ജൂണ്‍ 7 : വാഴ്ത്തപ്പെട്ട ആനി ഗാര്‍സിയ (1549-1626)

വി. ത്രേസ്യയുടെ സന്തതസഹചാരിയായിരുന്നു ആനി ഗാര്‍സിയ. ആടുകളെ മേയ്ച്ചിരുന്ന ഒരു പാവം പെണ്‍കുട്ടിയായിരുന്നു ആനി. വളരെ ദരിദ്രമായ കുടുംബമായിരുന്നു അവളുടേത്. മലമുകളില്‍ ആടുകളെ മേയ്ക്കുമ്പോള്‍ അവള്‍ക്ക് കൂട്ട് യേശു മാത്രമായിരുന്നു. യേശുവിന്റെ മണവാട്ടിയാകാന്‍ തന്റെ ജീവിതം മാറ്റിവയ്ക്കുമെന്ന് വളരെ ചെറിയ പ്രായത്തില്‍ തന്നെ അവള്‍ ശപഥം ചെയ്തു. പതിമൂന്നു വയസ് മാത്രമുള്ളപ്പോള്‍ കന്യാസ്ത്രീയാകുവാനായി കര്‍മലീത്ത കോണ്‍വന്റില്‍ അവള്‍ എത്തി. എന്നാല്‍, ചെറിയ പ്രായത്തില്‍ കന്യാസ്ത്രീയാകാന്‍ അനുവാദമില്ലെന്നു പറഞ്ഞ് അധികാരികള്‍ അവളെ മടക്കി അയയ്ക്കുകയാണു ചെയ്തത്. പിന്നീടുള്ള വര്‍ഷങ്ങള്‍ തന്റെ ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് അവള്‍ ജീവിച്ചു.



ആനിയുടെ സഹോദരന്‍മാര്‍ക്ക് അവളുടെ തീരുമാനത്തോടെ വിയോജിപ്പാണ് ഉണ്ടായിരുന്നത്. അവര്‍ കര്‍ശനമായി എതിര്‍ത്തു. കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ചതിന്റെ പേരില്‍ അവരില്‍ നിന്ന് ശാരീരിക പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു. എന്നാല്‍, ആനി അതെല്ലാം നിശ്ശബ്ദയായി സഹിച്ചു. ഇരുപതാം വയസിള്‍ ആനി വീണ്ടും കാര്‍മലീത്ത കോണ്‍വന്റിലെത്തി. 1572 ല്‍ അവള്‍ വ്രതവ്യാഖ്യാനം നടത്തി. മഠത്തിന്റെ സുപ്പീരിയറായിരുന്ന അമ്മ ത്രേസ്യക്കു (വി. ത്രേസ്യ) ആനിയോട് പ്രത്യേക താത്പര്യമുണ്ടായിരുന്നു. വി. ത്രേസ്യയുടെ ഒരു സെക്രട്ടറിയെ പോലെയാണ് ആനി ജോലി ചെയ്തിരുന്നത്. അമ്മ ത്രേസ്യയുടെ യാത്രകളിലെല്ലാം ആനി കൂടെയുണ്ടാവും. 1582ല്‍ വി. ത്രേസ്യ മരിക്കുന്നതും ആനിയുടെ മടിയില്‍ കിടന്നായിരുന്നു.
കന്യാസ്ത്രീയുള്ള ജീവിതത്തിനിടയ്ക്ക് ഒട്ടെറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നുവെങ്കിലും അപ്പോഴെല്ലാം വി. ത്രേസ്യയുടെ വാക്കുകളാണ് അവള്‍ക്കു തുണയായി നിന്നത്. ആനി കവിതകളെഴുതുമായിരുന്നു. പ്രാര്‍ഥനയ്ക്കും ഉപവാസത്തിനുമിടയ്ക്ക് കവിതകളിലൂടെ അവള്‍ ദൈവത്തോട് സംസാരിച്ചു. ആനിയുടെ കവിതകള്‍ പിന്നീട് പുസ്തകരൂപത്തില്‍ ഇറങ്ങി. കര്‍മലീത്ത സഭയുടെ വിവിധ സന്യാസിനി സമൂഹങ്ങള്‍ പല ഭാഗത്തായി തുടങ്ങുന്നതിനും ആനി മുന്‍കൈയെടുത്തു. 1826 ല്‍ ബെല്‍ജിയത്തില്‍ വച്ച് ആനി മരിച്ചു. 1917ല്‍ പോപ് ബെനഡിക്ട് പതിനഞ്ചാമന്‍ ആനിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

Comments