സാവൂളിന്റെ ജീവിത കഥ ബൈബിളില്‍ വിശദമായി പറയുന്നുണ്ട്. നടപടി പുസ്തകത്തില്‍ സാവൂളിന്റെ മാനസാന്തര കഥ വായിക്കാം. ബൈബിളിലെ 14 പുസ്തകങ്ങള്‍ പൗലോസ് എന്ന പേരു സ്വീകരിച്ച ഈ വിശുദ്ധന്റെ ലേഖനങ്ങളാണ്. സാവൂള്‍ എന്നായിരുന്നു പൗലോസിന്റെ ആദ്യ പേര്. ബെഞ്ചമിന്‍ ഗോത്രത്തിലായിരുന്നു സാവൂളിന്റെ ജനനം. ഏഷ്യാമൈനറിലെ ടാര്‍സൂസ് എന്ന നഗരം അന്ന് റോമാക്കാരുടെ കൈവശമായിരുന്നു. യേശുവിന്റെ ശിഷ്യന്‍മാരെ എല്ലാവരെയും കൊന്നൊ ടുക്കുമെന്ന് ശപഥം ചെയ്തിരുന്ന ആളായിരുന്നു സാവൂള്‍. ക്രിസ്ത്യാനികളോട് അടങ്ങാത്ത കോപമായിരുന്നു അദ്ദേഹത്തിന്.
ഒരിക്കല്‍ അദ്ദേഹം റോമിന്റെ മഹാപുരോഹിതനെ സമീപിച്ച്, ക്രിസ്ത്യാനികളെ പിടിച്ചുകെട്ടി ജറുസലേമിലേക്ക് കൊണ്ടുപോകുന്നതിനു നിര്‍ദേശം നല്‍കണമെന്നു അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഈയാവശ്യം നടപ്പാക്കിയെടുക്കുന്നതിനായി അദ്ദേഹം ഡമാസ്‌കസിലേക്ക് പോയി. എന്നാല്‍, ദൈവം അദ്ഭുതകരമായി പ്രവര്‍ത്തിച്ചു. ഡമാസ്‌കസിലേക്കുള്ള യാത്രാമധ്യേ ഒരു പ്രകാശം സാവൂള്‍ കണ്ടു. അദ്ദേഹം നിലത്തുവീണു. യേശുവിന്റെ ശബ്ദം മുഴങ്ങി. ''സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു. നീ പീഡിപ്പിക്കുന്ന നസറത്തുകാരനായ യേശുവാണു ഞാന്‍.'' യേശുവിന്റെ ദര്‍ശനം സാവൂളിനെ മാനസാന്തരപ്പെടുത്തി. അദ്ദേഹം പൗലോസ് എന്ന പേര് സ്വീകരിച്ചു. കുറച്ചുദിവസങ്ങള്‍ക്കുശേഷം യേശുവിന്റെ നാമം വിളിച്ചു പറഞ്ഞുതുടങ്ങി. സുവിശേഷം പ്രസംഗിച്ചു. അനേകം പേരെ ക്രിസ്തുവിന്റെ അനുയായികളാക്കി.
യഹൂദര്‍ യേശുവിന്റെ ശിഷ്യന്‍മാരെ പിടികൂടാന്‍ അവസരം കാത്തിരിക്കുകയായിരുന്നു. അവര്‍ പൗലോസിനെ നോട്ടമിട്ടു. ഇതറിഞ്ഞ പൗലോസ് ജറുസലേമിലെത്തി. അപ്പസ്‌തോലനായ പത്രോസിനെ കണ്ടു. ജറുസലേമില്‍ തന്നെ കുറച്ചുദിവസം കൂടി തങ്ങാനാണ് പത്രോസ് പറഞ്ഞത്. നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്ത് അവിടെയെല്ലാം ക്രൈസ്തവസമൂഹങ്ങള്‍ക്ക് രൂപം കൊടുത്തത് പൗലോസാണ്. നിരവധി പ്രേഷിതയാത്രകള്‍ അദ്ദേഹം നടത്തി. എ.ഡി.57ല്‍ കേസരെയായില്‍ വച്ചാണു പൗലോസ് തടവിലാക്കപ്പെട്ടത്. പീന്നീട് കാരാഗൃഹത്തിലിരുന്ന് അദ്ദേഹം ക്രൈസ്തവ സമൂഹത്തിനോട് സംസാരിച്ചത് ലേഖനങ്ങളിലൂടെയായിരുന്നു. ഇന്ന് നാം വായിക്കുന്ന പൗലോസിന്റെ 14 ലേഖനങ്ങളില്‍ ഏറെയും കാരാഗൃഹത്തില്‍ നിന്ന് എഴുതിയ വയാണ്. എ.ഡി. 67ലാണ് പൗലോസ് കൊല്ലപ്പെടുന്നത്. തലവെട്ടിയാണ് അദ്ദേഹത്തെ കൊന്നത്. തെറിച്ചുവീണ അദ്ദേഹത്തിന്റെ ശിരസ് മൂന്നു തവണ തെറിച്ചു ചാടിയെന്നു വിശ്വസിക്കപ്പെടുന്നു. മാനസാന്തരപ്പെട്ടാല്‍ ഏതൊരു കൊടുംപാപിക്കും യേശുവിന്റെ അനുയായി ആയി മാറാം എന്നതിനു ഉദാഹരണമാണ് പൗലോസ് ശ്ലീഹാ.
Comments
Post a Comment