മെയ്‌ 18 : വി. ഫെലിക്‌സ് (1515-1587)

ഉണ്ണിയേശുവിനെ കൈയിലെടുക്കുവാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധനാണ് ഫെലിക്‌സ് എന്നു വിശ്വസിക്കപ്പെടുന്നു. പരിശുദ്ധ കന്യാമറിയ ത്തിന്റെ ഭക്തനായിരുന്ന ഫെലിക്‌സിന് ഒരു ദിവസം മാതാവ് പ്രത്യക്ഷപ്പെടുകയും ഉണ്ണിയെ കൈകളില്‍ ഏല്‍പ്പിക്കുകയു മായിരുന്നു. ഇറ്റലിയിലെ വളരെ പാവപ്പെട്ട ഒരു കുടുംബത്തിലാണ് ഫെലിക്‌സ് ജനിച്ചത്. യേശുവില്‍ അടിയുറച്ചു വിശ്വസിച്ച ഒരു കുടുംബമായിരുന്നു അവന്റേത്. കുഞ്ഞുനാള്‍ മുതല്‍ ആട്ടിടയനായി ജോലി നോക്കിയ ഫെലിക്‌സിനെ ഒന്‍പതാം വയസില്‍ ഒരാള്‍ വാടകയ്‌ക്കെടുത്തു.



അയാളുടെ ആടുകളെ നോക്കുക, കൃഷിപ്പണികള്‍ ചെയ്യുക തുടങ്ങിയ ചുമതലകളായിരുന്നു അവന്. ഇരുപതു വര്‍ഷത്തോളം അവിടെ ഫെലിക്‌സ് ജോലിനോക്കി. ഒരിക്കല്‍ കൃഷിപ്പണികള്‍ ചെയ്തുകൊണ്ടിരിക്കെ രണ്ടു കാളകള്‍ ഫെലിക്‌സിനെ കുത്താന്‍ ശ്രമിക്കുകയും അവന്‍ കലപ്പയുടെ മുകളില്‍ കിടന്ന് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തു. എന്നാല്‍., ഫെലിക്‌സ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഫെലിക്‌സിന്റെ യജമാനന്‍ ഈ സംഭവത്തിനു സാക്ഷിയായിരുന്നു. ദൈവത്തിന്റെ അദ്ഭുതകരമായ ഇടപെടല്‍ മൂലമാണ് ഫെലിക്‌സ് രക്ഷപ്പെട്ടതെന്നു ബോധ്യമായ യജമാനന്‍ അവനെ മതപഠനത്തിനായി പോകാന്‍ അനുവദിച്ചു. അപ്പോള്‍ 30 വയസു പ്രായമായിരുന്നെങ്കിലും ഫെലിക്‌സിന്റെ വിശ്വാസത്തിന്റെ ശക്തി മനസിലാക്കിയ കപ്യൂച്യന്‍ സഭാ പുരോഹിതര്‍ അവനെ സഭയില്‍ ചേരാന്‍ അനുവദിച്ചു. പുരോഹിതനായ ശേഷം പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി ഫെലിക്‌സ് റോമിലേക്ക് പോയി. അവിടെ നാല്‍പതു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു.
രോഗികളുടെ പ്രിയപ്പെട്ടവനായിരുന്നു ഫെലിക്‌സ്. താന്‍ സന്ദര്‍ശിച്ച രോഗികള്‍ക്കെല്ലാം ശാന്തിയും സമാധാനവും പകര്‍ന്നു കൊടുക്കുവാന്‍ ഫെലിക്‌സിനു കഴിഞ്ഞു. ''പ്രിയപ്പെട്ട സഹോദരാ, നമുക്കു പോകാം. കൈകളില്‍ ജപമാലയേന്തൂ, കണ്ണുകള്‍ ഭൂമിയുടെ നേര്‍ക്കും ആത്മാവിനെ സ്വര്‍ഗത്തിന്റെ നേരെയും ഉയര്‍ത്തു.'' പ്രേഷിതജോലികള്‍ക്കു പോകുമ്പോള്‍ ഫെലിക്‌സ് തന്റെയൊപ്പമുള്ളവരോട് ഇങ്ങനെ പറയുമായിരുന്നു. പരിശുദ്ധ മാതാവിനോടുള്ള ജപമാല ചൊല്ലുകയായിരുന്നു ഫെലിക്‌സിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. ദിവസം രണ്ടു മണിക്കൂര്‍ മാത്രമാണ് ആ വിശുദ്ധന്‍ ഉറങ്ങിയിരുന്നത്. ബാക്കി സമയം മുഴുവന്‍ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കും പ്രാര്‍ഥനയ്ക്കുമായി മാറ്റിവച്ചു. രോഗിയായി കിടപ്പിലായപ്പോഴും അവശത മറന്ന് പ്രാര്‍ഥന തുടരുകയാണ് ഫെലിക്‌സ് ചെയ്തത്. മരണസമയത്ത് പരിശുദ്ധ കന്യാമറിയവും മാലാഖമാരും തന്നെ കൈനീട്ടി വിളിക്കുന്നതായുള്ള ദര്‍ശനം ഫെലിക്‌സിനുണ്ടായി. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഫെലിക്‌സ് മരിച്ചത്. 1712ല്‍ പോപ് ക്ലെമന്റ് പതിനൊന്നാമന്‍ ഫെലിക്‌സിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments