തീര്‍ഥാടകനായ വിശുദ്ധനായിരുന്നു ബെനഡിക്ട്. ഒരു ഭിക്ഷക്കാ രനെപ്പോലെയാണ് അദ്ദേഹം ജീവിച്ചത്. തീര്‍ഥാടകസ്ഥലങ്ങള്‍ ചുറ്റിക്കറങ്ങി, അനാഥരുടേയും രോഗികളുടേയുമൊപ്പം ജീവിച്ച മനുഷ്യന്‍. ഫ്രാന്‍സിലെ സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തില്‍ ജീന്‍ബാപ്റ്റിസ്റ്റ് ലാബ്രയുടെയും അന്നയുടെയും മകനായി ജനിച്ച ബെനഡിക്ടിനു 14 ഇളയസഹോദരങ്ങളു മുണ്ടായിരുന്നു. ചെറുപ്രായത്തില്‍ തന്നെ പിതൃസഹോദരനായ പുരോഹിതന്റെയടുത്തേക്കു പിതാവ് ബെനഡിക്ടിനെ വിദ്യാഭ്യാസത്തിനായി അയച്ചു. പ്ലേഗ് പടര്‍ന്നു പിടിച്ച സമയമായിരുന്നു അത്. പ്ലേഗ് ബാധിച്ചവര്‍ക്കിടയില്‍ ആശ്വാസത്തിന്റെ ദൂതനായി ബെനഡിക്ട് ഉണ്ടായിരുന്നു. ഒരു പുരോഹിതനാകണമെന്നതായിരുന്നു ബെനഡിക്ടിന്റെ ആഗ്രഹം. പല സഭകളിലും ചേര്‍ന്നെങ്കിലും ഒന്നിലും ഉറച്ചുനില്‍ക്കാന്‍ ബെനഡിക്ടിനു കഴിഞ്ഞില്ല. ''ഒരു പുരോഹിതനായിരിക്കുന്നത് വളരെ സുന്ദരമായ കാര്യമാണ്. പക്ഷേ, അതുവഴി എനിക്ക് എന്റെ ആത്മാവിനെ തന്നെ നഷ്ടമാകുമെന്നു ഞാന്‍ പേടിക്കുന്നു''-ബെനഡിക്ട് ചിന്തിച്ചത് ഇങ്ങനെയായിരുന്നു. പിന്നീട് ഒരു സഭയിലും ചേര്‍ന്നു പ്രവര്‍ത്തിക്കാതെ തീര്‍ഥാടകനായി യൂറോപ്പില്‍ മുഴുവന്‍ ചുറ്റിത്തിരിയുകയാണ് ബെനഡിക്ട് ചെയ്തത്.
പരിപൂര്‍ണമായ പട്ടിണിയായിരുന്നു ബെനഡിക്ട് സ്വീകരിച്ചത്. ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടി മാത്രം ഭിക്ഷ ചോദിച്ച് വീടുകള്‍ കയറി ഇറങ്ങി. ദേവാലയങ്ങളില്‍ കിടന്നുറങ്ങി. ഒരു ജപമാല കഴുത്തിലണിഞ്ഞ്, കൈയില്‍ ഒരു കുരിശും ബൈബിളും പിടിച്ചായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. കൂടുതലായി ഭിക്ഷ കിട്ടിയാല്‍ അതു തിരിച്ചുകൊടുക്കുകയോ മറ്റുള്ള ഭിക്ഷക്കാര്‍ക്കു കൊടുക്കുകയോ ചെയ്തു. ഒരു പറ്റം അനാഥര്‍ അദ്ദേഹത്തോടൊപ്പം എപ്പോഴുമുണ്ടായിരുന്നു. എല്ലാവരും ഭിക്ഷ യാചിച്ചു തന്നെയാണു ജീവിച്ചിരുന്നത്. ബെനഡിക്ട് ഒരു വിശുദ്ധനാണെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. ഒട്ടേറെ അദ്ഭുതങ്ങളും ഈ കാലയളവില്‍ ബെനഡിക്ട് വഴി ദൈവം പ്രവര്‍ത്തിച്ചു. ഒരിക്കല്‍ ബെനഡിക്ടിന്റെ ഒപ്പമുണ്ടായിരുന്നവര്‍ കഴിക്കാന്‍ ഒന്നും കിട്ടാതെ വിശന്നിരിക്കുകയായിരുന്നു. ഭക്ഷണത്തിനുള്ള വക ആര്‍ക്കും കിട്ടിയില്ല.
ബെനഡിക്ടിന്റെ കൈയില്‍ മാത്രം ഒരു റൊട്ടികക്ഷണമുണ്ടായിരുന്നു. അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ തൃപ്തിപ്പെടുത്തിയ ഈശോയോട് ബെനഡിക്ട് കണ്ണടച്ചു പ്രാര്‍ഥിച്ചു. അവര്‍ക്കെല്ലാം ആവശ്യത്തിനു വേണ്ട അപ്പം അങ്ങനെ ലഭിച്ചു. ഇത്തരം ഒട്ടെറെ അദ്ഭുതങ്ങള്‍ ബെനഡിക്ട് പ്രവര്‍ത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന 136 രോഗികളെ ബെനഡിക്ട് അദ്ഭുതകരമായി സുഖപ്പെടുത്തിയതായി അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ വായിക്കാം. 1783 ഏപ്രില്‍ 17 ന് ബെനഡിക്ട് മരിച്ചു. റോമിലെ ഒരു ദേവാലയത്തില്‍ രണ്ടു മണിക്കൂര്‍ നേരം അദ്ദേഹം പ്രാര്‍ഥിച്ചു. പിന്നീട് അവിടെ തന്നെ കുഴഞ്ഞുവീണു മരിച്ചു. 1883 ല്‍ പോപ് ലിയോ പതിമൂന്നാമന്‍ ബെനഡിക്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഭിക്ഷക്കാരു ടെയും അനാഥരുടെയും മാനസിക രോഗികളുടെയും മധ്യസ്ഥനായി ബെനഡിക്ട് അറിയപ്പെടുന്നു.
Comments
Post a Comment