ജൂലൈ 12 : വി. വെറോനിക്ക (ഒന്നാം നൂറ്റാണ്ട്)

വെറോനിക്കയെക്കുറിച്ച് കേട്ടിട്ടില്ലാത്ത ക്രിസ്ത്യാനികള്‍ കുറവാ യിരിക്കും. കുരിശും ചുമന്നുകൊണ്ട് ഗാഗുല്‍ത്തായിലേക്ക് യേശു നീങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് നിന്നു വാര്‍ന്നൊഴുകിയ രക്തം തന്റെ തൂവാലകൊണ്ട് തുടച്ച വിശുദ്ധയാണ് വെറോനിക്ക. യേശുവിന്റെ മുഖം ആ തൂവാലയില്‍ പതിഞ്ഞുവെന്നാണ് വിശ്വാസം. യേശു കുരിശും വഹിച്ചുകൊണ്ട് നീങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ തലയില്‍ മുള്‍മുടിയുണ്ടായിരുന്നു.



മുള്ളുകൊണ്ട് തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകിക്കൊണ്ടിരുന്നു. പിന്നില്‍ നിന്ന് പടയാളികള്‍ ചാട്ടവാറു കൊണ്ട് അവിടുത്തെ പ്രഹരിച്ചു. അദ്ദേഹത്തെ ഒരു വലിയ ഗണം വിശ്വാസികള്‍ അനുഗമിച്ചിരുന്നു. അവരില്‍ ഏറിയ പങ്കും സ്ത്രീകളായിരുന്നു. കുരിശും ചുമന്നുകൊണ്ട് മുന്നോട്ടു നീങ്ങാനാവാതെ നിലത്തുവീണ യേശുവിന്റെ അടുത്തേക്ക് വെറോനിക്ക ഓടിയെത്തി. തന്റെ തൂവാലകൊണ്ട് അവിടുത്തെ മുഖം തുടച്ചു. വെറോനിക്കയുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഏറെയൊന്നുമില്ല. അതേസമയം, നിരവധി കഥകള്‍ പ്രചരിച്ചു പോന്നു. ഇവയില്‍ ഏതാണ് സത്യവുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്നതില്‍ സംശയമുണ്ട്.

പലരാജ്യങ്ങളിലും പലതരത്തിലാണ് വെറോനിക്കയുടെ കഥ പ്രചരിച്ചത്. യേശുവിന്റെ കുരിശുമരണത്തിനു ശേഷം വെറോനിക്ക റോമിലെത്തിയെന്ന് ഇറ്റലിയിലെ ക്രിസ്ത്യാനികള്‍ വിശ്വസിച്ചുപോന്നു. യേശുവിന്റെ മുഖം പതിഞ്ഞ തൂവാല പലരെയും കാണിച്ചു. തിബേറിയൂസ് ചക്രവര്‍ത്തിയായിരുന്നു അന്ന് റോം ഭരിച്ചിരുന്നത്. വെറോനിക്ക തിബേറിയൂസിനെ യേശുവിന്റെ ചിത്രം കാണിച്ചുവെന്നും ആ ചിത്രത്തില്‍ അദ്ദേഹം സ്പര്‍ശിച്ചുവെന്നും കരുതപ്പെടുന്നു. വി.പത്രോസും പൗലോസും റോമിലുണ്ടായിരുന്ന സമയത്ത് തന്നെ വെറോനിക്കയും അവിടെയുണ്ടായിരുന്നു. സുവിശേഷത്തില്‍ പറയുന്ന 'സക്കേവൂസ്' എന്ന ധനവാന്റെ ഭാര്യയായി വെറോനിക്ക ജീവിച്ചുവെന്നാണ് ഫ്രാന്‍സില്‍ പ്രചരിച്ച കഥ. സക്കേവൂസിനൊപ്പം വെറോനിക്ക റോമിലെത്തിയെന്നും അവിടെ സന്യാസികളായി ജീവിച്ചുവെന്നും കഥകളുണ്ട്.

Comments