ഡാ വിഞ്ചി കോഡ് എന്ന വിവാദ നോവലിലൂടെ ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന കത്തോലിക്കാ സമൂഹമാണു ഓപസ് ഡേയി. നോവലില്‍ ഒരു വില്ലന്റെ സ്ഥാനമാണ് ഓപസ് ഡേയിയുടെ തലവനായ ബിഷപ്പിനു നല്‍കിയിരിക്കുന്നത്. എന്നാല്‍, ഡാന്‍ ബ്രൗണ്‍ എന്ന നോവലിസ്റ്റ് അദ്ദേഹത്തിന്റെ ഭാവനയിലൂടെ ഓപസ് ഡേയിക്ക് വില്ലന്‍ സ്ഥാനം കൊടുത്തു എന്നല്ലാതെ മറ്റൊരു അടിസ്ഥാനവും ആ ആരോപണത്തിനില്ല. ഓപസ് ഡേയി യഥാര്‍ഥത്തില്‍ യേശുവിന്റെ വിശുദ്ധ കുരിശിനെ ധ്യാനിച്ച് ജീവിക്കുന്ന ഒരു പറ്റം ആളുകളുടെ കൂട്ടായ്മയാണ്. ഈ സമൂഹത്തിനു തുടക്കം കുറിച്ച വിശുദ്ധനാണ് ജോസ് മരിയ എസ്‌ക്രിവ. ജോസ്, ഡോളോറസ് എസ്‌ക്രിവ എന്നീ ദമ്പതികളുടെ ആറു മക്കളില്‍ ഒരാളായിരുന്ന ജോസ് മരിയ. സ്‌പെയിനിലെ ഒരു ചെറുകിട ബിസിനസുകാരനായിരുന്നു ജോസ് മരിയയുടെ പിതാവ് ജോസ്. ബിസിനസ് ഒരു പരാജയമായിരുന്നു. കടങ്ങള്‍ കൊണ്ട് ആ കുടുംബം പൊറുതിമുട്ടി. ഒടുവില്‍ സര്‍വവും വിറ്റു കടങ്ങള്‍ വീട്ടി, സ്‌പെയിനിലെ മറ്റൊരു ദൂരനാട്ടിലേക്ക് ആ കുടുംബം മാറിതാമസിച്ചു.
അവിടെ വച്ചാണ് ജോസ് മരിയ തന്റെ വിശ്വാസജീവിതത്തിന്റെ ആഴങ്ങളിലേക്ക് കടക്കുന്നത്. ഒരിക്കല്‍ അദ്ദേഹം ഒരു ക്രൈസ്തവ സന്യാസിയെ പരിചയപ്പെട്ടു. മഞ്ഞുമലയില്‍ തപസ് അനുഷ്ഠിച്ചിരുന്ന ആ സന്യാസിയുടെ കാല്‍പാടുകള്‍ പിന്തുടരാനും യേശുവിനെ സ്‌നേഹിക്കുവാനും ജോസ് മരിയ തീരുമാനിച്ചു. പൗരോഹിത്യപഠനത്തിനായി ജോസ് മരിയ ലോഗ്‌റോനയിലെ സെമിനാരിയില്‍ ചേര്‍ന്നു. അവിചാരിതമായി പിതാവ് മരിച്ചതോടെ അവിടെ വിദ്യാര്‍ഥിയായിരിക്കുമ്പോഴും കഠിനമായി അദ്ധ്വാനിക്കുകയും കുടുംബം പോറ്റുകയും ചെയ്യേണ്ടി വന്നു. 1925 ല്‍ പൗരോഹിത്യപട്ടം സ്വീകരിച്ച് ജോസ് മരിയ പിന്നീട് നിയമപഠനത്തിനായി പോയി. മാഡ്രിഡില്‍ വച്ച് 1928 ലാണ് ജോസ് മരിയ 'ഓപസ് ഡേയി' എന്ന സന്യാസ സമൂഹത്തിനു രൂപം കൊടുക്കുന്നത്. സഭയോടും കുടുംബത്തോടും സമൂഹത്തോടുമുള്ള കടമകള്‍ ചെയ്ത് പൂര്‍ണമായും യേശുവിനു വേണ്ടി ജീവിതം സമര്‍പ്പിച്ച് വിശുദ്ധിയില്‍ ജീവിക്കുന്ന ഒരു വിഭാഗത്തിന്റെ കൂട്ടായ്മയായിരുന്നു 'ഓപസ് ഡേയി'യുടെ ലക്ഷ്യം. 'ഓപസ് ഡേയി'യുടെ വളര്‍ച്ചയ്ക്കു വേണ്ടി അഹോരാത്രം ജോസ് മരിയ കഷ്ടപ്പെട്ടു.
തന്റെ ജീവിതം വിശുദ്ധിയുടെ പ്രതീകമാക്കി ജോസ് മരിയ മറ്റുള്ളവര്‍ക്കു മാതൃക കാട്ടുകയും ചെയ്തു. സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത് നാടുവിട്ടുപോകുകയും രഹസ്യമായി പ്രേഷിതപ്രവര്‍ത്തനത്തില്‍ മുഴുകുകയും ചെയ്ത ജോസ് മരിയ യുദ്ധം കഴിഞ്ഞപ്പോള്‍ മാഡ്രിഡില്‍ മടങ്ങിയെത്തി. ജോസ് മരിയ ഒരു സുവിശേഷ പ്രാസംഗികനും പൗരോഹിത്യവിദ്യാര്‍ഥികളുടെ അധ്യാപകനും നിയമജ്ഞനുമൊക്കെയായിരുന്നു. 1943 ല്‍ ഓപസ് ഡേയിയുടെ ഭാഗമായി വിശുദ്ധ കുരിശിനെ ധ്യാനിക്കുന്ന പുരോഹിതരുടെ കൂട്ടായ്മയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലും വ്യാപകമായി സഞ്ചരിച്ച് 'ഓപസ് ഡേയി'യുടെ വളര്‍ച്ചയ്ക്കു വേണ്ടി ശ്രമിച്ച ജോസ് മരിയ വത്തിക്കാനിലെ മതപഠന വിദഗധരില്‍ ഒരാളായിരുന്നു. 'ഓപസ് ഡേയി' വളര്‍ന്നു, പടര്‍ന്നു പന്തലിച്ചു. 1975 ല്‍ ജോസ് മരിയ മരിക്കുമ്പോള്‍ ഓപസ് ഡേയിക്ക് 80 രാജ്യങ്ങളിലായി 80000 അംഗങ്ങളുണ്ടായിരുന്നു. ജോസ് മരിയയുടെ മാധ്യസ്ഥത വഴി നിരവധി പേര്‍ക്ക് രോഗശാന്തി ലഭിച്ചുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് 2002 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Comments
Post a Comment