ഏപ്രില്‍ 7 : വി. ജൂലിയാന (1193-1258)

 ബെല്‍ജിയത്തിലെ ലീജിയില്‍ ജനിച്ച ജൂലിയാനയ്ക്കു അഞ്ച് വയസുള്ളപ്പോള്‍ അച്ഛനെയും അമ്മയെയും നഷ്ടമായി. അടുത്തുള്ള ഒരു കോണ്‍വന്റിലാണ് ജൂലിയാനയും സഹോദരി ആഗ്നസും പിന്നീട് ജീവിച്ചത്. കോണ്‍വന്റിലെ ജീവിതം യേശുവുമായി അവളെ കൂടുതല്‍ അടുപ്പിച്ചു. കന്യകാമറിയത്തോടുള്ള സ്‌നേഹമായിരുന്നു അവളുടെ ജീവിതത്തിന്റെ അടിസ്ഥാനം. യേശുവിന്റെ തിരുവത്താഴ രഹസ്യങ്ങളെ ധ്യാനിക്കുവാനും അവള്‍ ഏറെ ഇഷ്ടപ്പെട്ടു. എപ്പോഴും പ്രാര്‍ഥനയിലും ഉപവാസത്തിലുമാണവള്‍ ജീവിച്ചത്. സ്വന്തം ശരീരവും രക്തവും മറ്റുള്ളവര്‍ക്കു വേണ്ടി ഭാഗിച്ചു നല്‍കിയ യേശുവിനെ പോലെ ജീവിക്കാന്‍ അവള്‍ ആഗ്രഹിച്ചു.




കന്യാസ്ത്രീ മഠത്തിനോടു ചേര്‍ന്നുള്ള ആശുപത്രിയില്‍ രോഗികളെ ശുശ്രൂക്ഷിച്ചാണ് കൂടുതല്‍ സമയവും ജൂലിയാന ചെലവിട്ടത്. പതിമൂന്നാം വയസില്‍ ജൂലിയാന സന്യാസിനിയായി മാറി. ജൂലിയാനയ്ക്ക് 16 വയസുള്ളപ്പോള്‍ അസാധാരണമായ ഒരു സ്വപ്നം അവള്‍ കണ്ടു. തൂങ്ങിയാടു ന്ന ഒരു ചന്ദ്രനെയാണ് അവള്‍ സ്വപ്നത്തില്‍ കണ്ടത്. ഒരു വലിയ കറുത്ത പാട് ചന്ദ്രനില്‍ കാണാമായിരുന്നു. വെറുമൊരു സ്വപ്നം മാത്രമായി കരുതി അവള്‍ അതു തള്ളിക്കളഞ്ഞെങ്കിലും ഇതേ സ്വപ്നം പിന്നീട് ആവര്‍ത്തിച്ച് കാണുക പതിവായി. ഈ സ്വപ്നത്തിന്റെ അര്‍ഥം മനസിലാക്കാനായി ജൂലിയാന പലരോടും ചോദിച്ചു. എന്നാല്‍ ആര്‍ക്കും അതിനെ പറ്റി വിശദീകരിക്കാനായില്ല. ഒടുവില്‍ ഒരു രാത്രിയില്‍ യേശുക്രിസ്തു തന്നെ സ്വപ്നത്തില്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടു. തന്റെ പീഡാനുഭവത്തിന്റെ സ്മരണയ്ക്കായി ഒരു ദിവസം ആചരിക്കണമെന്നായി രുന്നു ഈശോ അവളോട് പറഞ്ഞത്. ചന്ദ്രന്‍ തിരുസഭയുടെ പ്രതീകമാണെന്നും ചന്ദ്രനിലെ കറുത്ത് പാട് യേശുവിന്റെ തിരുശരീരത്തിന്റെ ആചരണം ഇല്ലാത്തതിനാലാണെന്നും ഈശോ പറഞ്ഞു.
പെസഹാവ്യാഴാഴ്ചകളില്‍ മാത്രമായിരുന്നു തിരുവത്താഴ രഹസ്യം അതുവരെ ആചരിച്ചിരുന്നത്. യേശു സ്വപ്നത്തില്‍ അവളോടു സംസാരിച്ചുവെങ്കിലും താന്‍ കണ്ടത് വെറുമൊരു രാത്രിസ്വപ്നം മാത്രമാണെന്നു കരുതി അവള്‍ അത് ആരോടും പറഞ്ഞില്ല. യേശുവിന്റെ ആഗ്രഹപ്രകാരം തിരുശരീരത്തിന്റെ പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ട നടപടികളുമെടുത്തില്ല. അങ്ങനെ നാളുകള്‍ കടന്നു പോയി. 1230ല്‍ ജൂലിയാന തന്റെ സന്യാസമഠത്തിന്റെ അധികാരിയായി. അന്ന് രാത്രി ജൂലിയാന വീണ്ടും ചന്ദ്രന്റെ സ്വപ്നം കണ്ടു. പിറ്റേന്ന് തന്റെ സ്വപ്നത്തെ പറ്റിയും യേശുവിന്റെ ദര്‍ശനത്തെ പറ്റിയും അവള്‍ മതപണ്ഡിതരോടു സംസാരിച്ചു.
എല്ലാവരും ക്രിസ്തുവിന്റെ തിരുശരീരത്തിന്റെ പെരുന്നാള്‍ ആചരിക്കുന്നതിനോട് യോജിച്ചു. എന്നാല്‍ ജുലിയാന്റെ നിര്‍ദേശത്തോട് മഠത്തിന്റെ തലവനായ റോജര്‍ എന്ന പുരോഹിതന്‍ യോജിച്ചില്ല. വെറുമൊരു ദിവാസ്വപ്നക്കാരിയാണ് ജൂലിയാന എന്നു കളിയാക്കിയ ഈ പുരോഹിതന്‍ തിരുശരീരത്തിന്റെ ഓര്‍മയാചരിക്കുന്നത് ശരിയല്ല എന്നു പറഞ്ഞു പരത്തുവാനും ശ്രമിച്ചു. തനിക്കെതിരെ വിശ്വാസികളെ ഇളക്കി വിടുവാനുള്ള തീരുമാനം മനസിലാക്കിയ ജൂലിയാന ഇതില്‍ മനംനൊന്ത് മറ്റൊരു ദേശത്തേക്ക് പോയി. പിന്നീട് ലീജിയിലെ ബിഷപ്പിന്റെ സഹായ ത്തോടെ അവര്‍ വീണ്ടും തിരികെയെത്തുകയും തന്റെ പഴയശ്രമങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. ഒട്ടെറെ ശ്രമങ്ങള്‍ക്കു ശേഷം ലോകം മുഴുവന്‍ തിരുവത്താഴത്തിന്റെ രഹസ്യം ആചരിക്കാന്‍ തീരുമാനമായി. 1258 ജൂലിയാന മരിച്ചു.

Comments