യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്‌കറിയോത്തയ്ക്കു പകരക്കാരനായി ശ്ലൈഹികസ്ഥാനം ഏറ്റെടുത്ത മത്തിയാസ് യേശുവിന്റെ കുരിശുമരണത്തിനും സ്വര്‍ഗാരോഹണത്തിനും സാക്ഷിയായിരുന്നു. മത്തിയാസ് യേശുവിന്റെ ആദ്യശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. യേശുവിന് 72 ശിഷ്യന്‍മാര്‍ ഉണ്ടായിരുന്നു.
അവരില്‍ 12 പേര്‍ക്കു മാത്രമായിരുന്നു ശ്ലൈഹിക പദവി ഉണ്ടായിരുന്നത്. ആദിമസഭയുടെ പ്രതിനിധികളായ നൂറ്റിയിരുപതോളം പേരുടെ സാന്നിധ്യത്തിലായിരുന്നു മത്തിയാസിനെ ശ്ലീഹായായി തിരഞ്ഞെടുത്തത്. പത്രോസായിരുന്നു തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത്. ഈ സംഭവം ബൈബിളില്‍ നടപടി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. യൂദാസ് മരിച്ച സംഭവം പത്രോസ് എല്ലാവരെയും അറിയിച്ചു. പകരക്കാരനായി മറ്റൊരു ശ്ലീഹായെ തിരഞ്ഞെടുക്കണമായിരുന്നു. രണ്ടു പേരെയാണ് കൂടുതല്‍ പേരും നിര്‍ദേശിച്ചത്. മത്തിയാസും .യൗസേപ്പ് ബര്‍സബാസുമായിരുന്നു ആ രണ്ടു പേര്‍. ഒടുവില്‍ അവര്‍ കുറിയിട്ടു. മത്തിയാസിന്റെ പേര് കിട്ടി. അവനു ശ്ലീഹപദവി കൊടുക്കുകയും ചെയ്തു.
മത്തിയാസ് എന്ന പദത്തിന്റെ അര്‍ഥം യഹോവയുടെ ദാനം എന്നാണ്. യൂദാസിനു പകരക്കാരനായി ദൈവം സഭയ്ക്കു നല്‍കിയ ദാനമായിരുന്നു മത്തിയാസ്. പലസ്തീനയില്‍ വച്ചാണ് മത്തിയാസ് കൊല്ലപ്പെടുന്നത്. മോശയുടെ നിയമത്തിന്റെ ശത്രുവെന്ന് ആരോപിച്ച് യഹൂദന്‍മാര്‍ അവനെ കല്ലെറിഞ്ഞു കൊന്നു. മദ്യപാന ആസക്തിയുള്ളവര്‍, വസൂരിരോഗ ബാധിതര്‍, ശില്‍പികള്‍ തുടങ്ങിയവരുടെ മധ്യസ്ഥനായാണ് മത്തിയാസ് ശ്ലീഹാ അറിയപ്പെടുന്നത്.
Comments
Post a Comment