പരിശുദ്ധ കന്യാമറിയത്തെ ഏറെ സ്‌നേഹിച്ച വിശുദ്ധനാണ് വി. ലൂയിസ്. ഫ്രാന്‍സിലെ സെയ്ന്റ് മലോയിലുള്ള വളരെ ദരിദ്രമായ ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. എട്ടു മക്കളില്‍ മൂത്തവനായിരുന്നു ലൂയിസ്. പാരീസില്‍ ജസ്യൂട്ട് സഭയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ ചെറുപ്പം മുതല്‍ ഈശ്വര ചൈതന്യത്തിലാണ് ലൂയിസ് വളര്‍ന്നു വന്നത്. പത്തൊന്‍പതാം വയസില്‍ സെമിനാരിയില്‍ ചേര്‍ന്നു. ഇരുപത്തിയേഴാം വയസില്‍ ലൂയിസ് പുരോഹിതപട്ടം സ്വീകരിച്ചു. പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാര്‍ഥനയും വിശ്വാസവുമായിരുന്നു ലൂയിസിന്റെ കൈമുതല്‍. എപ്പോഴും ജപമാല ചെല്ലുകയും മറ്റുള്ളവരെ ജപമാല ചൊല്ലാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തിയെ സംബന്ധിച്ചു തര്‍ക്കമുണ്ടായിരുന്ന സമയമായിരുന്നു അത്. മറിയത്തോട് പ്രാര്‍ഥിക്കുന്നത് ദൈവത്തിന് ഇഷ്ടമില്ലെന്നുള്ള ചിലരുടെ പ്രചാരണങ്ങള്‍ക്കെതിരെ ലൂയിസ് ശബ്ദമുയര്‍ത്തി. മറിയത്തോടുള്ള പ്രാര്‍ഥനകളെ പ്രോത്സാഹിപ്പിക്കുവാന്‍ ലൂയിസ് ശ്രമിച്ചു. പരിശുദ്ധ മറിയത്തിന്റെ ജപമാല ചൊല്ലുന്നതിന് ഒരു രൂപമുണ്ടാക്കിയത് ലൂയിസായിരുന്നു. എല്ലാം പരിപൂര്‍ണമായി മറിയത്തിനു സമര്‍പ്പിച്ചു പ്രാര്‍ഥിക്കണമെന്നായിരുന്നു ലൂയിസ് പഠിപ്പിച്ചിരുന്നത്. തന്റെ ജീവിതത്തിലൂടെ അദ്ദേഹം അതു തെളിയിക്കുകയും ചെയ്തു. ലൂയിസിന്റെ ജീവിതം മരിയഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. 'മറിയത്തോടുള്ള യഥാര്‍ഥ ഭക്തി', 'പരിശുദ്ധ ജപമാലയുടെ രഹസ്യം' എന്നീ പുസ്തകങ്ങള്‍ ലൂയിസ് എഴുതി. ഈ പുസ്തകങ്ങള്‍ വായിച്ചു ധ്യാനിച്ചവര്‍ക്ക് ഒട്ടേറെ അദ്ഭുതങ്ങളുണ്ടായി. 1716ലാണ് വി. ലൂയിസ് മരിച്ചത്. 1947 ല്‍ പോപ് പയസ് പന്ത്രെണ്ടമാന്‍ ലൂയിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ വി. ലൂയിസിന്റെ ജീവിതമാതൃകയാണ് ജീവിതത്തില്‍ പകര്‍ത്താന്‍ ആഗ്രഹിച്ചിരുന്നത്. കന്യാമറിയത്തോടുള്ള ഭക്തി ജോണ്‍ പോള്‍ മാര്‍പാപ്പയുടെയും പ്രത്യേകതയായിരുന്നു.
Comments
Post a Comment