മെയ്‌ 2 : ഈജിപ്തിലെ വി. അത്തനേഷ്യസ് (296-373)

യേശു ഒരു സൃഷ്ടിയല്ലെന്നും അവിടുന്ന് പിതാവായ ദൈവത്തിന്റെ ഭാഗമാണെന്നും വിശ്വസിക്കുകയും സഭയെ നേര്‍വഴിക്കു നയിക്കുകയും ചെയ്ത വിശുദ്ധനാണ് അത്തനേഷ്യസ്. എ.ഡി. 325 ല്‍ നിഖ്യ സുനഹദോസില്‍ പങ്കെടുത്ത അത്തനേഷ്യസ് 45 വര്‍ഷത്തോളം അലക്‌സാന്‍ട്രിയായിലെ പേട്രിയര്‍ക്കായിരുന്നു. നിഖ്യാസുനഹദോസിലെ തീരുമാനങ്ങള്‍ വിശ്വാസികളിലേക്ക് എത്തിക്കുന്നതില്‍ അത്തനേഷ്യസ് പ്രധാന പങ്കുവഹിക്കുകയും ചെയ്തു. പിന്നീട് അലക്‌സാണ്ട്രിയയിലെ ബിഷപ്പായി അത്തനേഷ്യസ് സ്ഥനമേറ്റു.



രോഗികളെ ശുശ്രൂഷിക്കുവാനും പാവങ്ങളെ സഹായിക്കുവാനും സദാ സന്നദ്ധനായിരുന്നു അത്തനേഷ്യസ്. ആരോടും അമിതമായി കോപിക്കുകയോ വികാരം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. നിഖ്യ സുനഹദോസിലെ തന്റെ പങ്കാളിത്തം കൊണ്ടാണ് അത്തനേഷ്യസ് പ്രശസ്തനായത്. ജനങ്ങള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു അദ്ദേഹം. മുന്‍ ബിഷപ്പ് മരിച്ചപ്പോള്‍ ജനങ്ങളെല്ലാം അടുത്ത ബിഷപ്പായി അത്തനേഷ്യസിനെ ആവശ്യപ്പെടുകയും അങ്ങനെ ഈജിപ്തിലെ മെത്രാന്‍മാര്‍ എല്ലാവരും ചേര്‍ന്ന് ആ സ്ഥാനത്തേക്കു തിരഞ്ഞെടുക്കുകയുമായിരുന്നു.
അത്തനേഷ്യസിനെ വധിക്കാന്‍ ആര്യന്‍ ചക്രവര്‍ത്തിമാര്‍ പലതവണയായി ശ്രമിച്ചു. യേശുവിന്റെ തിരുവചനങ്ങളും സുവിശേഷങ്ങളും അത്തനേഷ്യസിനു കാണാപാഠമായിരുന്നു. അപ്പസ്‌തോലന്‍മാര്‍ക്കു ശേഷം ക്രിസ്തുവിനെ ഇത്രയും അടുത്ത് പഠിക്കുകയും അവിടുത്തെ വചനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്ത മറ്റൊരാള്‍ അതുവരെ ഇല്ലായിരുന്നു. ഈജിപ്തിലെ അലക്‌സാണ്ട്രിയയിലാണ് അത്തനേഷ്യസ് ജനിച്ചത്. നിരവധി മതഗ്രന്ഥങ്ങള്‍ അത്തനേഷ്യസ് എഴുതിയിട്ടുണ്ടായിരുന്നു. എഴുപത്തിയെട്ടാം വയസില്‍ അദ്ദേഹം മരിച്ചു.

Comments