വി. കുര്‍ബാനയുടെ പ്രാര്‍ഥനകളില്‍ സ്മരിക്കുന്ന രണ്ടു വിശുദ്ധരാണ് മാര്‍സിലനസും പീറ്ററും. മൂന്നാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് റോമില്‍ ജീവിച്ചിരുന്ന ഇവര്‍ രണ്ടു പേരും ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് കൊല്ലപ്പെട്ട രക്തസാക്ഷികളാണ്. ആദ്യകാല സഭയുടെ ചരിത്രത്തില്‍ നിന്നു ഒഴിച്ചുനിര്‍ത്താനാവാത്ത രണ്ടു പേരുകളാണ് ഇവരുടേത്. മാര്‍സിലനസ് ഒരു വൈദികനായിരുന്നു. പിശാചു ബാധിതരെ സുഖപ്പെടുത്തുന്നതിനു വേണ്ടി സഭ ചുമതലപ്പെടുത്തിയ ഒരു വ്യക്തിയായിരുന്നു പീറ്റര്‍. ഇരുവരും യേശുവിനോടുള്ള സ്‌നേഹത്തില്‍ മതിമറന്നു ജീവിച്ചവരായിരുന്നു.
നിരവധി പേരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൊണ്ടുവരുന്നതിന് ഇവര്‍ക്കു സാധിച്ചു. ഒട്ടേറെ അദ്ഭുതങ്ങള്‍ ചെയ്യുവാനും നിരവധി പേരെ സുഖപ്പെടുത്തുവാനും അതുവഴി അവരെയെല്ലാം യേശുവിലേക്ക് അടുപ്പിക്കാനും കഴിഞ്ഞു എന്നതായിരുന്നു ഇവരുടെ മഹത്വം. പിശാചുബാധിതരെ സുഖപ്പെടുത്തുകയായിരുന്നു പീറ്ററിന്റെ പ്രധാന പ്രവര്‍ത്തനം. യേശുവിന്റെ നാമത്തില്‍ അവരെയെല്ലാം അവന്‍ സുഖപ്പെടുത്തി. അക്കാലത്ത് റോം ഭരിച്ചിരുന്നതു ക്രൈസ്തവ വിരോധിയായ ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയായിരുന്നു. ക്രിസ്തുവിന്റെ അനുയായികളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതിന് അദ്ദേഹം ശ്രമിച്ചുപോന്നു. ചക്രവര്‍ത്തി മാര്‍സിലനസിനെയും പീറ്ററിനെയും തിരഞ്ഞുപിടിച്ച് തടവിലാക്കിയത് ഇവര്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നു എന്ന കുറ്റം ആരോപിച്ചായിരുന്നു.
തെറ്റുകള്‍ക്കു ക്ഷമ ചോദിക്കുകയും മേലില്‍ ക്രിസ്തുവില്‍ വിശ്വസിക്കില്ലെന്നു ശപഥം ചെയ്യുകയും ചെയ്താല്‍ തടവറയില്‍ നിന്നു മോചിപ്പിക്കാമെന്നു ചക്രവര്‍ത്തി വാഗ്ദാനം ചെയ്തു. എന്നാല്‍, യേശുവിനെ കൈവിടാന്‍ അവര്‍ തയാറായില്ല. തടവറയില്‍ പീഡനങ്ങളേറ്റ് കഴിയുമ്പോഴും അവര്‍ സുവിശേഷ പ്രവര്‍ത്തനം ചെയ്തുകൊണ്ടിരുന്നു. മറ്റു തടവുകാരെയെല്ലാം ക്രിസ്തുവിനെ കുറിച്ചു പഠിപ്പിച്ച് ക്രൈസ്തവമത വിശ്വാസികളാക്കി മാറ്റി. ഇവര്‍ ജയിലില്‍ കഴിയുന്ന സമയത്ത് അര്‍ത്തേമിയൂസ് എന്നു പേരായ ജയില്‍ ഉദ്യോഗസ്ഥന്റെ മകളെ പിശാച് ബാധിച്ചു. പോളിന എന്നായിരുന്നു അവളുടെ പേര്. മറ്റു തടവുകാരില്‍ നിന്ന് പീറ്ററിന്റെയും മാര്‍സിലനസിന്റെയും അദ്ഭുതപ്രവര്‍ത്തികള്‍ കേട്ടറിഞ്ഞ അര്‍ത്തേമിയൂസ് തന്റെ മകളെ സുഖപ്പെടുത്തണമെന്ന് അവരോട് അഭ്യര്‍ഥിച്ചു.
അവര്‍ അപ്രകാരം ചെയ്തു. ഈ സംഭവത്തിനു സാക്ഷികളായി നിന്നിരുന്ന അര്‍ത്തേമിയൂസും കുടുംബവും ആ ക്ഷണത്തില്‍ ക്രിസ്തുവില്‍ വിശ്വസിച്ചു. ഈ സംഭവം കേട്ടറിഞ്ഞ് ക്ഷുഭിതനായ ചക്രവര്‍ത്തി മാര്‍സിലനസിനെയും പീറ്ററിനെയും വനത്തില്‍ കൊണ്ടു പോയി തലയറുത്ത് കൊല്ലുവാന്‍ ഉത്തരവിട്ടു. കൊല്ലാനായി കൊണ്ടുപോയ ആരാച്ചാരോടും അവര്‍ ക്രിസ്തുവിനെ കുറിച്ച് പറഞ്ഞു. വാള്‍ കൊണ്ട് തല മുറിച്ചു മാറ്റപ്പെടു ന്നതിനു തൊട്ടുമുന്‍പു വരെ അവര്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി. അവരുടെ ശിരസ് ഛേദിച്ച ആരാച്ചാര്‍ മാനസിക സംഘര്‍ഷത്തിന് അടിമയാകുകയും പിന്നീട് എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ് ക്രിസ്തുവിന്റെ അനുയായി ആയി മാറുകയും ചെയ്തു.
Comments
Post a Comment