കുലീനവും സമ്പന്നവുമായ ഒരു റോമന്‍ കുടുംബത്തിലെ അംഗ മായിരുന്ന വി. ഫെലിസിത്ത ഏഴു ആണ്‍മക്കളുടെ അമ്മയായിരുന്നു. തന്റെ മക്കളെയെല്ലാം ഒന്നിനു പിറകെ ഒന്നായി കൊന്നൊടുക്കുന്ന കാഴ്ച കണ്ടുകൊണ്ടുനില്‍ക്കേണ്ടി വന്ന വിശുദ്ധയാണവര്‍. യേശു വിന്റെ നാമത്തെപ്രതി ഫെലിസിത്തയും ഏഴുമക്കളും രക്തസാക്ഷി കളായി മാറിയ സംഭവം ഒരു നാടോടിക്കഥ പോലെ ക്രിസ്തീയ കുടുംബങ്ങളിലെ അമ്മമാര്‍ തങ്ങളുടെ മക്കളെ പഠിപ്പിച്ചു പോന്നിരുന്നവയാണ്.
ക്രിസ്തീയ ചൈതന്യത്തില്‍ വളരുവാനും വിശ്വാസം ശക്തിപ്പെടുത്താനും സഹായിക്കുന്ന കഥയാണ് ഇവരുടേത്. ഭര്‍ത്താവ് മരിച്ച ശേഷം ഏഴ് ആണ്‍മക്കളെ ഫെലിസിത്ത ഒറ്റയ്ക്കാണ് വളര്‍ത്തിക്കൊണ്ടുവന്നത്. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമായിരുന്നുവെങ്കിലും ഏഴു മക്കളെ വളര്‍ത്തുന്നതിന്റെ കഷ്ടപ്പാട് നിശ്ശബ്ദമായി അവര്‍ സഹിച്ചുപോന്നു. മക്കളെയെല്ലാം യേശുവിനെക്കുറിച്ച് പഠിപ്പിച്ചു. എല്ലാവരും ഒന്നിച്ചിരുന്ന് കുടുംബപ്രാര്‍ഥന ചൊല്ലി. ഉപവാസം അനുഷ്ഠിച്ചു. ദാനധര്‍മങ്ങള്‍ ചെയ്യുന്നതില്‍ മക്കളില്‍ ഒരാള്‍ പോലും വീഴ്ചവരുത്തിയില്ല. പ്രാര്‍ഥനയുടെയും ഉപവാസ ത്തിന്റെയും പ്രതിഫലം ദൈവം സമൃദ്ധമായി അവര്‍ക്കു നല്‍കി. അവരുടെ കുടുംബത്തിന് ഐശ്വര്യങ്ങള്‍ കിട്ടിക്കൊണ്ടേയിരുന്നു. റോമന്‍ ദൈവങ്ങളെ ആരാധിച്ചിരുന്ന നാട്ടുകാരെ യേശുവിലേക്ക് നയിക്കുവാന്‍ ഇവരുടെ ജീവിതം മാതൃകയായി. റോമന്‍ ദൈവങ്ങളില്‍ നിന്ന് നാട്ടുകാര്‍ അകലുന്നതും അവരെല്ലാം യേശുവിലേക്ക് തിരിയുന്നതും വിജായതീയരായ ഭരണാധിപന്‍മാരെ ക്ഷുഭിതരാക്കി. ഫെലിസിത്തയും കുടുംബവും ചെയ്യുന്നത് രാജ്യദ്രോഹ മാണെന്ന് അവര്‍ ചക്രവര്‍ത്തിയെ ധരിപ്പിച്ചു.
അന്റേണിയസ് ചക്രവര്‍ത്തിയുടെ ഉത്തരവ് പ്രകാരം ഫെലിസിത്തയെയും കുടുംബത്തെയും തടവിലാക്കി. യേശുവിലുള്ള വിശ്വാസം ഉപേക്ഷിക്കണം എന്നൊരു വ്യവസ്ഥ മാത്രമാണ് അവര്‍ വച്ചത്. എന്നാല്‍, ഇത് ഫെലിസിത്ത ആദ്യം തന്നെ നിഷേധിച്ചു. ഏഴു മക്കള്‍ക്കും വളരെ സുപ്രധാനമായ പദവികള്‍ വാഗ്ദാനം ചെയ്യപ്പെട്ടു. മക്കളെ ഒരോരുത്തരെയായി വിളിച്ച് യേശുവിനെ ഉപേക്ഷിച്ചാല്‍ സമ്പത്തും പദവികളും നല്‍കാമെന്നു പറഞ്ഞെങ്കിലും ആരും വഴങ്ങിയില്ല. മക്കളെ താന്‍ കൊലമരത്തിനു മുന്നിലേക്ക് ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് ഫെലിസിത്തയ്ക്ക് അറിയാമായിരുന്നു. പക്ഷേ, എല്ലാറ്റിലും വലുത് യേശുവിലുള്ള വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുന്നതാണെന്ന് അവര്‍ മനസിലാക്കിയിരുന്നു. ഫെലിസിത്തയും മക്കളും വഴങ്ങുന്നില്ലെന്നു കണ്ടതോടെ ശിക്ഷാനടപടികള്‍ ആരംഭിച്ചു. ഫെലിസിത്തയെ സാക്ഷിയാക്കി മക്കളെ ഒരോരുത്തരെയായി കൊന്നു. ചിലരെ അടിച്ചുകൊന്നു. ചിലരെ കൊക്കയില്‍ തള്ളി. ചിലരുടെ കഴുത്തറത്തു. പ്രാര്‍ഥനയുടെ ശക്തിയാല്‍ ഫെലിസിത്ത എല്ലാറ്റിനും സാക്ഷിയായി. ഒടുവില്‍ അവരും കൊല ചെയ്യപ്പെട്ടു.
Comments
Post a Comment