മെയ്‌ 29 : പിസയിലെ വി. ബോണ (1156-1207)

'ബോണ' എന്ന വാക്കിന്റെ ലത്തീന്‍ ഭാഷയിലുള്ള അര്‍ഥം 'നല്ലത്' എന്നാണ്. ഇറ്റലിയിലെ പിസായില്‍ ജനിച്ച ബോണയുടെ ജീവിതവും നല്ലതിന്റെ അല്ലെങ്കില്‍ നന്മയുടെ പ്രതീകമായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ വിശുദ്ധയായി ജീവിക്കാന്‍ ബോണയ്ക്കു കഴിഞ്ഞു. പത്താം വയസില്‍ അഗസ്റ്റീനിയന്‍ സമൂഹത്തില്‍ ചേര്‍ന്നു. പതിനാലാം വയസില്‍ വിശുദ്ധ നാടുകളിലേക്ക് തീര്‍ഥാടനം നടത്തി. പലസ്തീന്‍ രാജ്യം തുര്‍ക്കികളുടെ പക്കല്‍ നിന്നു തിരിച്ചു പിടിക്കുന്നതിനു വേണ്ടി ക്രിസ്തുമതവിശ്വാസികള്‍ നടത്തിയ യുദ്ധത്തിന്റെ കാലമായിരുന്നു അത്.



കുരിശുയുദ്ധം എന്നറിയപ്പെട്ട ഈ പോരാട്ടത്തില്‍ ബോണയുടെ അച്ഛനും പങ്കെടുത്തി രുന്നു. അച്ഛനെ കാണാന്‍ വേണ്ടിയാണ് വിശുദ്ധ നാടുകളിലേക്കുള്ള യാത്ര ബോണ നടത്തിയത്. തിരിച്ചു നാട്ടിലേക്കു മടങ്ങവേ, മുസ്‌ലിം തീവ്രവാദി സംഘത്തില്‍ പെട്ട ചിലയാളുകള്‍ ചേര്‍ന്ന് അവളെ തടവിലാക്കി. എന്നാല്‍ അവളുടെ നാട്ടില്‍ നിന്നുള്ള ചില ക്രൈസ്തവവിശ്വാസികള്‍ ചേര്‍ന്ന് ബോണയെ അവിടെനിന്ന് രക്ഷിച്ചു. പിന്നീട് റോം, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് തീര്‍ഥയാത്ര നടത്തുകയും ദേവാലയങ്ങളും വിശുദ്ധസ്ഥലങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു. എല്ലാ തവണയും തീര്‍ഥാടനസംഘത്തെ നയിച്ചത് ബോണയായിരുന്നു. ബോണയ്ക്ക് അന്‍പതു വയസുള്ളപ്പോള്‍ അവള്‍ രോഗബാധിതയാകുകയും പെട്ടെന്നു തന്നെ മരിക്കുകയും ചെയ്തു. എയര്‍ ഹോസ്റ്റസുമാരുടെ മധ്യസ്ഥയായി ബോണയെ പ്രഖ്യാപിച്ചത് പോപ് ജോണ്‍ ഇരുപത്തിമൂന്നാമനായിരുന്നു. 1962ലായിരുന്നു ആ പ്രഖ്യാപനം. തീര്‍ഥാടകള്‍, യാത്ര ചെയ്യുന്നവര്‍, ടൂറിസ്റ്റ് ഗൈഡുകള്‍ തുടങ്ങിയവരുടെയും മധ്യസ്ഥയാണ് ബോണ.

Comments