മൂന്നാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ച മാര്‍ഗരീത്ത എന്ന വിശുദ്ധയുടെ കഥ കേട്ടാല്‍ 'ഒരു നാടോടിക്കഥ' എന്നു തോന്നും. ഈ വിശുദ്ധയുടെ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന സംഭവങ്ങളില്‍ കുറച്ചൊക്കെ കഥകള്‍ ഉണ്ടാവാം. പക്ഷേ, ഒരു കാര്യത്തില്‍ മാത്രം തര്‍ക്കമില്ല. യേശുവിന്റെ നാമത്തെപ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധയാണ് കന്യകയായ മാര്‍ഗരീത്ത. മാര്‍ഗരത്ത്, മരീന, മറീന്‍ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന മാര്‍ഗരീത്തയ്ക്ക് ജനിച്ച് അധികം നാളുകള്‍ കഴിയുന്നതിനു മുന്‍പു തന്നെ അമ്മയെ നഷ്ടമായി.
മാര്‍ഗരീത്തയുടെ അച്ഛന്‍ പാഷണ്ഡമതങ്ങളിലൊന്നിന്റെ പുരോഹിതനായിരുന്നു. മാര്‍ഗരീത്തയെ വളര്‍ത്താന്‍ അയാള്‍ക്കു താത്പര്യമുണ്ടായിരുന്നില്ല. ക്രിസ്തുമതവിശ്വാസിയായ ഒരു സ്ത്രീയാണ് പിന്നീട് മാര്‍ഗരീത്തയെ വളര്‍ത്തിയത്. അവരിലൂടെ ആദ്യമായി യേശുവിന്റെ നാമം അവള്‍ കേട്ടു. അവള്‍ യേശുവിനെ സ്‌നേഹിച്ചുതുടങ്ങി. യേശുവിന്റെ നാമത്തില്‍ എന്നും നിത്യകന്യകയായി തുടരു മെന്ന് അവള്‍ ശപഥം ചെയ്തു. മാര്‍ഗരീത്ത അതീവ സുന്ദരിയായിരുന്നു. ഒരിക്കല്‍ ആടുകളെ മേയ്ച്ചുകൊണ്ടിരിക്കെ ഒരു റോമന്‍ മേലധികാരി അവളെ കണ്ടു. അവളുടെ സൗന്ദര്യത്തില്‍ മതിമറന്ന് അവളെ തനിക്കൊപ്പം കിടക്ക പങ്കിടാന്‍ അയാള്‍ ക്ഷണിച്ചു. എന്നാല്‍ മാര്‍ഗരീത്ത വഴങ്ങിയില്ല. നിരാശനായ ആ ഉദ്യോഗസ്ഥന്‍ മാര്‍ഗരീത്തയെ ക്രിസ്തുമത വിശ്വാസി എന്ന പേരില്‍ തടവിലാക്കി.
യേശുവിന്റെ അനുയായികളെ റോമന്‍ സൈന്യം കൊന്നൊടുക്കി കൊണ്ടിരുന്ന സമയമായിരുന്നു അത്. മാര്‍ഗരീത്തയെ വിചാരണ ചെയ്തപ്പോള്‍ യേശുവിനെ തള്ളിപ്പറഞ്ഞാല്‍ അവളെ മോചിപ്പിക്കാമെന്നു ന്യായാധിപന്‍ പറഞ്ഞെങ്കിലും അവള്‍ അത് പുച്ഛിച്ചുതള്ളി. മാര്‍ഗരീത്തയ്ക്ക് മരണശിക്ഷ വിധിക്കപ്പെട്ടു. ഒരു വലിയ കുട്ടകത്തില്‍ തിളച്ച വെള്ളത്തിലേക്ക് അവര്‍ മാര്‍ഗരീത്തയെ എറിഞ്ഞു. എന്നാല്‍ച്ച അവള്‍ക്ക് ഒരു ശതമാനം പോലും പൊള്ളലേറ്റില്ല. പലതവണ ശ്രമിച്ചുവെങ്കിലും അവളെ കൊലപ്പെടുത്താന്‍ അവര്‍ക്കായില്ല. ഒടുവില്‍ തലയറുത്ത് മാര്‍ഗരീത്തയെ കൊന്നു. മാര്‍ഗരീത്തയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പ്രചരിക്കുന്ന കഥ അവള്‍ ഒരു വ്യാളിയെ കൊലപ്പെടുത്തുന്ന സംഭവമാണ്. ഒരിക്കല്‍ മാര്‍ഗരീത്തയെ ഒരു ഭീകരവ്യാളി വിഴുങ്ങി. വ്യാളിയുടെ വയറ്റില്‍ കിടക്കവേ, മാര്‍ഗരീത്ത തന്റെകൈയിലിരുന്ന കുരിശുകൊണ്ട് ആ വ്യാളിയെ തൊട്ടു. ഉടന്‍ തന്നെ അതിന്റെ വയറുകീറുകളും മാര്‍ഗരീത്ത പുറത്തു വരികയും ചെയ്തു. ഗര്‍ഭി ണികളുടെയും നവജാതശിശുക്കളുടെയും മധ്യസ്ഥയായാണ് മാര്‍ഗരീത്ത അറിയപ്പെടുന്നത്. ഇംഗ്ലണ്ടില്‍ 250ലേറെ ദേവാലയങ്ങളില്‍ മാര്‍ഗരീത്തയാണ് മധ്യസ്ഥ.
Comments
Post a Comment