മെയ്‌ 12 : വി. പാന്‍ക്രസ് (290- 304)

പതിനാലാം വയസില്‍ മാതാപിതാക്കളെ നഷ്ടമായി അനാഥനായി തീര്‍ന്ന ബാലനായിരുന്നു പാന്‍ക്രസ്. മാതാപിതാക്കള്‍ മരിച്ചതോടെ അനാഥനായി തീര്‍ന്ന പാന്‍ക്രസിനെ അമ്മാവനായ ഡയോണിയൂസ് റോമിലേക്ക് കൊണ്ടു പോയി. അവിടെ വച്ച് ഇരുവരും ക്രിസ്തു മതവിശ്വാസികളായി മാറി. ക്രിസ്തുമതം സ്വീകരിക്കുക എന്നാല്‍ മരണം വരിക്കുക എന്നായിരുന്നു ആ കാലത്ത് അര്‍ഥം. ക്രിസ്ത്യാനികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ചക്രവര്‍ത്തിയായിരുന്ന ഡിയോക്ലീഷ്യന്‍ ഉത്തരവിട്ടിരുന്ന സമയം. ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ ഇരുവരും തടവിലാക്കപ്പെട്ടു.



എന്നാല്‍, യേശുവിനെ തള്ളിപ്പറയുന്നതിലും ഭേദം മരണം വരിക്കുന്നതാണെന്നു പതിനാലു വയസുമാത്രം പ്രായമുള്ള പാന്‍ക്രസ് ഉറക്കെ വിളിച്ചുപറഞ്ഞു. ക്ഷുഭിതനായ സൈന്യാധിപന്‍ പാന്‍ക്രസിനെ തലയറുത്തു കൊന്നു. പാന്‍ക്രസിനൊപ്പം മൂന്നു പേര്‍ കൂടി മരണം വരിച്ചു. വി. നെറേസ്, വി. അഷിലേസ്, വി. ഡൊമിറ്റില എന്നിവരായിരുന്നു അവര്‍. എല്ലാവര്‍ക്കു പിന്നീട് വിശുദ്ധ പദവി ലഭിച്ചു. ഇംഗ്ലണ്ടില്‍ കത്തോലിക്ക സഭ സ്ഥാപിക്കപ്പെട്ടപ്പോള്‍ പാന്‍ക്രസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ വിറ്റാലിയന്‍ മാര്‍പാപ്പ ഇംഗ്ലണ്ടിലേക്ക് അയച്ചു. പാന്‍ക്രസിന്റെ നാമത്തിലാണ് വി. അഗസ്റ്റിന്‍ ഇംഗ്ലണ്ടില്‍ ആദ്യത്തെ ദേവാലയം സ്ഥാപിച്ചത്. പാന്‍ക്രസിന്റെ ജീവിതത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കുമറിയില്ല. പതിനാലാം വയസില്‍ കൊല്ലപ്പെട്ടു എന്നതു മാത്രമാണ് അറിവുള്ള കാര്യം. എന്നാല്‍, ആ വിശുദ്ധന്റെ നാമത്തില്‍ പ്രാര്‍ഥിക്കുന്നവര്‍ക്ക് ഒട്ടേറെ അദ്ഭുതങ്ങള്‍ ലഭിച്ചു. കൗമാര പ്രായക്കാരുടെ മധ്യസ്ഥനാണ് വി. പാന്‍ക്രസ്.

Comments