''എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാനവനിലും ജീവിക്കും. അവസാന ദിവസം ഞാന്‍ അവനെ ഉയര്‍പ്പിക്കും.'' (യോഹന്നാന്‍ 6: 56.57) ഇറ്റലിയിലെ വാഴ്ത്തപ്പെട്ട മേരിയുടെ ജീവിതം യേശുവിന്റെ ഈ തിരുവചനങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കും. ഒരു ദരിദ്ര കുടുബത്തിലെ അഞ്ചു മക്കളില്‍ മൂത്തവളായി 1878 ലാണ് മേരി ജനിച്ചത്. വളരെ ശാന്തസ്വഭാവക്കാരിയായിരുന്നു മേരി. ഒരിക്കലും ആരോടും കോപിച്ചിരുന്നില്ല. കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ പോലും അനുസരണക്കേട് കാട്ടിയിട്ടില്ല. അധികമൊന്നും വിദ്യാഭ്യാസം സിദ്ധിക്കാന്‍ ഭാഗ്യം ലഭിച്ചില്ലെങ്കിലും എപ്പോഴും ദേവാലയത്തില്‍ പോയി പ്രാര്‍ഥിക്കുവാന്‍ അവള്‍ ഇഷ്ടപ്പെട്ടു.
പതിനഞ്ചു വയസായപ്പോഴേയ്ക്കും പ്രായത്തില്‍ ഏറെ മുതിര്‍ന്നവരെ പോലെ പെരുമാറുകയും കഠിനമായി അധ്വാനിക്കുകയും ചെയ്ത മേരി ആഴ്ചയില്‍ മൂന്നു ദിവസം പൂര്‍ണമായി ഉപവസിക്കുമായിരുന്നു. ത്യാഗജീവിതം നയിക്കുന്നതിനു വേണ്ടി കല്ലിന്റെ പുറത്ത് കിടന്നാണ് അവള്‍ ഉറങ്ങിയിരുന്നത്. ദൈവവിളി ഉണ്ടായെങ്കിലും വീട്ടിലെ ദാരിദ്ര്യം നിറഞ്ഞ അവസ്ഥയില്‍ ഒരു സന്യാസിനിയാകാന്‍ അവള്‍ക്കു സാധിക്കുമായിരുന്നില്ല. എങ്കിലും ഇരുപതാം വയസില്‍ ഫ്രാന്‍സീഷ്യന്‍ സഭയില്‍ ചേരുവാന്‍ മേരിക്കു സാധിച്ചു. എപ്പോഴും ചിരിച്ച് പ്രസന്നവദനയായി കാണപ്പെട്ട മേരി ആശ്രമത്തിലെ ഏതു ജോലിയും ചെയ്യുവാന്‍ പൂര്‍ണമനസോടെ തയാറായി. എഴുതുവാനും വായിക്കുവാനുമുള്ള അറിവു കുറവായിരുന്നതിനാല്‍ മൃഗങ്ങളെ പരിപാലിക്കുകയും മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കുകയുമാണ് മേരി ചെയ്തത്.
മഠത്തില്‍ ചേര്‍ന്ന് പത്തുവര്‍ഷങ്ങള്‍ തികയുന്നതിനു മുന്‍പ് ഒരു ദിവസം മദര്‍ സുപ്പീരിയറിനെ സന്ദര്‍ശിച്ച് കുഷ്ഠരോഗികളെ ശുശ്രൂക്ഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി മേരി പറഞ്ഞു. അവളുടെ ആഗ്രഹപ്രകാരം അടുത്ത വര്‍ഷം മേരിയെ ചൈനയിലേക്ക് വിട്ടു. ചൈനയിലെ ടോങ് ഉല്‍ ക്യു എന്ന സ്ഥലത്തുള്ള ഒരു അനാഥാലയത്തില്‍ പാചകക്കാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു മേരി പിന്നീട്. അങ്ങനെയിരിക്കെ ഒരിക്കല്‍ അവിടെ ടൈഫോയ്ഡ് പടര്‍ന്നു പിടിച്ചു. മേരിയോടൊപ്പമുണ്ടായിരുന്ന ആറു സന്യാസിനികളില്‍ മൂന്നു പേരെ ഗുരുതരമായി രോഗം ബാധിച്ചു. അവരില്‍ രണ്ടു പേര്‍ മരിച്ചു. മൂന്നാമത്തവളുടെ രോഗം മൂര്‍ച്ഛിച്ച് മരണത്തോട് അടുത്തപ്പോള്‍ രോഗം തനിക്കു തരണമെന്നും അവര്‍ക്കു വേണ്ടി മരണം താന്‍ ഏറ്റെടുത്തുകൊള്ളാമെന്നും മേരി പ്രാര്‍ഥിച്ചു. അവളുടെ പ്രാര്‍ഥന ദൈവം കേട്ടു. 1905 ല്‍ വി. മേരി മരിച്ചു. മേരി മരിച്ച ഉടനെ ആ മുറിയില്‍ സുഗന്ധം നിറഞ്ഞു. ആ സുഗന്ധം പിന്നീട് ആ പരിസരങ്ങളിലാകെ വ്യാപിച്ചു. മേരിയെ അവിടെ തന്നെ സംസ്‌കരിച്ചു. ആ വിശുദ്ധയുടെ മരണത്തെ തുടര്‍ന്ന് അദ്ഭുതങ്ങളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി.
Comments
Post a Comment