ഏപ്രില്‍ 5 : വി. വിന്‍സെന്റ ഫെറെര്‍ (1350-1419)

പതിനായിരക്കണക്കിന് അന്യമതസ്ഥരെ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റിയ പുണ്യവാളനാണ് വി. വിന്‍സെന്റ്. സ്‌പെയിനിലെ വലെന്‍സിയ എന്ന സ്ഥലത്ത് വിശുദ്ധമായ ജീവിതം നയിച്ചിരുന്ന മാതാപിതാക്കളുടെ മകനായി പിറന്ന വിന്‍സെന്റ് തന്റെ പതിനെട്ടാം വയസില്‍ മാതാപിതാക്കളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. തത്വശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും പണ്ഡിതനായിരുന്നു അദ്ദേഹം. വിന്‍സെന്റിന്റെ മതപ്രഭാഷണങ്ങള്‍ വളരെ പ്രശസ്തമായിരുന്നു.




തന്റെ പ്രസംഗം കേള്‍ക്കുന്നവരെയെല്ലാം യേശുവിലേക്ക് അടുപ്പിക്കാന്‍ ഈ വിശുദ്ധനു കഴിഞ്ഞു. വിന്‍സെന്റിന്റെ പ്രസംഗം കേള്‍ക്കുന്നവര്‍ തങ്ങള്‍ ചെയ്തുപോയ തെറ്റുകളെ ഓര്‍ത്തു പൊട്ടിക്കരയുമായിരുന്നു. 'വിധിയുടെ മാലാഖ' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്‌കോട്ട്‌ലന്‍ഡ്, ഹോളണ്ട്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം അദ്ദേഹം പ്രേഷിത പ്രവര്‍ത്തനം നടത്തി. വിന്‍സെന്റിന്റെ പ്രസംഗം നടക്കുന്ന സ്ഥലങ്ങളിലെല്ലാം ഒട്ടേറെ അദ്ഭുതങ്ങളും നടക്കുമായിരുന്നു. അറുപതാം വയസില്‍ അദ്ദേഹം തന്റെ ജന്മനാട്ടിലേക്ക് തിരിച്ചുപോയി. അവിടെ രോഗാവസ്ഥയിലും അദ്ദേഹം നിരവധി രോഗികളെ സുഖപ്പെടുത്തി.
രോഗം മൂര്‍ച്ഛിച്ച് പത്തു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്റെ സഹായികളിലൊരാളെ അടുത്തു വിളിച്ച് കര്‍ത്താവിന്റെ പീഡാനുഭവം വായിച്ചു കേള്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അതു കേട്ട് കിടന്നു കൊണ്ട് അദ്ദേഹം മരിച്ചു. തൊഴിലാളികളുടെ മധ്യസ്ഥനായാണ് വി. വിന്‍സെന്റ് അറിയപ്പെടുന്നത്.

Comments