ നിന്നു വെള്ളം പൊട്ടിയൊഴുകി. പിറ്റേന്നായപ്പോഴേക്കും കൂടുതല്‍ വെള്ളം വന്നു. ആ വെള്ളം കുടിച്ചവരുടെ രോഗങ്ങള്‍ മാറി. ആവശ്യങ്ങള്‍ നിറവേറപ്പെട്ടു. അദ്ഭുതങ്ങള്‍ പ്രവഹിച്ചു. മുതിര്‍ന്നപ്പോള്‍ ലൂര്‍ദിലെ ഒരു കന്യാസ്ത്രീമഠത്തില്‍ ചേര്‍ന്ന ബെര്‍ണാഡെറ്റ അവിടെ വച്ചാണ് എഴുതാനും വായിക്കാനും പഠിച്ചത്. എളിമയും വിനയവും കൊണ്ട് മരിയ ഏവരുടെയും സ്‌നേഹാദരവ് പിടിച്ചുപറ്റി. എപ്പോഴും രോഗിയായിരുന്നു അവര്‍. ചെറുപ്രായത്തില്‍ കോളറ ബാധിച്ചു. പിന്നീട് സുഖപ്പെട്ടു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ ആമാശയരോഗങ്ങള്‍ ബാധിച്ച ബെര്‍ണാഡെറ്റ ആസ്മാ രോഗിയും ക്ഷയരോഗിയുമായിരുന്നു.
വേദനകള്‍ നിറഞ്ഞ ജീവിതം അവള്‍ മാതാവിനോടുള്ള പ്രാര്‍ഥനയില്‍ ആസ്വദിച്ചു. യേശുവിനെയും പരിശുദ്ധ മറിയത്തെയും അവള്‍ അളവില്ലാതെ സ്‌നേഹിച്ചു. 1879 ല്‍ മരിയയുടെ രോഗങ്ങള്‍ അതിന്റെ തീവ്രതയിലെത്തി. കന്യാമറിയത്തോടുള്ള പ്രാര്‍ഥന ചൊല്ലിക്കൊണ്ടിരിക്കേ മുപ്പത്തിയഞ്ചാം വയസില്‍ അവര്‍ മരിച്ചു. 1933 ല്‍ പോപ്പ് പയസ് പതിനൊന്നാമന്‍ ബെര്‍ണാഡെറ്റയെ വിശുദ്ധയായി പ്രഖ്യാപിച്ചു. രോഗികളുടെയും പാവപ്പെട്ടവരുടെയും ആട്ടിടയരുടെയും മധ്യസ്ഥയാണ് ബെര്‍ണാഡെറ്റ. ബെര്‍ണാഡെറ്റയുടെ മൃതദേഹം ഈയവും തടിയും കൊണ്ടു നിര്‍മിച്ച ഒരു ശവപ്പെട്ടിക്കുള്ളിലാക്കി മൂന്നു ദിവസം പൊതുദര്‍ശനത്തിനു വച്ചു. പിന്നീട് വി. യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള ചെറിയൊരു പള്ളിയില്‍ അടക്കി. മുപ്പതു വര്‍ഷം കടന്നു പോയി. ബെര്‍ണാഡെറ്റയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ബിഷപ്പുമാരുടെ സമിതി അവരെ അടക്കിയിരുന്ന പള്ളിയിലെത്തി. വിശുദ്ധയായി പ്രഖ്യാപിക്കണമെങ്കില്‍ മൃതദേഹം തിരിച്ചറിയണമെന്നുണ്ടായിരുന്നു.
1909 സെപ്റ്റംബര്‍ 22 ന് സ്ഥലത്തെ മേയര്‍, ഡോക്ടര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ബിഷപ്പുമാര്‍ തുടങ്ങിയവരെയൊക്കെ സാക്ഷി നിര്‍ത്തി മരിയ ബെര്‍ണാഡെറ്റയുടെ മൃതദേഹം പുറത്തെടുത്തു. ശവക്കല്ലറയിലേക്ക് വച്ചപ്പോള്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് മൃതദേഹം കാണപ്പെട്ടത്. ഒരു തരത്തിലുള്ള ദുര്‍ഗന്ധവുമില്ലായിരുന്നു. കന്യാസ്ത്രീകള്‍ ബെര്‍ണഡെറ്റയുടെ മൃതദേഹം വീണ്ടും കുളിപ്പിച്ചു പുതിയൊരു ശവപ്പെട്ടിയിലാക്കി. പുറത്തെടുത്തു വച്ചിരുന്ന സമയം കൊണ്ട് മൃതദേഹത്തിനു കറുത്ത നിറം വ്യാപിക്കാന്‍ തുടങ്ങിയതിനാല്‍ പെട്ടെന്നു തന്നെ വളരെ ഭദ്രമായി പുതിയ പെട്ടിയില്‍ അടക്കം ചെയ്തു. പിന്നീട് 1919 ല്‍ പത്താം പീയുസ് മാര്‍പാപ്പയുടെ നിര്‍ദേശത്താല്‍ ബെര്‍ണാഡെറ്റയുടെ മൃതദേഹം മറ്റൊരു സംഘം പുറത്തെടുത്തു പരിശോധിച്ചു. അപ്പോഴും മൃതദേഹത്തിനു മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. അവസാനമായി വി. ബെര്‍ണാഡെറ്റയുടെ മൃതദേഹം പുറത്തെടുത്തത് 1925 ഏപ്രില്‍ 18 നായിരുന്നു. ഡോക്ടര്‍മാര്‍ വിശദമായ പരിശോധനകള്‍ നടത്തി. ചെറിയ തോതില്‍ മൃതദേഹം അണിയിച്ചൊരുക്കി. മുഖം മെഴുകു കൊണ്ട് മിനുക്കി. പുതിയ വസ്ത്രങ്ങളണിയിച്ചു. ഇപ്പോള്‍ ലൂര്‍ദിലെ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ബെര്‍ണാഡെറ്റയുടെ മൃതദേഹം കാണാന്‍ 20 കോടിയിലേറെ തീര്‍ഥാടകരാണ് ഇതുവരെ അവിടെയെത്തിയത്.
Comments
Post a Comment