ജൂണ്‍ 28 : വി. ഇറേനിയൂസ്

അടുത്ത കാലത്തായി വാര്‍ത്താമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാവിഷ യമായിട്ടുള്ള ഒരു വിശുദ്ധനാണ് ആദിമസഭയുടെ പിതാവായിരുന്ന വി. ഇറേനിയൂസ്. അടുത്തയിടെ പുറത്തിറങ്ങിയ 'യൂദാസിന്റെ സുവിശേഷം' എന്ന നോസ്റ്റിക് ഗ്രന്ഥത്തിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇറേനിയൂസ് കടന്നു വന്നത്. യൂദാസിന്റെ സുവിശേഷം സത്യമാണെന്നു വാദിക്കുന്നവരും ഇത് തള്ളിക്കളയേണ്ടതാണ് എന്നു വാദിക്കുന്നവരും ഇറേനിയൂസിന്റെ വാക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആദിമസഭാപിതാക്കന്‍മാരില്‍ പ്രമുഖ സ്ഥാനമുള്ള ഇറേനിയൂസ് എ.ഡി. 180 ല്‍ പാഷാണ്ഡതകള്‍ക്കെതിരെ എഴുതിയ ലേഖനങ്ങളിലൊന്നില്‍ 'യൂദാസിന്റെ സുവിശേഷ'ത്തെ പറ്റിയും എഴുതിയിരുന്നു.



ഈ കൃതി തള്ളിക്കളയേണ്ടതാണെന്നും 'കെയ്‌നിറ്റ്‌സ്' എന്ന വിഭാഗം എഴുതിയ സത്യത്തോടു ബന്ധമില്ലാത്ത ഗ്രന്ഥമാണ് ഇതെന്നും ഇറേനിയൂസ് എഴുതിവച്ചു. അദ്ദേഹത്തിന്റെ ലേഖനം ഒന്നുകൊണ്ടു മാത്രം 'യൂദാസിന്റെ സുവിശേഷം' തള്ളിക്കളയേണ്ടതാണ് എന്ന് സഭ പറയുന്നു. 'യൂദാസിന്റെ സുവിശേഷം' മറ്റു ബൈബിള്‍ സുവിശേഷങ്ങളുടെ കാലത്തുതന്നെയോ അതിനു തൊട്ടുപിന്നാലെയോ എഴുതപ്പെട്ടതാണ് എന്ന് തെളിയിക്കുന്നതിനു വേണ്ടിയാണ് ആ സുവിശേഷത്തിനു വേണ്ടി വാദിക്കുന്നവര്‍ ഇറേനിയൂസിന്റെ ലേഖനം എടുത്തുകാണിക്കുന്നത്. എ.ഡി. 180ല്‍ ബിഷപ്പ് ഇറേനിയൂസ് ഈ പുസ്തകത്തെക്കുറിച്ച് എഴുതിയത് അതിനു മുന്‍പു തന്നെ യൂദാസിന്റെ സുവിശേഷം എഴുതപ്പെട്ടിരുന്നു എന്നതിനു തെളിവായി ഈ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ബൈബിളിലെ കായേല്‍, ഏശാവ് തുടങ്ങിയ പഴയ നിയമ കഥാപാത്രങ്ങളെ യും യൂദാസ് അടക്കമുള്ള പുതിയനിയമത്തിലെ 'വില്ലന്‍'മാരെയും വലിയവരായി കണ്ട വിഭാഗമാ യിരുന്നു 'കെയിനിറ്റ്‌സ്'. ആദിമസഭയെ വഴിതെറ്റിക്കുവാന്‍ ഇത്തരം നിരവധി വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഇറേനിയൂസിന്റെ പുസ്തകങ്ങളിലൂടെ കാണാം. ഏഷ്യാമൈനറില്‍ ജനിച്ച ഒരു യവനനായിരുന്നു ഇറേനിയൂസ്.

ബിഷപ്പായിരുന്ന പോളിക്കാര്‍പ്പിന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ദൈവശാസ്ത്രവിഷയങ്ങളോട് ഏറെ താത്പര്യ മുണ്ടായിരുന്നു അദ്ദേഹത്തിന്. യേശുവിന്റെ ശിഷ്യന്‍മാരുടെ ശിഷ്യനായിരുന്ന പാപ്പിയാസിന്റെ ശിഷ്യനായിരുന്നു ഇറേനിയൂസ്. മറ്റു മതവിഭാഗങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ടായി രുന്നു. ഈ അറിവ് എല്ലാ മതങ്ങളെയും വിശദമായി മനസിലാക്കി വിലയിരുത്തുന്നതിന് അദ്ദേഹത്തെ സഹായിച്ചു. ഇറേനിയൂസിന്റെ ഭാഷ വളരെ ലളിതവും എളുപ്പം മനസിലാകുന്നതു മായിരുന്നു. നിരവധി പേര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് യേശുവില്‍ വിശ്വസിച്ചു. സെവേരൂസ് ചക്രവര്‍ത്തിയുടെ ക്രൈസ്തവപീഡനത്തിന്റെ ഭാഗമായി ഇറേനിയൂസും കൊല്ലപ്പെടുകയാ യിരുന്നു. 202 ല്‍ മറ്റ് അനേകം ക്രിസ്ത്യാനികള്‍ക്കൊപ്പം അദ്ദേഹവും രക്തസാക്ഷിത്വം വരിച്ചു. മരണത്തെ ധീരമായി നേരിട്ട് യേശുവിനു വേണ്ടി ഇരുകൈയും നീട്ട് സ്വീകരിച്ച ഇറേനിയൂസിന്റെ പാത പിന്തുടര്‍ന്ന് നിരവധി പേര്‍ അക്കാലത്ത് ക്രൈസ്തവരക്തസാക്ഷികളായി മാറി.

Comments