സാഹിത്യകാരനും ഫലിതസാമ്രാട്ടുമായിരുന്നു വിശുദ്ധനായ തോമസ് മൂര്‍. തമാശ പറഞ്ഞ്, പുഞ്ചിരിയോടെ മരണത്തെ സ്വീകരിച്ച വിശുദ്ധനാണ് അദ്ദേഹം. തന്നെ കഴുത്തറുത്ത് കൊല്ലാനെത്തിയ സൈനികനോട് തന്റെ താടിയില്‍ പിടിച്ചുകൊണ്ട് 'ഈ താടിയെ വെട്ടിമുറിക്കരുത്. ഈ രോമങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്. തോമസ് മൂറിനെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമാവും. അത്രയ്ക്കു പ്രശസ്തി അദ്ദേഹം നേടിയിരുന്നു; ജീവിച്ചിരിക്കുമ്പോഴും മരണശേഷവും. ലണ്ടനിലാണ് മൂര്‍ ജനിച്ചത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ മോര്‍ട്ടന്റെ സഹായിയായിരുന്നു മൂര്‍. അദ്ദേഹത്തിന്റെ സംരക്ഷണയിലായിരുന്നു തോമസ് മൂറിന്റെ വിദ്യാഭ്യാസവും. ഒരു അഭിഭാഷകനായി ജോലി നോക്കിയിരുന്ന തോമസ് മൂര്‍ രണ്ടു തവണ വിവാഹം കഴിച്ചു.
ഒരു മകനും മൂന്നു പെണ്‍മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. 1529ല്‍ ഹെന്റി എട്ടാമന്‍ രാജാവ് അദ്ദേഹത്തിനു 'ലോഡ് ചാന്‍സലര്‍ ഓഫ് ദി എക്‌സ്‌ചെക്കര്‍' എന്ന പദവി നല്‍കി. എന്നാല്‍, ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയുടെ പരമാധികാരിയായി രാജാവ് സ്വയം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതോടെ തോമസ് മൂര്‍ രാജാവുമായി പിണങ്ങി. മൂര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 'രാജാവാണ് സഭയുടെ പരമാധികാരി' എന്നു സത്യം ചെയ്യണമെന്ന് തോമസ് മൂറിനോട് കല്‍പിച്ചെങ്കിലും അദ്ദേഹം അതിനു സമ്മതിച്ചില്ല. കാരാഗൃഹത്തിലായിരിക്കെ അദ്ദേഹത്തിന്റെ ഭാര്യയും മകളും നിരവധി തവണ രാജാവിനു വഴങ്ങി മരണശിക്ഷയില്‍ നിന്നു രക്ഷപ്പെടണമെന്ന് അഭ്യര്‍ഥിക്കാനെത്തിയെങ്കിലും മൂര്‍ അതിനു തയാറായില്ല.
തടവറയില്‍ നിന്ന് തന്റെ മകള്‍ മാര്‍ഗരറ്റിനു തോമസ് മൂര്‍ കത്തെഴുതി. ''എന്റെ മകളെ, എനിക്ക് എന്തു സംഭവിക്കുമെന്നോര്‍ത്ത് നീ ആകുലപ്പെടേണ്ടതില്ല. ഈ ലോകത്തില്‍ എനിക്ക് എന്തു സംഭവിക്കുന്നുവോ അത് ദൈവത്തിന്റെ തീരുമാനപ്രകാരമാണെന്നു മനസിലാക്കുക. അവിടുത്തെ ഇഷ്ടപ്രകാരമല്ലാതെ ഈ ലോകത്തില്‍ ഒന്നും തന്നെ സംഭവിക്കുന്നില്ല. ദൈവത്തിന്റെ തീരുമാനം എന്തു തന്നെയായാലും അത് എന്റെ നല്ലതിനു വേണ്ടിയായിരിക്കും.'' ഒടുവില്‍ തോമസ് മൂറിനു മരണശിക്ഷ വിധിക്കപ്പെട്ടു. കൊലമരത്തിലേക്ക് കയറുമ്പോഴും മൂര്‍ തന്റെ സ്വതസിദ്ധമായ ഫലിതം കൈവിട്ടില്ല. ''മുകളിലേക്ക് കയറുമ്പോള്‍ എന്നെ ഒന്നു സഹായിച്ചേക്കൂ..താഴേയ്ക്കു ഞാന്‍ തന്നെ പോന്നുകൊള്ളാം'' എന്നാണ് അദ്ദേഹം പറഞ്ഞത്. 1535 ല്‍ അദ്ദേഹം രക്തസാ ക്ഷിത്വം വഹിച്ചു. 1935ല്‍ പോപ് പയസ് പതിനൊന്നാമന്‍ തോമസ് മൂറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Comments
Post a Comment