ഏപ്രില്‍ 29 : സിയനയിലെ വി. കാതറീന്‍ (1347-1380)

പതിനാലാം നൂറ്റാണ്ടില്‍ കുരിശുയുദ്ധത്തിന്റെ കാലത്ത് ജീവിച്ചിരുന്ന വിശുദ്ധയാണ് കാതറീന്‍. ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ ഏറ്റവും മാനംകെട്ട സമയമായിരുന്നു അത്. തന്റെ ജീവിതത്തിലൂടെയും പ്രവര്‍ത്തികളിലൂടെയും സഭയെ നേര്‍വഴിക്കു നയിക്കുവാന്‍ കഴിഞ്ഞുവെന്നതാണ് കാതറീന്റെ ഏറ്റവും വലിയ പുണ്യം. വി. കാതറീന്റെ ജീവിതം സംഭവബഹുലമായിരുന്നു. 23 മക്കളുള്ള ഒരു കുടംബത്തിലെ ഇരുപത്തിമൂന്നാമത്തെ കുട്ടിയായിരുന്നു കാതറീന്‍. ആറു വയസുപ്രായമുള്ളപ്പോള്‍ അവള്‍ക്ക് ഈശോയുടെ ദര്‍ശനമുണ്ടായി. അന്നു മുതല്‍ തന്റെ മണവാളന്‍ ക്രിസ്തുവാണെന്ന് അവള്‍ പ്രഖ്യാപിച്ചു.



വീട്ടിനുള്ളില്‍ ഒരു മുറിയില്‍ ഇരുന്നു പ്രാര്‍ഥിക്കുകയായിരുന്നു അവള്‍ എപ്പോഴും ചെയ്തിരുന്നത്. എന്നാല്‍, വിവാഹപ്രായമെത്തിയപ്പോള്‍ വീട്ടുകാര്‍ അവളെ വിവാഹത്തിനു നിര്‍ബന്ധിച്ചു. പക്ഷേ, അവള്‍ സമ്മതിച്ചില്ല. വിവാഹാലോചനയുമായി വീട്ടുകാര്‍ മുന്നോട്ടുപോയപ്പോള്‍ അവള്‍ തന്റെ സുന്ദരമായി മുടി വെട്ടിക്കളഞ്ഞു. വിലപിടിപ്പുള്ള വസ്ത്രങ്ങളോ ആഭരണങ്ങളോ അണിയുന്നതിനു കാതറീനു താത്പര്യമില്ലായിരുന്നു. അത് ഒരു പാപമാണെന്നാണ് അവള്‍ വിശ്വസിച്ചിരുന്നത്. കന്യാസ്ത്രീ മഠത്തില്‍ ചേരാന്‍ വീട്ടുകാര്‍ സമ്മതിക്കാതിരുന്നപ്പോള്‍ അവള്‍ വീട്ടില്‍ തന്നെ കന്യാസ്ത്രീയെ പോലെ ജീവിച്ചു. മുന്നു വര്‍ഷക്കാലം അവള്‍ മറ്റൊരോടും സംസാരിച്ചില്ല. കുമ്പസാരക്കൂട്ടില്‍ മാത്രമാണ് അവളുടെ ശബ്ദം പുറത്തുവന്നിരുന്നത്.
അക്കാലത്ത് ആ പ്രദേശത്താകെ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചു. നിരവധി പേര്‍ മരിച്ചു. എല്ലാവരും രോഗത്തെ പേടിച്ചപ്പോള്‍ കാതറീന്‍ മാത്രം രോഗികളെ ശുശ്രൂഷിക്കാന്‍ മുന്നോട്ടുവന്നു. അവളുടെ പ്രാര്‍ഥനയിലൂടെ നിരവധി പേര്‍ക്കു രോഗസൗഖ്യം ലഭിച്ചു. കാതറീന്റെ ശ്രമഫലമായി നിരവധി പേര്‍ മാനസാന്തരപ്പെട്ടു ക്രിസ്തുവിന്റെ അനുയായികളായി. പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സഭയ്ക്കുള്ളില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. യോഹന്നാന്‍ ഇരുപത്തിരണ്ടാം മാര്‍പാപ്പ അധികാരമേറ്റപ്പോള്‍ റോമില്‍ നിന്ന് സഭയുടെ ആസ്ഥാനം അവിഞ്ഞോണിലേക്കു മാറ്റുക പോലും ചെയ്തു. പിന്നീട് കുറെക്കാലത്തോളം അവിടെയായിരുന്നു സഭയുടെ ആസ്ഥാനം. പതിനൊന്നാം ഗ്രിഗറി പാപ്പ റോമിലേക്ക് സഭയുടെ ആസ്ഥാനം മാറ്റുമെന്ന് ദൈവത്തോട് നേര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, അത് പൂര്‍ത്തിയാക്കുവാന്‍ പാപ്പായ്ക്കു കഴിഞ്ഞില്ല. ഒരിക്കല്‍ പാപ്പ കാതറീനോട് അവളുടെ അഭിപ്രായം ചോദിച്ചു. 'ദൈവത്തോടുള്ള വാഗ്ദാനം നിറവേറ്റുക' എന്നായിരുന്നു അവളുടെ മറുപടി. താന്‍ ദൈവത്തോട് സ്വകാര്യമായി നേര്‍ച്ച ചെയ്തിരുന്ന കാര്യം കാതറീന്‍ അറിഞ്ഞത് മാര്‍പാപ്പയെ അദ്ഭുതപ്പെടുത്തി.
കാതറീന്റെ നിരന്തരസമ്മര്‍ദത്തിന്റെ ഫലമായി പാപ്പ റോമിലേക്കു തിരിച്ചു പോയെങ്കിലും ഗ്രിഗറി പാപ്പയുടെ മരണത്തോടെ സഭയില്‍ വീണ്ടും പ്രശ്‌നങ്ങളായി. കര്‍ദിനാളുമാര്‍ ചേര്‍ന്ന് ഉബന്‍ ആറാമനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. എന്നാല്‍, ഉര്‍ബന്‍ മാര്‍പ്പാപ്പ തങ്ങളുടെ ഇഷ്ടത്തിനു നീങ്ങുന്നില്ല എന്നു കണ്ടപ്പോള്‍ ഈ കര്‍ദിനാള്‍മാര്‍ തന്നെ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി ക്ലെമന്റ് ആറാമനെ മാര്‍പാപ്പയാക്കി തിരഞ്ഞെടുത്തു. ക്ലെമന്റിന്റെ ആസ്ഥാനം അവിഞ്ഞോണിലായിരുന്നു. സഭയുടെ ഏറ്റവും പ്രതിസന്ധിഘട്ടമായിരുന്നു അത്. ഒരേ സമയം മുന്നു മാര്‍പാപ്പമാര്‍ വരെ ഈ സമയത്ത് സഭയില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഈ പ്രതിസന്ധി 36 വര്‍ഷം നീണ്ടുനിന്നു. സഭയിലെ യോജിപ്പിനു വേണ്ടിയാണ് കാതറീന്‍ പരിശ്രമിച്ചത്. 33-ാം വയസില്‍ പെട്ടെന്നു കാതറീന്‍ മരിച്ചു. രോഗകാരണമെന്താണെന്നു പോലും തിരിച്ചറിയാനായില്ല. വളരെ ചെറിയ പ്രായമേ ജീവിച്ചുള്ളുവെങ്കിലും കാതറീന്‍ സഭയ്ക്കുവേണ്ടി ചെയ്ത ത്യാഗങ്ങള്‍ ഏറെയായിരുന്നു. 1461 ല്‍ പോപ്പ് പയസ് രണ്ടാമന്‍ കാതറീനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Comments