ജൂണ്‍ 10 : അയര്‍ലന്‍ഡിലെ വി. ബ്രിജിത്ത് (453-523)

വി. പാട്രിക്ക് ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനു മുന്‍പു വരെ അയര്‍ലന്‍ഡ് അക്രൈസ്തവ മതങ്ങളുടെ കേന്ദ്രമായിരുന്നു. മന്ത്രവാദവും നരബലിയുമൊക്കെ വ്യാപകമായിരുന്ന ആ രാജ്യത്തു ള്ള മതങ്ങളെല്ലാം തന്നെ അന്ധവിശ്വാസങ്ങള്‍ പ്രോത്സാഹിപ്പിച്ചു പോന്നു. അത്തരം ഒരു മതത്തിന്റെ തലവനായിരുന്ന ഡ്യൂബാച്ച് എന്ന ഗോത്രരാജാവിനു തന്റെ അടിമയിലുണ്ടായ മകളായിരുന്നു ബ്രിജിത്ത്. വി. പാട്രിക്കില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ച ആ സ്ത്രീ കുഞ്ഞുബ്രിജിത്തിനെയും യേശുവിനെപ്പറ്റി പഠിപ്പിച്ചു. ബ്രിജിത്ത് ജനിച്ച് അധികം നാളുകള്‍ കഴിയും മുന്‍പു തന്നെ അവളുടെ അമ്മയെ മറ്റൊരാള്‍ വിലയ്ക്കു വാങ്ങി. ബ്രിജിത്തും അമ്മയ്‌ക്കൊപ്പം പോയി. പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താല്‍ ദൈവികചൈതന്യത്തിലാണു ബ്രിജിത്ത് വളര്‍ന്നുവന്നത്.



കുറെ വര്‍ഷങ്ങള്‍ അമ്മയ്‌ക്കൊപ്പം കഴിഞ്ഞശേഷം അവള്‍ തന്റെ അച്ഛനായ ഗോത്രരാജാവിന്റെ അടുത്തേക്കു മടങ്ങി. പാവങ്ങളോ ടുള്ള കരുണയും സ്‌നേഹവും മൂലം പലപ്പോഴും അവള്‍ തന്റെ അച്ഛന്റെ കൈവശമുള്ള പണവും സാധനങ്ങളും അവര്‍ക്കെടുത്തു കൊടുക്കുമായിരുന്നു. ഒരിക്കല്‍, ഡ്യൂബാച്ച് ഇതറിഞ്ഞു ക്ഷുഭിതനായി. എല്ലാ മനുഷ്യരിലും യേശുവുണ്ടെന്നും താന്‍ യേശുവിനെയാണു സഹായിച്ചതെന്നുമാണ് അവള്‍ മറുപടി പറഞ്ഞത്. വി. പാട്രിക്കിന്റെ പ്രസംഗങ്ങളില്‍ ആകര്‍ഷിതയായ ബ്രിജിത്ത് തന്റെ ജീവിതം യേശുവിനു വേണ്ടി സമര്‍പ്പിക്കുമെന്നു പ്രതിജ്ഞയെടുത്തു. എന്നാല്‍, അതീവ സുന്ദരിയായിരുന്ന ബ്രിജിത്തിനെ വിവാഹം കഴിക്കാന്‍ പലരും ആഗ്രഹിച്ചിരുന്നു. തന്നെ ഒരു യുവഗായകനു വിവാഹം കഴിച്ചു കൊടുക്കാന്‍ അച്ഛന്‍ ശ്രമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ അവള്‍ യേശുവിനോട് കരഞ്ഞുപ്രാര്‍ഥിച്ചു. തന്നെയൊരു വിരൂപയാക്കണമെന്നായിരുന്നു അവളുടെ പ്രാര്‍ഥന. ബ്രിജിത്തിന്റെ പ്രാര്‍ഥന ദൈവം കേട്ടു. അവളുടെ കണ്ണില്‍ നീരു വന്നു. മുഖം വിരൂപമായി.
ഇരുപതാമത്തെ വയസില്‍ വി. പാട്രിക്കിന്റെ ശിഷ്യനായിരുന്നു വി. മെല്ലില്‍ നിന്നു അവള്‍ വെള്ള ഉടുപ്പും ശിരോവസ്ത്രവും വാങ്ങി സന്യാസിനിയായി. ആ ക്ഷണത്തില്‍ അവളുടെ വൈരൂപ്യം മാറി. ഈ സംഭവത്തിനു ധാരാളം പേര്‍ സാക്ഷിയായിരുന്നു. അവരില്‍ പല സ്ത്രീകളും ബ്രിജിത്തിന്റെ ശിഷ്യരായി മാറി. അയര്‍ലന്‍ഡിലെ ആദ്യ സന്യാസിനി മഠത്തിനു ബ്രിജിത്ത് തുടക്കം കുറിച്ചു. പിന്നീട് അയര്‍ലന്‍ഡില്‍ നിരവധി സ്ഥലങ്ങളില്‍ അവള്‍ സന്യാസിനി മഠങ്ങള്‍ തുടങ്ങി. ആ രാജ്യത്തില്‍ അങ്ങോളമിങ്ങോളം അവള്‍ സഞ്ചരിച്ചു. 523 ഫെബ്രുവരി ഒന്നിനാണ് ബ്രിജിത്ത് മരിച്ചത്. അതുകൊണ്ടുതന്നെ പല സഭകളും അവളുടെ ഓര്‍മദിവസം ആചരിക്കുന്നത് ഫെബ്രുവരി ഒന്നിനാണ്. ബ്രിജിത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പോര്‍ചുഗലിലെ ലിസ്ബണിലുള്ള ദേവാലയത്തിലേക്കു മാറ്റിയ ദിവസമെന്ന നിലയിലാണ് ജൂണ്‍ 10ന് മറ്റു ചില സഭകള്‍ ഓര്‍മദിനം ആചരിക്കുന്നത്.

Comments