മെയ്‌ 17 : വി. പാസ്‌കല്‍ ബേലോണ്‍ (1540-1592)

ഒരു കുഞ്ഞ് ആദ്യമായി വിളിക്കുന്നത് 'അമ്മേ' എന്നാവും. എന്നാല്‍ 'ഈശോ' എന്ന് വാക്ക് ആദ്യമായി പഠിക്കുകയും ആദ്യമായി വിളിക്കുകയും ചെയ്ത ബാലനായിരുന്നു പാസ്‌കല്‍. അവന്റെ മാതാപിതാക്കള്‍ അവനെ ആദ്യമായി പഠിപ്പിച്ച വാക്കുകളും ഈശോ, മറിയം, യൗസേപ്പ് എന്നിവയായിരുന്നു. 1540 മേയ് 24 ന് സ്‌പെയിനിലെ ഒരു ക്രൈസ്തവ കുടുംബത്തിലാണ് പാസ്‌കല്‍ ജനിച്ചത്. അന്ന് ഒരു പന്തകുസ്താ ദിനമായിരുന്നു. പന്തകുസ്ത എന്ന വാക്കിന്റെ സ്പാനിഷ് രൂപമായിരുന്നു പാസ്‌ക്. പരിശുദ്ധാത്മാവിന്റെ പാസ്‌ക് ദിനത്തില്‍ ജനിച്ചതിനാല്‍ ആ ബാലനു പാസ്‌കല്‍ എന്നു മാതാപിതാക്കള്‍ പേരിട്ടു.



വി. കുര്‍ബാനയോടുള്ള ഭക്തിയാണു പാസ്‌കലിനെ ഒരു വിശുദ്ധനാക്കി മാറ്റിയത്. വളരെ ചെറിയ പ്രായം മുതല്‍ തന്നെ വി. കുര്‍ബാനയെയും ദേവാലയത്തെയും സക്രാരിയെയും പാസ്‌കല്‍ സ്‌നേഹിച്ചു. ആദ്യമായി ദേവാലയത്തില്‍ പോയപ്പോള്‍ കൈകുഞ്ഞായിരുന്ന പാസ്‌കല്‍ സക്രാരിയിലേക്ക് തന്നെ നോക്കി കിടക്കുകയായിരുന്നുവെന്ന് പാസ്‌കലിന്റെ അമ്മ എലിസബത്ത് ജുബേറ പിന്നീട് പറഞ്ഞിട്ടുണ്ട്. ഏഴാം വയസുമുതല്‍ 24-ാം വയസു വരെ പാസ്‌കല്‍ ഒരു ആട്ടിടയനായാണ് ജോലി നോക്കിയത്. ഇടയ്ക്കു പാചകക്കാരനായും കാവല്‍ക്കാരനായുമൊക്കെ ജോലി ചെയ്തു. ആട്ടിടയനായിരിക്കെ തനിക്കൊപ്പം ആടുകളെ മേയ്ക്കാനെത്തിയിരുന്ന ഒരു യുവ റൗഡി സംഘത്തെ തന്റെ ഉപദേശങ്ങളിലൂടെയും പ്രാര്‍ഥനയിലൂടെയും നേര്‍വഴിക്കു നയിക്കാന്‍ പാസ്‌കലിനു കഴിഞ്ഞു.
ഒരിക്കല്‍, ഒരു മലമുകളില്‍ ആടുകളെ മേയിച്ചുകൊണ്ടിരിക്കെ അങ്ങകലെയുള്ള ദേവാലയത്തില്‍ വി.കുര്‍ബാനയ്ക്കായി മണി മുഴങ്ങുന്നതു പാസ്‌കല്‍ കേട്ടു. അവന്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിച്ചു. അപ്പോള്‍ ഒരു മാലാഖ പ്രത്യക്ഷപ്പെടുകയും ഒരു സ്വര്‍ണ കാസയും തിരുവോസ്തിയും പാസ്‌കലിനു കാണിച്ചുകൊടുക്കുകയും ചെയ്തു. ബാല്യം മുതല്‍ തന്നെ പാവങ്ങളോടും രോഗികളോടും പാസ്‌കല്‍ വല്ലാത്തൊരു കാരുണ്യമാണ് പ്രദര്‍ശിപ്പിച്ചത്. തനിക്കു കിട്ടുന്നതില്‍ നിന്നു വീട്ടില്‍ കൊടുത്തശേഷം മിച്ചം കിട്ടിയിരുന്ന തുക മുഴുവന്‍ പാവങ്ങള്‍ക്ക് അവന്‍ ദാനം ചെയ്തു.
24-ാം വയസില്‍ മോണ്‍ഫോര്‍ട്ടിലെ ഫ്രാന്‍സീഷ്യന്‍ സഭയില്‍ ചേര്‍ന്നു. മണിക്കൂറുകളോളം മറ്റെല്ലാം മറന്ന് ദേവാലയത്തിലെ തിരുഹൃദയ സ്വരൂപത്തിന്റെ മുന്നില്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിക്കുക പാസ്‌കലിന്റെ പതിവായിരുന്നു. ഇറ്റലിയില്‍ സന്ദര്‍ശനം നടത്തവേ, രണ്ടു തവണ പാസ്‌കലിനെ ചാരനെന്ന പേരില്‍ തടവിലാക്കി. എന്നാല്‍ പിന്നീട് തെറ്റുകാരനല്ലെന്നു കണ്ടു മോചിപ്പിച്ചു. എന്നാല്‍, ഒരു രക്തസാക്ഷിയായി മാറണമെന്നുള്ള തന്റെ മോഹം സാധിക്കാതെ പോയതില്‍ പാസ്‌കല്‍ ദുഃഖിതനാവുകയാണു ചെയ്തത്. 1592 ല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ പാസ്‌കല്‍ മരിച്ചു. മരണശേഷം മൃതദേഹം പൊതുദര്‍ശനത്തിനായി വച്ച മൂന്നു ദിവസവും അദ്ഭുതങ്ങളുടെ പ്രവാഹം തന്നെയുണ്ടായി. പാസ്‌കലിനു അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ ആയിരങ്ങള്‍ ആ വിശുദ്ധന്റെ അനുഗ്രഹത്താല്‍ രോഗങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും മോചനം നേടി. 1690ല്‍ പാസ്‌കലിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments