മെയ്‌ 9 : വി. പക്കേമിയൂസ് ( എ.ഡി. 292- )

ഈജിപ്തിലെ തെബസ് എന്ന നഗരത്തില്‍ ക്രൈസ്തവ വിശ്വാസികളായ മാതാപിതാക്കളുടെ മകനായാണ് പക്കേമിയൂസ് ജനിച്ചത്. ഒരു സൈനികനായിരുന്നു ഇദ്ദേഹം. ഇരുപതാം വയസില്‍ സൈന്യത്തില്‍ ചേര്‍ന്നു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം മാമോദീസ സ്വീകരിക്കുകയും ക്രിസ്തുവിന്റെ അനുയായി ആയി മാറുകയും ചെയ്തു. സൈനിക ജീവിതം ഉപേക്ഷിച്ച ശേഷം എ.ഡി. 317ല്‍ പക്കേമിയൂസ് സന്യാസിയായി. വിശുദ്ധമായ ഒരു ജീവിതമായിരുന്നു പക്കേമിയൂസ് നയിച്ചിരുന്നത്. ഒരിക്കല്‍ ഉറക്കത്തില്‍ ഒരു മാലാഖ അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു.



പുതുതായി ഒരു സന്യാസസമൂഹത്തിനു രൂപം കൊടുക്കണമെന്നായിരുന്നു മാലാഖ നിര്‍ദേശിച്ചത്. എ.ഡി. 323 ല്‍ നൈല്‍നദിയിലുള്ള ഒരു ദ്വീപില്‍ പക്കേമിയൂസ് തന്റെ ആശ്രമം സ്ഥാപിച്ചു. നിരവധി സന്യാസിമാര്‍ പക്കേമിയൂസിനൊപ്പം പ്രേഷിതപ്രവര്‍ത്തനം നടത്താന്‍ തയാറായി മുന്നോട്ടു വന്നു. മുഴുവന്‍ സമയ പ്രാര്‍ഥനയല്ലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആശ്രമ ജോലികള്‍ ചെയ്യാനും പറമ്പില്‍ പണിയെടുക്കാനും ഭക്ഷണം കഴിക്കാനും പ്രാര്‍ഥിക്കാനുമൊക്കെ കൃത്യമായി സമയം കണ്ടെത്തുകയും അതിനനുസരിച്ച് ആശ്രമനിയമങ്ങള്‍ എഴുതിവയ്ക്കുകയും ചെയ്തു.

പക്കേമിയൂസ് നിയമങ്ങള്‍ എന്ന പേരില്‍ ഇവ പ്രസിദ്ധമായി. ഈജിപ്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് നിരവധി ആശ്രമങ്ങള്‍ അദ്ദേഹം തുടങ്ങി. ഏതാണ്ട് നാല്‍പതു വര്‍ഷത്തോളം ഇങ്ങനെ നിരവധി സന്യാസിമാരുടെ ആത്മീയ ഗുരുനാഥനായി അദ്ദേഹം ജീവിച്ചു. പ്ലേഗ് രോഗം പടര്‍ന്നു പിടിച്ചപ്പോള്‍ അദ്ദേഹം രോഗബാധിതനായി. മരിക്കുന്നതിനു മുന്‍പ് തന്റെ ശിഷ്യന്‍മാരെയെല്ലാം വിളിച്ചുകൂട്ടി അവര്‍ക്കെല്ലാം ചുമതലകള്‍ വിഭജിച്ചു നല്‍കിയ അദ്ദേഹം മരണം കാത്തു കിടന്നു. വൈകാതെ അദ്ദേഹം മരണത്തിനു കീഴടങ്ങി.

Comments