മെയ്‌ 19 : വി. പീറ്റര്‍ സെലസ്റ്റിന്‍ പാപ്പ (1215 -1296)

അഞ്ചു മാസക്കാലം മാര്‍പാപ്പയായിരിക്കുകയും താന്‍ ആ സ്ഥാനത്തിനു യോഗ്യനല്ലെന്നു പറഞ്ഞു രാജിവയ്ക്കുകയും ചെയ്ത വിശുദ്ധനാണ് പീറ്റര്‍ സെലസ്റ്റിന്‍. അതിനു മുന്‍പോ പിന്നീടോ ഇങ്ങനെയൊരു സംഭവം കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പീറ്ററിന്റെ ജീവിതകഥ പോലും വിശുദ്ധമാണ്. പന്ത്രണ്ടു മക്കളുള്ള ഒരു ഇറ്റാലിയന്‍ മാതാപിതാക്കളുടെ പതിനൊന്നാമത്തെ മകനായിരുന്നു പീറ്റര്‍. പീറ്റര്‍ പിഞ്ചുകുഞ്ഞായിരിക്കുമ്പോള്‍ അവന്റെ അച്ഛന്‍ മരിച്ചു. എന്നാല്‍, പീറ്ററിന്റെ അമ്മ മക്കളെയെല്ലാം യേശുക്രിസ്തുവിന്റെ അടിയുറച്ച വിശ്വാസികളായി വളര്‍ത്തിക്കൊണ്ടുവന്നു.



ആ അമ്മ മക്കളെയെല്ലാം വിളിച്ച് എപ്പോഴും ചോദിക്കുമായിരുന്നു. ''നിങ്ങളില്‍ ആരാണ് ഒരു വിശുദ്ധനായി മാറുന്നത്?.'' എപ്പോഴും ആദ്യം ഉത്തരം പറഞ്ഞിരുന്നത് പീറ്ററായിരുന്നു. ''അമ്മേ, ഞാന്‍ ഒരിക്കല്‍ ഒരു വിശുദ്ധനായി മാറും.'' വീടിനടുത്തുള്ള ഒരു മലയുടെ മുകളില്‍ ഒരു ഗുഹയ്ക്കുള്ളിലിരുന്നു പ്രാര്‍ഥിക്കുക പീറ്ററിന്റെ പതിവായിരുന്നു. അമ്മയെ സഹായിക്കാനായി ജോലികള്‍ ചെയ്യാന്‍ പോകുമായിരുന്നുവെങ്കിലും ബാക്കി സമയം മുഴുവന്‍ ആ ഗുഹയ്ക്കുള്ളിലിരുന്ന് പ്രാര്‍ഥിക്കുയായിരുന്നു പീറ്റര്‍ ചെയ്തിരുന്നത്. പീറ്ററിന്റെ വിശുദ്ധി തിരിച്ചറിഞ്ഞ നാട്ടുകാര്‍ അവനെ ഒരു പുരോഹിതനാകാന്‍ സഹായിച്ചു. ഇരുപതു വയസുള്ളപ്പോള്‍ പീറ്റര്‍ ഒരു സന്യാസസഭയ്ക്കു തുടക്കം കുറിച്ചു.
ഒട്ടെറെ ശിഷ്യന്‍മാര്‍ ആ ചെറുപ്രായത്തില്‍ തന്നെ പീറ്ററിനുണ്ടായിരുന്നു. റൊട്ടിയും വെള്ളവും മാത്രമായിരുന്നു പീറ്ററിന്റെ ഭക്ഷണം. മല്‍സ്യമാംസാദികള്‍ ഉപേക്ഷിച്ചു. ചില ദിവസങ്ങളില്‍ ഭക്ഷണം തന്നെ കഴിച്ചില്ല. തറയില്‍ കിടന്നുറങ്ങി. കല്ല് തലയിണയാക്കി. നിക്കോളോസ് നാലാമന്‍ മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്ന് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ കര്‍ദിനാളുമാര്‍ സമ്മേളിച്ചെങ്കിലും ദിവസങ്ങളോളം ആരെയും തിരഞ്ഞെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. രണ്ടുവര്‍ഷത്തോളം അങ്ങനെ കടന്നുപോയി. ഒരിക്കല്‍ പീറ്റര്‍ കര്‍ദിനാളുമാരെ സന്ദര്‍ശിച്ച് ഈ കാലതാമസം ദൈവത്തിന് ഇഷ്ടമാകുന്നില്ലെന്ന് അറിയിച്ചു. പിന്നീട് കര്‍ദിനാളുമാര്‍ യോഗം ചേര്‍ന്നപ്പോള്‍ പീറ്ററിനെ മാര്‍പാപ്പയാക്കാന്‍ തീരുമാനിച്ചു. അങ്ങനെ പീറ്റര്‍ മാര്‍പാപ്പയായി. വത്തിക്കാനിലെ മാര്‍പാപ്പയുടെ അരമനയില്‍ പലകകള്‍ കൊണ്ട് ഉണ്ടാക്കിയ ഒരു പര്‍ണശാലയിലാണ് പീറ്റര്‍ കഴിഞ്ഞത്.
കാനന്‍ നിയമം ശരിക്കു പഠിച്ചിട്ടില്ലാത്തതിനാല്‍ മാര്‍പാപ്പയെന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ല പോകുന്നതെന്നു പീറ്റര്‍ വൈകാതെ തിരിച്ചറിഞ്ഞു. തന്റെ തെറ്റുകുറ്റങ്ങള്‍ക്കു പരസ്യമായി ക്ഷമ ചോദിച്ച ശേഷം പീറ്റര്‍ മാര്‍പാപ്പ സ്ഥാനം രാജിവയ്ക്കുകയും ഏകാന്തവാസവും തപസും പുനഃരാരംഭിക്കുകയും ചെയ്തു. 1313ല്‍ പീറ്ററിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments