യേശുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ശിഷ്യനായിരുന്ന പത്രോസ് ശ്ലീഹായുടെ ഓര്‍മദിവസമാണിന്ന്. പത്രോസ് എന്ന വാക്കിന്റെ അര്‍ഥം 'പാറ' എന്നാണ്. ''പത്രോസെ, നീ പാറയാകുന്നു. ഈ പാറമേല്‍ ഞാനെന്റെ ദേവാലയം പണിയും'' എന്നാണ് യേശു പത്രോസിനോട് പറഞ്ഞത്. വെറുമൊരു മല്‍സ്യത്തൊഴിലാളിയെ യേശു കൈപിടിച്ച് തന്റെ സഭയുടെ പിതാവാക്കി. ഗലീലിയയിലെ ബെത്തസയിദായിലാണ് പത്രോസ് ജനിച്ചത്. 'ശിമയോന്‍' എന്നായിരുന്നു പത്രോസിന്റെ ആദ്യ പേര്. പത്രോസും സഹോദരനായ അന്ത്രയോസും മീന്‍പിടിത്തക്കാരായിരുന്നു. പത്രോസ് തന്റെ വിവാഹശേഷം ഭാര്യയോടും അന്ത്രയോസിനോടുമൊപ്പം കഫര്‍ണാമിലേക്ക് മാറിത്താമസിച്ചു.
മനുഷ്യവംശത്തിന്റെ രക്ഷയ്ക്കായി അവതരിക്കുന്ന രക്ഷകനെക്കുറിച്ച് പത്രോസ് ഏറെ കേട്ടിട്ടുണ്ടായിരുന്നു. രക്ഷകനു വേണ്ടി കാത്തിരിക്കുന്നതിനിടയിലാണ് അവര്‍ യേശുവിനു വഴിയൊരുക്കുവാനായി വന്ന സ്‌നാപകയോഹന്നാനെ കാണുന്നത്. അദ്ദേഹത്തിന്റെ പ്രസംഗ ത്തില്‍ ആകര്‍ഷിതരായി പത്രോസും അന്ത്രയോസും യോഹന്നാന്റെ ശിഷ്യന്‍മാരായി. അന്ത്രയോ സാണ് യേശുവിനെ ആദ്യമായി കാണുന്നത്. ഇതാണ് രക്ഷകന്‍ എന്നു തിരിച്ചറിഞ്ഞ അന്ത്രയോസ് പത്രോസിനെ യേശുവിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. പത്രോസിനെ കണ്ടപ്പോള്‍ യേശു പറഞ്ഞു: ''നീ യൗനായുടെ പുത്രനായ ശിമയോനാണല്ലോ, ഇനി മുതല്‍ നീ കേപ്പാ (പാറ) എന്നര്‍ഥമുള്ള പത്രോസ് എന്നു വിളിക്കപ്പെടും.'' (യോഹന്നാന്‍ 1: 42) യേശുവിന്റെ ശിഷ്യന്‍മാരുടെ പട്ടികയില്‍ ആദ്യപേരാണ് പത്രോസിന്റേത്. എല്ലാ സുവിശേഷകന്‍മാരും പത്രോസിന് ഒന്നാം സ്ഥാനം കൊടുക്കുന്നു. പ്രഥമശിഷ്യന്‍ എന്ന സ്ഥാനം യേശുവും പത്രോസിനു കൊടുത്തിരുന്നു. ''നീ പാറയാകുന്നു. ഈ പാറമേല്‍ ഞാനെന്റെ ദേവാലയം പണിയും.
നരകവാതിലുകള്‍ അതിനെതിരായി പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്ക് തരും. ഭൂമിയില്‍ നീ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെടും. ഭൂമിയില്‍ നീ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെടും.'' (മത്തായി 16: 18-19) പത്രോസ് യേശുവിനെ മൂന്നു തവണ തള്ളിപ്പറയുന്ന സംഭവവും ബൈബിളില്‍ പറയുന്നുണ്ട്. യേശുവിന്റെ പ്രവചനമായിരുന്നു അത്. ''കോഴി കൂവുന്നതിനു മുന്‍പ് നീ എന്നെ മൂന്നു തവണ തള്ളിപ്പറയും'' എന്നു യേശു പറഞ്ഞു. പീന്നീട് പടയാളികള്‍ അവിടുത്തെ തടവിലാക്കി. പത്രോസും പിന്നാലെ പോയി. അവിടെ ഒളിഞ്ഞുനിന്ന് യേശുവിനെ നിരീക്ഷിച്ചുകൊണ്ടിരുന്നു. അവിടെ വച്ച് ചിലര്‍ 'നീ യേശുവിനൊപ്പം ഉണ്ടായിരുന്നവനല്ലേ?' എന്നു ചോദിക്കുമ്പോള്‍ പത്രോസ് അത് നിഷേധിക്കുന്നു.
എന്നാല്‍, മറ്റു ശിഷ്യന്‍മാരെല്ലാം ഓടിയൊളിച്ച അവസ്ഥയി ലാണ് പത്രോസ് ഇതു പറയുന്നതെന്ന് ചിന്തിക്കുമ്പോള്‍ അദ്ദേഹത്തെ തെറ്റുപറയാന്‍ പറ്റുകയില്ല. മാത്രമല്ല പത്രോസ് താന്‍ ചെയ്തു പോയതിനെയോര്‍ത്ത് പശ്ചാത്തപിക്കുന്നുമുണ്ട്. യേശുവിന്റെ മരണശേഷം ആദിമക്രൈസ്തവ സമൂഹത്തെ പത്രോസാണ് നയിക്കുന്നത്. ഒറ്റുകാരനായ യൂദാസിനു പകരക്കാരനായി മത്തിയാസിനെ തിരഞ്ഞെടുക്കുന്നതും വിജാതീയനായ കെര്‍ണേലിയൂസിന്റെ കുടുംബത്തെ ജ്ഞാനസ്‌നാനപ്പെടുത്തുന്നതുമായ സംഭവങ്ങള്‍ നടപടി പുസ്തകത്തില്‍ വായിക്കാം. ഏഴു വര്‍ഷം അന്ത്യോക്യയിലാണ് പത്രോസ് ചിലവഴിച്ചത്. പിന്നീട് റോമിലേക്ക് മാറി. ആദ്യത്തെ പോപ്പാണ് പത്രോസ്. നീറോ ചക്രവര്‍ത്തിയുടെ ആജ്ഞപ്രകാരം 67 ജൂണ്‍ 29 ന് പത്രോസിനെ വത്തിക്കാനില്‍ വച്ച് കുരിശില്‍ തറച്ചു കൊല്ലുകയായിരുന്നു.
Comments
Post a Comment