തുകല്‍കൊണ്ട് വസ്ത്രങ്ങളുണ്ടാക്കിയിരുന്ന ഒരു പാവപ്പെട്ട ഫ്രഞ്ചുകാരന്റെ മകളായിരുന്നു ജോവാന്‍. അവള്‍ക്കു പതിനാറു വയസു പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചതിനാല്‍ അച്ഛനെ സഹായിക്കുവാനും തന്റെ ഇളയസഹോദരങ്ങളെ വളര്‍ത്തു വാനുമുള്ള ചുമതലകള്‍ ജോവാന്റെ കൈകളിലായി. പ്രാര്‍ഥന യായിരുന്നു അവളുടെ ശക്തി. യേശുവിലുള്ള ഉറച്ച വിശ്വാസം എല്ലാ ചുമതലകളും ഭംഗിയായി നിര്‍വഹിക്കാന്‍ അവളെ സഹായിച്ചു. 1787 ല്‍ അവള്‍ സെന്റ് വിന്‍സന്റ് ഡി പോളിന്റെ നാമത്തിലുള്ള സന്യാസിനി മഠത്തില്‍ ചേര്‍ന്നു. മഠത്തിന്റെ കീഴിലുള്ള ആശുപത്രികളില്‍ സേവനം ചെയ്യുകയായിരുന്നു ജോവാന്റെ പ്രധാന ചുമതല.
ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്നുള്ള മതപീഡനം മൂലം സന്യാസിനി ജീവിതം അവസാനിപ്പിക്കണമെന്ന് ഉത്തരവുണ്ടായെങ്കിലും അവള്‍ അതു നിരസിക്കുകയും അധികാരികളെ ധിക്കരിക്കുകയും ചെയ്തു. ക്രൂരമായ പീഡനങ്ങളായിരുന്നു ശിക്ഷ. പിന്നീട് വര്‍ഷങ്ങളോളം ആ പീഡനകളുടെ വേദന ജോവാന് അനുഭവിക്കേണ്ടിവന്നു. 1790ല്‍ അവള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു പോകുകയും അവിടെ പ്രേഷിതപ്രവര്‍ത്തനം തുടരുകയും ചെയ്തു. എന്നാല്‍, അവിടെയും എതിര്‍പ്പുകളുണ്ടായി. അങ്ങനെ ജോവാന്റെ നേതൃത്വത്തിലുള്ള സംഘം കുറച്ചുകാലം ജര്‍മനിയിലേക്ക് പ്രവര്‍ത്തനം മാറ്റി. പിന്നീട് സഭാനേതൃത്വം ആവശ്യപ്പെട്ടപ്പോള്‍ അവള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ തിരിച്ചെത്തുകയും അവിടെ സ്‌കൂളുകളും ആശുപത്രിയും തുടങ്ങുകയും ചെയ്തു. ജോവാന്റെ നേതൃത്വത്തിലുള്ള സന്യാസിനി സമൂഹത്തില്‍ ധാരാളം സന്യാസിനികള്‍ അംഗമായി. പല സ്ഥലങ്ങളിലും മഠങ്ങള്‍ തുടങ്ങി. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി എന്നിവിടങ്ങിലൊക്കെ പ്രേഷിതപ്രവര്‍ത്തനം വ്യാപിപ്പിച്ചു. 1826 ല്‍ ജോവാന്‍ രോഗബാധിതയായി മരിച്ചു. 1934ല്‍ പോപ് പയസ് പതിനൊന്നാമന്‍ ജോവാനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
Comments
Post a Comment