ആയിരത്തിലേറെ പ്രാര്‍ഥനാഗീതങ്ങളും കവിതകളും രചിച്ചിട്ടുള്ള ജോസഫ് ഇറ്റലിയിലെ സിസിലിയിലാണു ജനിച്ചത്. ഒന്‍പതാം നൂറ്റാണ്ടില്‍. ക്രൈസ്തവ വിശ്വാസികളായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എന്നതുകൊണ്ടു ജനിച്ചപ്പോള്‍ മുതല്‍ ക്രൈസ്തവ ചൈതന്യത്തിലാണു ജോസഫ് വളര്‍ന്നത്. അറബികളുടെ അധിനിവേശസമയത്ത് തെസലോനിക്കയിലേക്കു പോകുകയും അവിടെ സന്യാസജീവിതം തുടങ്ങുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളില്‍ സന്യാസസഭയില്‍ ചേര്‍ന്നെങ്കിലും മതപീഡനകാലത്ത് ജോസഫിന് അവിടെ നിന്നു റോമിലേക്കു പോകേണ്ടിവന്നു. ഈ യാത്രയ്ക്കിടെ ഒരു കൊള്ളസംഘം ജോസഫിനെ തടവിലാക്കി. അവരുടെ വാസസ്ഥലത്തു വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞു.
അടിമയെ പോലെ പണിയെടുത്തു. മര്‍ദ്ദനങ്ങളും പട്ടിണിയും സഹിച്ചു. അപ്പോഴെല്ലാം യേശു മാത്രമായിരുന്നു ജോസഫിന് ആശ്വാസം പകര്‍ന്നിരുന്നത്. തന്റെയൊപ്പം തടവില്‍ കഴിഞ്ഞിരുന്നവരെയും മറ്റ് അടിമകളെയും യേശുവിനെപ്പറ്റി പഠിപ്പിക്കാന്‍ ജോസഫ് ഈ അവസരം വിനിയോഗിച്ചു. അവരെല്ലാം അദ്ദേഹത്തിന്റെ വാക്കുകളില്‍ ആകര്‍ഷിതരായി ക്രിസ്തുമതം സ്വീകരിച്ചു. വര്‍ഷങ്ങള്‍ നീണ്ട അടിമജീവിതത്തിനൊടുവില്‍ ജോസഫും മറ്റു ചില തടവുകാരും ചേര്‍ന്ന് അവിടെ നിന്നു രക്ഷപ്പെട്ടു. കോണ്‍സ്റ്റാന്റിനോപ്പിളിലേക്കാണ് പിന്നീട് ജോസഫ് പോയത്. അവിടെ പുതിയൊരു സന്യാസസഭയ്ക്കു തുടക്കം കുറിച്ചു. സലോനിക്കയിലെ ബിഷപ്പായി മാറിയ ശേഷം വിഗ്രഹാരാധകനായ ചക്രവര്‍ത്തി തിയോഫിലസിനെ എതിര്‍ത്തു. ഇതോടെ വീണ്ടും നാടുവിടേണ്ട അവസ്ഥ വരികയും മറ്റൊരു സ്ഥലത്തേക്കു പോകുകയും ചെയ്തു. ജോസഫ് എഴുതിയ സ്‌തോത്രഗീതങ്ങള്‍ വളരെ പ്രസിദ്ധങ്ങളായിരുന്നു. ആയിരത്തിലേറെ പ്രാര്‍ഥനാ ഗീതങ്ങള്‍ അദ്ദേഹം എഴുതപ്പെട്ടിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്.
Comments
Post a Comment