മെയ്‌ 13 : വി. ജോണ്‍ എന്ന മൗനി ( 454-558)

അര്‍മീനിയായിലെ ഒരു കുലീന കുടുംബത്തിലാണ് ജോണ്‍ ജനിച്ചത്. ദൈവവിശ്വാസമുള്ള മാതാപിതാക്കള്‍ അവനെ യേശുവിനെക്കുറിച്ചു പഠിപ്പിച്ചു. ആത്മീയവിശുദ്ധിയില്‍ ജീവിക്കണമെന്നു വളരെ ചെറിയ പ്രായത്തില്‍ തന്നെ ജോണ്‍ പ്രതിജ്ഞയെടുത്തിരുന്നു. തന്റെ നാവ് പാപത്തിനു കാരണമാകുന്നുവെന്നു മനസിലാക്കിയ ജോണ്‍ വളരെ കുറച്ചുമാത്രമേ സംസാരിച്ചിരുന്നു. എപ്പോഴും ഒറ്റയ്ക്കിരുന്നു പ്രാര്‍ഥിക്കുകയും ഉപവസിക്കുകയും ചെയ്തു. മാതാപിതാക്കളുടെ മരണശേഷം നിക്കോപൊലീസില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തില്‍ ഒരു ആശ്രമത്തിന് ജോണ്‍ തുടക്കമിട്ടു.



ജോണിനെപോലെ തന്നെ തീവ്ര ദൈവവിശ്വാസികളായിരുന്ന പത്തുപേര്‍ കൂടി ആശ്രമത്തില്‍ ചേര്‍ന്നു. വര്‍ഷങ്ങളോളം പ്രാര്‍ഥനകളിലും ഉപവാസങ്ങളിലും നിറഞ്ഞ് പുരോഹിത ജോലി നിര്‍വഹിച്ച ജോണിനെ ഇരുപത്തിയെട്ടാം വയസില്‍ സെബസ്തയിലെ ആര്‍ച്ച് ബിഷപ്പ് അര്‍മീനിയയിലെ കൊളോണിയല്‍ രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്തു. തന്റെ ചുമതലകള്‍ ജോണ്‍ ഭംഗിയായി നിര്‍വഹിച്ചു. എങ്കിലും തന്റെ തപസിനും പ്രാര്‍ഥനകള്‍ക്കും ഒരു മുടക്കവും ജോണ്‍ വരുത്തിയില്ല. അര്‍ഫമീനിയന്‍ ഗവര്‍ണര്‍ അനാവശ്യമായി പള്ളിക്കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ജോണ്‍ അസ്വസ്ഥനായിരുന്നു. ഒരു ദിവസം രാത്രി പ്രാര്‍ഥനയില്‍ മുഴുകിയിരിക്കെ ആകാശത്ത് കുരിശിന്റെ ആകൃതിയില്‍ വെളിച്ചം പ്രത്യക്ഷപ്പെട്ടതായും ആരോ തന്നോട് സംസാരിക്കുന്നതായും ജോണിനു തോന്നി. ''നീ രക്ഷപ്രാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ വെളിച്ചത്തെ അനുഗമിക്കുക.'' ജോണ്‍ ആ വെളിച്ചം നീങ്ങിയതിനു പിന്നാലെ നടന്നു.
വിശുദ്ധനായ സാബാസിന്റെ ആശ്രമത്തിന്റെ മുന്നില്‍ വരെ ജോണ്‍ എത്തിയപ്പോള്‍ വെളിച്ചം അപ്രത്യക്ഷമായി. നൂറ്റന്‍പതിലേറെ സന്യാസിനിമാര്‍ അവിടെയുണ്ടായിരുന്നു. ജോണ്‍ അവരോടൊപ്പം കൂടി. പ്രാര്‍ഥനകളില്‍ മുഴുകി ജീവിച്ചു. ആരും ജോണ്‍ ഒരു മെത്രാനാണെന്ന കാര്യം അറിഞ്ഞില്ല. ആശ്രമത്തിലെ എല്ലാ ജോലികളും ജോണ്‍ ചെയ്തു. വെള്ളം കോരി, കല്ലുകള്‍ ചുമന്നു, കൃഷിപ്പണികള്‍ ചെയ്തു. വി. സാബാസിനു ജോണിനെ ഇഷ്ടമായി. അവനെ ഒരു പുരോഹിതനാക്കാന്‍ സാബാസ് തീരുമാനിച്ചു. ഇതറിഞ്ഞ ജോണ്‍ സാബാസിന്റെ അടുത്തെത്തി സ്വകാര്യമായി പറഞ്ഞു. ''പിതാവേ, ഞാന്‍ മെത്രാന്‍ പദവി സ്വീകരിച്ചവനാണ്. എന്നാല്‍, എന്റെ പാപങ്ങള്‍ എന്നെ അസ്വസ്ഥനാക്കിയപ്പോള്‍ ഞാന്‍ അവിടെനിന്ന് ഓടി ഇവിടെയെത്തുക യായിരുന്നു. ദൈവത്തിന്റെ വരവ് പ്രതീക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്.'' തന്നെ എല്ലാവരും തിരിച്ചറിഞ്ഞതിനാല്‍ ജോണ്‍ അവിടെ നിന്നും പോയി. മരുഭൂമിയില്‍ പോയി തപസിരുന്നു. എഴുപത്തിയാറു വര്‍ഷം അവിടെ പ്രാര്‍ഥനയില്‍ മുഴുകി ജോണ്‍ ജീവിച്ചു.

Comments