ഇറ്റലിയിലെ നേപ്പിള്‍സിലുള്ള കരാക്കിയോളോ എന്നു പേരായ ഒരു പ്രഭുകുടുംബത്തിലാണ് ഫ്രാന്‍സീസ് ജനിച്ചത്. അസ്‌കാനിയോ എന്നായിരുന്നു ഫ്രാന്‍സീസിന്റെ ആദ്യ പേര്. എല്ലാവിധ സൗകര്യങ്ങളും സ്വാധീനവും പണവുമുള്ള കുടുംബമായിരുന്നുവെങ്കിലും ഇവയെല്ലാം ഉപേക്ഷിച്ച്, മാതാവിന്റെ ജപമാല ചൊല്ലി, വി. കുര്‍ബാനയില്‍ പങ്കുചേര്‍ന്നു ജീവിക്കാനാണു ബാലനായ ഫ്രാന്‍സീസ് ആഗ്രഹിച്ചത്. പാവപ്പെട്ടവരെ സഹായിക്കാനും നിത്യവും അവര്‍ക്കു ഭക്ഷണം എത്തിച്ചുകൊടുക്കുവാനും അവന്‍ തയാറായി. പ്രാര്‍ഥനയ്ക്കിടെ ചിലപ്പോഴൊക്കെ നായാട്ടിനു പോകുക ഫ്രാന്‍സീസ് പതിവാക്കിയിരുന്നു. എന്നാല്‍, ദൈവഹിതത്തിന് യോജിച്ച വിനോദമല്ലായിരുന്നു അത്. വൈകാതെ ഫ്രാന്‍സീസിനു കുഷ്ഠരോഗം പിടിപ്പെട്ടു.
മുറിയില്‍ നിന്നു പുറത്തിറങ്ങാനാവാതെ അടച്ചുപൂട്ടി ഇരിക്കേണ്ടി വന്നതോടെ നായാട്ടും അവസാനിച്ചു. ഫ്രാന്‍സീസ് ദൈവത്തില്‍ അഭയം പ്രാപിച്ചു. തീഷ്ണത യോടെ പ്രാര്‍ഥിച്ചു. ഒടുവില്‍ മാറാവ്യാധിയായി അക്കാലത്ത് പടര്‍ന്നു പിടിച്ചുകൊണ്ടിരുന്ന കുഷ്ഠരോഗത്തില്‍ നിന്ന് അവന്‍ പൂര്‍ണമായും സുഖപ്പെട്ടു. തനിക്കുള്ള സ്വത്തുക്കളെല്ലാം വിറ്റ് ആ പണം മുഴുവന്‍ ദരിദ്രര്‍ക്കു വീതിച്ചു കൊടുത്ത ശേഷം മാതാപിതാക്കളെയും ഉപേക്ഷിച്ച് ഫ്രാന്‍സീസ് പൗരോഹിത്യപഠനത്തിനായി നേപ്പിള്‍സിലേക്കു പോയി.
ജയില്‍പുള്ളികളെ നിത്യവും സന്ദര്‍ശിക്കുക, അടിമജോലി ചെയ്യുന്നവരെ സഹായിക്കുക വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കഴിയുന്നവരെ മരണത്തിനായി ഒരുക്കുക തുടങ്ങിയവയില്‍ ശ്രദ്ധവച്ചാണ് ഫ്രാന്‍സീസ് പിന്നീട് ജീവിച്ചത്. ഒഴിവുസമയങ്ങളില്‍ മുഴുവന്‍ യേശുവിന്റെ തിരുഹൃദയത്തെ ക്കുറിച്ച് ധ്യാനിക്കുവാനും പ്രാര്‍ഥിക്കുവാനും ശ്രമിച്ചു. ഫ്രാന്‍സീസിനു 25 വയസുള്ളപ്പോള്‍ മറ്റു രണ്ടു യുവപുരോഹിതര്‍ക്കൊപ്പം പുതിയൊരു സന്യാസ സഭയ്ക്കു തുടക്കം കുറിച്ചു. വളരെ കര്‍ശനമായ നിയമങ്ങളായിരുന്നു ആ സഭയുടേത്. ചമ്മട്ടിയടി ഏല്‍ക്കുക, ഭക്ഷണം ഉപേക്ഷിക്കുക, രോമച്ചട്ട അണിയുക, വിശുദ്ധ കുര്‍ബാനയെ ആരാധിക്കുക തുടങ്ങിയ പ്രായശ്ചിത്തങ്ങള്‍ ഒരോ ദിവസവം ഒരോരുത്തര്‍ എന്ന കണക്കില്‍ അവര്‍ ചെയ്തു പോന്നു.
ഒരു സ്ഥാനമാനങ്ങളും സ്വീകരിക്കുകയില്ല എന്നതായിരുന്നു അവരുടെ മറ്റൊരു ശപഥം. പിന്നീട് ഫ്രാന്‍സീസിന്റെ ജീവിതവിശുദ്ധി മനസിലാക്കി മാര്‍പാപ്പ അദ്ദേഹത്തെ മെത്രാനാക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥാനമാനങ്ങള്‍ സ്വീകരിക്കുകയില്ല എന്ന ശപഥത്തില്‍ ഫ്രാന്‍സീസ് ഉറച്ചു നിന്നു. കടുത്ത പനിയെ തുടര്‍ന്ന് 1608ലാണ് ഫ്രാന്‍സീസ് മരിച്ചത്. 1807ല്‍ പോപ് പയസ് ഏഴാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Comments
Post a Comment