ജൂണ്‍ 12 : ഈജിപ്തിലെ വി. ഓണോഫിറസ്

എഴുപതു വര്‍ഷത്തോളം മരുഭൂമിയില്‍ പ്രാര്‍ഥനയും ഉപവാസവു മായി യേശുവിനെ മാത്രം ധ്യാനിച്ചു കഴിഞ്ഞിരുന്ന വിശുദ്ധനാണ് ഓണോഫിറസ്. ശരിക്കും ഒരു സന്യാസി. സ്‌നാപകയോഹന്നാനെ പോലെയായിരുന്നു ഓണോഫിറസിന്റെ ജീവിതം. ഏകാന്തമായ ജീവിതം. ഒരു തരത്തിലുള്ള ജീവിതസുഖങ്ങളുമില്ല. മരുഭൂമിയില്‍ കിട്ടുന്ന ഈത്തപ്പഴം മാത്രമായിരുന്നു ഭക്ഷണം. വിശപ്പ്, ദാഹം, ഉറക്കം പോലുള്ള ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ ഓണോഫിറസിനെ ബാധിച്ചേയില്ല. വസ്ത്രങ്ങളൊന്നും ധരിക്കാതെ പൂര്‍ണനഗ്നനായാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. വളര്‍ന്നു കിടക്കുന്ന മുടി.



ചിലപ്പോള്‍ ഇലകള്‍ കൊണ്ടു നഗ്നത മറച്ചു. ഓണോഫിറസിനെപ്പറ്റി കുറെക്കാല ത്തോളം ആര്‍ക്കും അറിവു തന്നെയുണ്ടായിരുന്നില്ല. മരുഭൂമികളിലൂടെ സഞ്ചരിക്കുന്ന ചില സന്യാസികളാണ് അദ്ദേഹത്തിന്റെ കഥ പുറംലോകത്ത് എത്തിച്ചത്. അപ്പോഴും ഓണോഫിറസി ന്റെ മറ്റു പശ്ചാത്തലങ്ങളോ വിവരങ്ങളോ പുറത്തറിഞ്ഞില്ല. അതു കൊണ്ടു തന്നെ, അദ്ദേഹം എവിടെയാണു ജനിച്ചതെന്നോ എങ്ങനെ മരുഭൂമിയിലെത്തി എന്നോ വ്യക്തമായ അറിവ് ഇപ്പോഴുമില്ല. എ.ഡി. 400 ല്‍ ഓണോഫിറസ് മരിച്ചുവെന്നാണ് കരുതപ്പെടുന്നത്. ഫനൂഷ്യസ് എന്ന വിശുദ്ധനാണ് മരുഭൂമിയില്‍ വച്ച് ഓണോഫിറസിന്റെ മൃതദേഹം സംസ്‌കരിക്കുന്നത്.
ഓണോഫിറസിന്റെ ജീവിതമാതൃക പഠിക്കുവാനായി എത്തിയ ഫനൂഷ്യസ് രോഗബാധിതനായി മരിച്ച ഓണോഫിറസിനെ അദ്ദേഹം താമസിച്ചിരുന്ന ഗുഹയുടെ സമീപത്തുള്ള മറ്റൊരു ചെറിയ ഗുഹയില്‍ അടക്കം ചെയ്തു. അടക്കം ചെയ്ത ഉടന്‍ തന്നെ ആ ഗുഹ അപ്രത്യക്ഷമായതായി വിശ്വസിക്കപ്പെടുന്നു. ഓണോഫിറസിന്റെ ജീവിതകഥയ്ക്കു മരുഭൂമിയില്‍ സമാനരീതിയില്‍ ജീവിച്ച വിശുദ്ധ ജെറോമിന്റെ കഥയുമായി സാമ്യമുണ്ട്. ഇത് രണ്ടും ഒരാള്‍ തന്നെയാണെന്നു വിശ്വസിക്കുന്നവരുമുണ്ട്.

Comments