ഇറ്റലിയിലെ കുലീനമായ ഒരു കുടുംബത്തിലെ അംഗമായിരുന്നു റൊമുവാള്‍ഡ്. തന്റെ യൗവനകാലം ആഘോഷപൂര്‍വം ജീവിച്ച റൊമുവാള്‍ഡ് യേശുവിലേക്ക് അടുത്തതു വളരെ വൈകിയാ യിരുന്നു. ധാരാളം സുഹൃത്തുക്കള്‍. തന്റെ കുടുബത്തിന്റെ സമ്പത്ത് അദ്ദേഹം ശരിക്കും ഉപയോഗിച്ചു. ഒരിക്കല്‍ തന്റെ പിതാവും മറ്റൊരാളുമായുള്ള ഒരു ഏറ്റുമുട്ടലിനു റൊമുവാള്‍ഡ് സാക്ഷിയായി. ഒരാള്‍ മരിച്ചു വീഴും വരെ യുദ്ധം തുടരുക എന്ന രീതിയിലായിരുന്നു ഏറ്റുമുട്ടല്‍. ഒരു ദ്വന്ദയുദ്ധം. അച്ഛന്റെ മരണം സംഭവിക്കുമോ എന്ന പേടിയായിരുന്നു റൊമുവാള്‍ഡിന് ആദ്യം. എന്നാല്‍, സംഭവിച്ചതു മറിച്ചാണ്.
ഏറ്റുമുട്ടലിനൊടുവില്‍ അച്ഛന്‍ തന്റെ ശത്രുവിനെ കൊന്നു. അച്ഛന്റെ വിജയം റൊമുവാള്‍ഡിന് സന്തോഷത്തെക്കാള്‍ ദുഃഖമാണ് നല്‍കിയത്. ലോകത്തിലെ പകയും വിദ്വേഷവും ആ മനസിനെ വല്ലാതെ ഉലച്ചു. അച്ഛന്‍ ചെയ്ത തെറ്റിനു പരിഹാരമായി സന്യാസജീവിതം സ്വീകരിക്കാന്‍ അവന്‍ തീരുമാനിച്ചു. യേശുവിലാണു യഥാര്‍ഥ സ്‌നേഹവും സത്യവുമെന്ന് അദ്ദേഹം മനസിലാക്കി. ഇറ്റലിയിലെ ക്ലാസെയിലുള്ള ബെനഡിക്ടന്‍ സന്യാസ സമൂഹത്തില്‍ ചേരുകയാണ് റൊമുവാള്‍ഡ് പിന്നീട് ചെയ്തത്. 996 മുതല്‍ 999 വരെ അദ്ദേഹം സന്യസ്തജീവിതം അവിടെ നയിച്ചു. എവിടെയെങ്കിലും ഒറ്റയ്ക്കിരുന്ന് പ്രാര്‍ഥനയുമായി കഴിയുവാന്‍ റൊമുവാള്‍ഡ് ആഗ്രഹിച്ചില്ല. ഇറ്റലി മുഴുവന്‍ അദ്ദേഹം യാത്ര ചെയ്തു.
ഇറ്റലിയുടെ വടക്കന്‍ ഭാഗങ്ങളില്‍ റൊമുവാള്‍ഡ് നിരവധി സന്യാസസമൂഹങ്ങള്‍ക്കു തുടക്കം കുറിച്ചു. നിരവധി പേരെ യേശുവിലേക്ക് ആനയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ ജീവിതത്തിന്റെ അവസാന 14 വര്‍ഷം സിറ്റ്‌റിയ മലയില്‍ ഏകാന്തജീവിതം നയിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. എല്ലാ ഉത്തരവാദിത്തങ്ങളും മറ്റുള്ളവര്‍ക്കു നല്‍കി അദ്ദേഹം അവിടെ മരണം വരെ ജീവിച്ചു. മരണം ശേഷം അദ്ദേഹത്തെ ഫാബ്രിയാനോ എന്ന സ്ഥലത്ത് അടക്കം ചെയ്തു. 1583 ല്‍ പോപ് ഗ്രിഗറി പതിമൂന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1969 മുന്‍പു വരെ റൊമുവാള്‍ഡിന്റെ ഓര്‍മദിവസം ഫെബ്രുവരി ഏഴാനായിരുന്നു ആചരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം നീക്കം ചെയ്ത ദിവസം എന്ന നിലയ്ക്കായിരുന്നു ആ ദിവസം ആചരിച്ചിരുന്നത്.
Comments
Post a Comment