ജൂണ്‍ 24 : സ്‌നാപകയോഹന്നാന്‍ (യേശുവിന്റെ കാലഘട്ടം)

യേശുക്രിസ്തുവിന്റെ ബന്ധുവാണ് യോഹന്നാന്‍. കന്യകാമറിയ ത്തിന്റെ ചാര്‍ച്ചക്കാരിയായ എലിസബത്തിന്റെയും സക്കറിയയുടെയും മകനായ യോഹന്നാന്‍ യേശുവിനു മുന്‍പുള്ള അവസാന പ്രവാചക നായി കണക്കാക്കപ്പെടുന്നു. യോഹന്നാന്റെ പിതാവ് സക്കറിയ ഒരു പുരോഹിതനായിരുന്നു. ആബിയായുടെ കുടുംബത്തില്‍പ്പെട്ട സക്കറിയയ്ക്കും എലിസബത്തിനും ദാമ്പത്യജീവിതം ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മക്കളുണ്ടായില്ല. ഒരിക്കല്‍ സക്കറിയ ബലി അര്‍പ്പിച്ചുകൊണ്ടിരിക്കെ ഗബ്രിയേല്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു. ''നിന്റെ ഭാര്യ എലിസബത്ത് ഒറു പുത്രനെ പ്രസവിക്കും. അവനു യോഹന്നാന്‍ എന്നു പേരിടണം. അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിപൂരിതനാകും.'' (ലൂക്കാ 1: 13-15) പ്രായം ഏറെ പിന്നിട്ടിരുന്നതിനാല്‍ ദൈവദൂതന്റെ വാക്കുകള്‍ സക്കറിയ വിശ്വസിച്ചില്ല. അതിനാല്‍ കുട്ടി ജനിക്കുന്നതു വരെ അയാള്‍ ഊമയായി മാറുമെന്ന് ദൈവദൂതന്‍ പറഞ്ഞു.



എലിസബത്ത് ഗര്‍ഭിണിയായി. ആറുമാസത്തിനു ശേഷം കന്യാകാമറിയത്തിനു യേശുവിന്റെ ജനനത്തെ കുറിച്ചും ദൈവദൂതന്റെ അറിയിപ്പുണ്ടായി. യേശുവിനെ ഉദരത്തില്‍ വഹിച്ചുകൊണ്ട് മറിയം എലിസബത്തി നെ സന്ദര്‍ശിക്കുവാനായി പോയി. മറിയത്തെ കണ്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ കിടന്ന് ശിശു തുള്ളിച്ചാടിയതായി ബൈബിള്‍ പറയുന്നു. കുഞ്ഞു ജനിച്ചപ്പോള്‍ അവനു 'യോഹന്നാന്‍' എന്നു പേരിടണമെന്ന് സക്കറിയ എഴുതി കാണിച്ചു. ആ നിമിഷം അയാളുടെ സംസാരശേഷി തിരികെ കിട്ടി. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ യോഹന്നാന്‍ മരുഭൂമിയില്‍ തപസ് അനുഷ്ഠിച്ച് തുടങ്ങി. തേനും കിഴങ്ങുകളും മാത്രമായിരുന്നു ഭക്ഷണം. ജോര്‍ദാന്‍ നദിയില്‍ വച്ച് നിരവധി പേരെ യോഹന്നാന്‍ ജ്ഞാനസ്‌നാനപ്പെടുത്തി. ധാരാളം ശിഷ്യന്‍മാരും യോഹന്നാന് ഉണ്ടായിരുന്നു.
വരാനിരിക്കുന്ന രക്ഷകന്‍ യോഹന്നാന്‍ തന്നെയാണെന്നു പലരും വിശ്വസിച്ചു. ''എനിക്കു പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തനാണ്. അവന്റെ ചെരുപ്പിന്റെ ചരട് അഴിക്കുവാന്‍ പോലും ഞാന്‍ യോഗ്യനല്ല'' എന്നാണ് യോഹന്നാന്‍ യേശുവിനെ കുറിച്ചു ജനങ്ങളോട് പറഞ്ഞത്. യേശുവിനെ സ്‌നാപക യോഹന്നാന്‍ സ്‌നാനപ്പെടുത്തുന്ന സംഭവവും ബൈബിളില്‍ വിവരിച്ചിട്ടുണ്ട്. സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവനായി ആരുമില്ലെന്ന് യേശുവും പറഞ്ഞിട്ടുണ്ട്. മകളുടെ വാക്കുകള്‍ വിശ്വസിച്ച് ഹേറോദോസ് രാജാവ് യോഹന്നാനെ തലയറുത്ത് കൊല്ലുകയായിരുന്നു. പിന്നീട് ഏറെക്കാലത്തോളം യോഹന്നാന്റെ തല രാജാവ് സൂക്ഷിച്ച് വച്ചിരുന്നതായി പറയപ്പെടുന്നു. എ.ഡി. 30ലാണ് യോഹന്നാന്റെ മരണം എന്നാണ് കരുതപ്പെടുന്നത്.

Comments