ഏപ്രില്‍ 24 : വി. മേരി എവുപ്രാസിയ (1796-1868)

 ഫ്രഞ്ച് വിപ്ലവം ശക്തമായിരുന്ന സമയത്താണ് ഫ്രാന്‍സിലെ നോര്‍മോഷ്യര്‍ എന്ന ദ്വീപില്‍ ക്രൈസ്തവ വിശ്വാസമുള്ള കുടുംബത്തില്‍ റോസ് വിര്‍ജിനിയ എന്ന മേരി എവുപ്രാസിയ ജനിക്കുന്നത്. മതപീഡനങ്ങള്‍ വ്യാപകമായിരുന്ന സമയമായിരുന്നതിനാല്‍ റോസിന്റെ വിശ്വാസജീവിതം രൂപപ്പെട്ടത് വീട്ടില്‍ തന്നെയായിരുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി രാപകലില്ലാതെ പണിയെടുക്കുന്നതിനിടയിലും റോസിന്റെ അമ്മ മകളെ ഈശോയുടെ ജീവിതം മുഴുവന്‍ പഠിപ്പിച്ചു. ബൈബിളിലെ ഒരോ സംഭവങ്ങളും അമ്മയുടെ കാല്‍ക്കീഴിലിരുന്ന് അവള്‍ മനഃപാഠമാക്കി.



തന്റെ പതിനെട്ടാം വയസില്‍ കന്യാസ്ത്രി മഠത്തില്‍ ചേരുമ്പോള്‍ മേരി എവുപ്രാസിയ എന്ന പേരു റോസ് സ്വീകരിച്ചു. വിശുദ്ധമായ ഒരു ജീവിതം നയിക്കണമെന്നതു മേരിയുടെ സ്വപ്നമായിരുന്നു. എല്ലാവരെയും അനുസരിച്ചു ജീവിച്ച് വിശുദ്ധനായ ഒരു മനുഷ്യന്റെ കഥ ഒരിക്കല്‍ മേരി കേട്ടു. അന്നുമുതല്‍ 'അനുസരണം' എന്നത് തന്റെ ജീവിതമന്ത്രമാക്കി മേരി മാറ്റി. തന്റെ മേലധികാരികളോട് ചോദിച്ച് അനുവാദം വാങ്ങിയ ശേഷം എല്ലാവരെയും അനുസരിച്ചു ജീവിക്കുമെന്നുള്ള നേര്‍ച്ച മേരി പരസ്യമായി പ്രഖ്യാപിച്ചു. തന്റെയൊപ്പം ജീവിക്കുന്ന സന്യാസിനികളിലേറെയും പൂര്‍ണമായ വിധേയത്തോടെ പ്രാര്‍ഥനയും ഉപവാസവും മാത്രമായി കഴിയാനാണ് ആഗ്രഹിക്കുന്നതെന്നു മനസിലാക്കിയ മേരി 1825 ല്‍ പുതിയൊരു സന്യാസ സമൂഹത്തിനു തുടക്കം കുറിച്ചു. വളരെ പെട്ടെന്നു തന്നെ ആ സമൂഹം ശ്രദ്ധിക്കപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പരിശീലനം നല്‍കിയ സന്യാസിനികളെ മേരി അയച്ചു. അവര്‍ അവിടെയെല്ലാം സന്യാസിനിമഠങ്ങള്‍ തുടങ്ങി. ഇന്ത്യയടക്കം ഇരുപതിലേറെ രാജ്യങ്ങളില്‍ കന്യാസ്ത്രീ മഠങ്ങള്‍ സ്ഥാപിക്കപ്പെട്ടു. 1868 ല്‍ മേരി മരിക്കുമ്പോള്‍ അഞ്ചു ഭൂഖണ്ഡങ്ങളിലായി നൂറിലേറെ കന്യാസ്ത്രീമഠങ്ങളും രണ്ടായിരത്തോളം കന്യാസ്ത്രീകളും ആ സന്യാസസമൂഹത്തിന്റെ കീഴില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. 1940 മേയ് രണ്ടിനു പോപ്പ് പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നിന്നുകൊണ്ട് വി. മേരി എവുപ്രാസിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ലോകം മുഴുവനും വ്യാപിച്ചുകിടക്കുന്ന വി. മേരിയുടെ ആരാധനാസമൂഹത്തിന് ഇന്ന് വിവിധ രാജ്യങ്ങളിലായി മുന്നൂറിലേറെ മഠങ്ങളുണ്ട്. ദൂരയാത്ര ചെയ്യുന്നവരുടെ മധ്യസ്ഥയായാണ് വി. മേരി എവുപ്രാസിയ അറിയപ്പെടുന്നത്.

Comments