മെയ്‌ 16 : വി. ജോണ്‍ നെപ്പോമൂസെന്‍ (1330-1383)

ജോണിന്റെ ജനനം മാരകമായ രോഗവും വഹിച്ചുകൊണ്ടായിരുന്നു. ബൊഹീമിയയിലെ നെപ്പോമുക്കിലായിരുന്നു ജോണിന്റെ വീട്. അവന്റെ മാതാപിതാക്കള്‍ ദൈവവിശ്വാസമുള്ളവരായിരുന്നു. അവര്‍ പരിശുദ്ധ കന്യാമറിയത്തോട് തന്റെ മകനു വേണ്ടി കരഞ്ഞുപ്രാര്‍ഥിച്ചു. അദ്ഭുതകരമായ അനുഗ്രഹത്താല്‍ അവന്റെ രോഗം മാറുകയും ചെയ്തു. ചെറിയ പ്രായം മുതല്‍ തന്നെ ജോണ്‍ യേശുവിനെ സ്വന്തം നാഥനും ദൈവവുമായി സ്വീകരിച്ചു. എന്നും ദേവാലയത്തില്‍ പോകുകയും പ്രാര്‍ഥനകളില്‍ ഉറച്ച വിശ്വാസത്തോടെ പങ്കാളിയാകുകയും ചെയ്തു. വൈകാതെ ജോണ്‍ പുരോഹിതനായി.



ബൊഹീമിയയിലെ രാജാവായിരുന്ന വെഞ്ചശ്ലാസ് ഒരിക്കല്‍ ജോണിനെ നോമ്പുകാല പ്രസംഗത്തിനായി കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. യൂവാവായ രാജാവ് മദ്യപാനിയും അലസനുമായിരുന്നു. ജെയിന്‍ എന്നായിരുന്നു രാജാവിന്റെ പത്‌നിയുടെ പേര്. രാജ്ഞിയായ അവര്‍ വളരെ വിശുദ്ധമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. രാജാവ് അവളെ ഏറെ സ്‌നേഹിച്ചിരുന്നു. എന്നാല്‍, അവളുടെ അമിതഭക്തി അയാള്‍ക്കിഷ്ടപ്പെട്ടില്ല. രാജ്ഞിയുടെ ജീവിതത്തില്‍ അയാള്‍ക്കു ചില സംശയങ്ങള്‍ തോന്നി. അവള്‍ കുമ്പസാരിച്ചിരുന്ന പുരോഹിതന്‍ ജോണായിരുന്നു. രാജാവ് ജോണിനെ വിളിച്ചുവരുത്തുകയും രാജ്ഞി കുമ്പസാരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നോട് പറയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, കുമ്പസാരരഹസ്യം ഒരിക്കലും പുറത്തുപറയാന്‍ഫ പാടില്ല എന്നറിയാവുന്ന ജോണ്‍ ഒന്നും പറയാന്‍ തയാറായില്ല. ജോണ്‍ കുമ്പസാരരഹസ്യം പറയുന്നതുവരെ പീഡനമേല്‍പ്പിക്കാന്‍ഫ രാജാവ് കല്‍പിച്ചു. മര്‍ദ്ദനങ്ങള്‍ ആരംഭിച്ചു. പീഡനങ്ങളെല്ലാം ജോണ്‍ യേശുവിന്റെ നാമത്തില്‍ സഹിച്ചു. എത്ര ശ്രമിച്ചിട്ടും കുമ്പസാരരഹസ്യം പറയാന്‍ ജോണ്‍ തയാറാവുന്നില്ലെന്നു കണ്ടപ്പോള്‍ രാജാവ് ജോണിനെ ചുട്ടുകൊന്നശേഷം മൃതദേഹം പുഴയില്‍ എറിഞ്ഞു. 1729 പോപ്പ് ഇന്നസെന്റ് പതിമൂന്നാമന്‍ ജോണിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments