അഞ്ചു വയസുള്ളപ്പോള്‍ പരിശുദ്ധ ത്രിത്വത്തിന്റെ ദര്‍ശനമുണ്ടായി എന്നു വിശ്വസിക്കപ്പെടുന്ന വിശുദ്ധയാണ് ഓസാന. ഇറ്റലിയിലെ കുലീനമായ കുടുംബത്തില്‍ നിക്കോളാസ് എന്നും ആഗ്നസ് എന്നും പേരുള്ള ദമ്പതികളുടെ മകളായി ജനിച്ച ഓസാനയുടെ ബാല്യ കാലത്തെ കൂട്ടുകാര്‍ മാലാഖമാരായിരുന്നു. അവളുടെ സ്വപ്നങ്ങ ളില്‍ മാലാഖമാരും സ്വര്‍ഗവും എല്ലാം ആവര്‍ത്തിച്ചു വന്നു കൊണ്ടിരുന്നു. തന്റെ ജീവിതം യേശുവിനു വേണ്ടി നീക്കിവയ്ക്കുമെന്ന് അവള്‍ ശപഥം ചെയ്തിരുന്നു. വിവാഹ പ്രായമെത്തിയപ്പോള്‍ മാതാപിതാക്കള്‍ അവള്‍ക്ക് ആലോചനകള്‍ കൊണ്ടുവന്നു. വിവാഹ ജീവിതത്തിനു വീട്ടുകാര്‍ നിര്‍ബന്ധിച്ചുവെങ്കിലും അവള്‍ തന്റെ ശപഥത്തില്‍ ഉറച്ചുനിന്നു. അങ്ങനെ 17ാം വയസില്‍ അവള്‍ ഡൊമിനിഷ്യന്‍ സന്യാസ സഭയില്‍ ചേര്‍ന്നു. എന്നാല്‍ വ്രതവാഗ്ദാനം നടത്തുന്നതിനു അവള്‍ക്കു സാധിച്ചില്ല.
മാതാപിതാക്കളുടെ പെട്ടെന്നുള്ള മരണം തടസമായിവന്നു. തന്റെ ഇളയസഹോദരങ്ങളെ പോറ്റേണ്ട ചുമതല ഓസാനയ്ക്കു വന്നു. അങ്ങനെ 37 വര്‍ഷം അവള്‍ ജീവിച്ചു. എപ്പോഴും മനസില്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുക ഓസാനയുടെ ശീലമായിരുന്നു. തന്റെ ജോലികള്‍ ക്കിടയിലെല്ലാം അവള്‍ യേശുവുമായി സംസാരിച്ചുകൊണ്ടേയിരുന്നു. നിരവധി ദര്‍ശനങ്ങള്‍ ഓസാനയ്ക്കുണ്ടായി. കുരിശും ചുമന്നുകൊണ്ടു നീങ്ങുന്ന യേശുവിനെ അവള്‍ കണ്ടു. ദൈവവുമായി സംസാരിക്കുമ്പോഴെല്ലാം ബോധം മറഞ്ഞു മറ്റൊരു ലോകത്ത് എത്തുമായിരുന്നു ഓസാന. യേശുവിന്റെ ശരീരത്തിലെ പോലെ അഞ്ചു മുറിവുകള്‍ അവളുടെ ദേഹത്തും ഉണ്ടായി. എന്നാല്‍, അവയില്‍ നിന്നു രക്തം ഒലിച്ചിരുന്നില്ല. പാവങ്ങളെ സഹായിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാനും അവള്‍ സമയം കണ്ടെത്തി. തന്റെ ജീവിതം പൂര്‍ണമായി യേശുവിന് സമര്‍പ്പിച്ച ഈ വിശുദ്ധ 1505 ല്‍ രോഗങ്ങള്‍ മൂര്‍ച്ഛിച്ച് മരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മധ്യസ്ഥയായാണ് ഓസാന അറിയപ്പെടുന്നത്.
Comments
Post a Comment