പാരീസിലെ വി. മേരിയുടെ ജനനം പരിശുദ്ധ കന്യാമറിയത്തിന്റെ അനുഗ്രഹത്താലായിരുന്നു. ഫ്രഞ്ച് സര്‍ക്കാരില്‍ വളരെ ഉന്നതമായ ഒരു പദവി വഹിച്ചിരുന്ന നിക്കോളോസ് ഓവ്‌റിലോട്ട് എന്ന മനുഷ്യന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനയ്ക്കുള്ള പ്രതിഫലമായിരുന്നു മേരി. അവര്‍ക്കു ജനിക്കുന്ന കുട്ടികളെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു പോകുകയായിരുന്നു പതിവ്. നിരവധി ചികിത്സകള്‍ നടത്തിനോക്കിയെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. തങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ നല്‍കിയാല്‍ പരിപൂര്‍ണമായ ദൈവവിശ്വാസത്തില്‍ വളര്‍ത്തി അവളെ കന്യാസ്ത്രീയാക്കിക്കൊള്ളാം എന്നവര്‍ നേര്‍ച്ച നേര്‍ന്നു. ഒടുവില്‍, കന്യാമറിയം അവരുടെ പ്രാര്‍ഥന ദൈവസന്നിധിയിലെത്തിച്ചു.
ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ബാര്‍ബെറ എന്ന് അവര്‍ അവള്‍ക്കു പേരിട്ടു. ചെറുപ്രായം മുതല്‍ തന്നെ വിശുദ്ധമായൊരു ജീവിതമാണ് ബാര്‍ബെറ നയിച്ചത്. എപ്പോഴും പ്രാര്‍ഥനയിലും ഉപവാസത്തിലും കഴിയാന്‍ ആ ബാലിക ശ്രമിച്ചു. ബാര്‍ബെറയ്ക്കു പതിനാലു വയസ് പ്രായമായപ്പോള്‍ പാരീസിലെ അനാഥ രെയും രോഗികളെയും ശുശ്രൂഷിച്ച് ജീവിക്കാക്കാനും ഒരു കന്യാസ്ത്രീയായി മാറാനും താന്‍ ആഗ്രഹിക്കുന്നതായി അവള്‍ തന്റെ മാതാപിതാക്കളോടു പറഞ്ഞു. എന്നാല്‍, അവര്‍ അതിനു സമ്മതിച്ചില്ല. പരിശുദ്ധ കന്യാമറിയത്തോടുള്ള വാഗ്ദാനം അവര്‍ മറന്നു. തന്റെ അമ്മ വഴിയാണ് ദൈവം തന്നോട് സംസാരിക്കുന്നതെന്ന് അവള്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ അമ്മ നിര്‍ബന്ധിച്ചപ്പോള്‍, ദൈവത്തിന്റെ ആഗ്രഹം അതാവും എന്നു കരുതി അവള്‍ വിവാഹത്തിനു സമ്മതിച്ചു. അവളുടെ സ്വഭാവത്തിനിണങ്ങിയ ഒരു വരനെ തന്നെയാണ് ബാര്‍ബെറയ്ക്കു ലഭിച്ചത്. പീയറി അകാറി എന്നായിരുന്നു മനുഷ്യസ്‌നേഹിയും ഈശ്വരവിശ്വാസിയുമായ ആ സര്‍ക്കാര്‍ ഉദ്യോഗ സ്ഥന്റെ പേര്. അവര്‍ക്കു ആറു മക്കള്‍ ജനിച്ചു. മക്കളെയെല്ലാം ഈശ്വരചൈതന്യത്തില്‍ വളര്‍ത്തിക്കൊണ്ടുവരുവാന്‍ ഇരുവരും ശ്രദ്ധിച്ചു. ഇവരുടെ മൂന്നു പെണ്‍മക്കള്‍ പിന്നീട് കന്യാസ്ത്രീകളായി.
ഒരാള്‍ പുരോഹിതനുമായി. ഹെന്റി നാലാമന്‍ രാജാവായ സമയത്ത് പീയറി യെ ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ തടവിലാക്കി. പീയറിയുടെ സ്വത്തുകള്‍ കണ്ടുകെട്ടി. ഈ സമയത്ത് ഒട്ടേറെ മാനസികവും ശാരീരികവുമായി പീഡനങ്ങള്‍ ബാര്‍ബെറ അനുഭവിക്കേണ്ടി വന്നു. എന്നാല്‍, എല്ലാ വേദനകളിലും അവള്‍ക്കു തുണയായി ഈശോയുണ്ടായിരുന്നു. ബാര്‍ബെറയുടെ 47-ാം വയസില്‍ പീയറി മരിച്ചു. ശിഷ്ടജീവിതം ഒരു സന്യാസിനിയായി ജീവിക്കാന്‍ അവള്‍ ആഗ്രഹിച്ചു. മേരി എന്ന പേരു സ്വീകരിച്ച് കര്‍മലീത്ത സഭയിലാണ് അവള്‍ ചേര്‍ന്നത്. ''ഞാന്‍ ദൈവത്തിന്റെ കാരുണ്യത്തിനായി കേഴുന്ന ഒരു സാധു സ്ത്രീയാണ്. എന്റെ ഇനിയുള്ള ജീവിതം ഈശോയ്ക്കു വേണ്ടി മാറ്റിവയ്ക്കാന്‍ എന്നെ അനുവദിക്കണം'' ഇതായിരുന്നു മേരിയുടെ പ്രാര്‍ഥന. മേരി വഴി ഒട്ടേറെ അദ്ഭുതങ്ങള്‍ ദൈവം പ്രവര്‍ത്തിച്ചു. കന്യാമ റിയത്തിന്റെ ദര്‍ശനം അവള്‍ക്കുണ്ടായി. ഒട്ടേറെപേരെ രോഗങ്ങളില്‍ നിന്നു സുഖപ്പെടുത്താനും മേരിക്കു കഴിഞ്ഞു. മേരിക്ക് 52 വയസുള്ളപ്പോള്‍ വിശുദ്ധവാരത്തിലെ ബുധനാഴ്ച അവള്‍ മരിച്ചു.
Comments
Post a Comment