ഇറ്റലിയിലെ നേപ്പിള്‍സിലുള്ള ഒരു സൈനികനും ഭാര്യയ്ക്കും അവരുടെ വാര്‍ദ്ധക്യകാലത്ത് ലഭിച്ച സമ്മാനമായിരുന്നു കാമിലസ്. അറുപതു വയസുള്ളപ്പോഴാണ് കാമിലസിന്റെ അമ്മ അവനെ പ്രസവിച്ചത്. കാമിലസിന്റെ ബാല്യകാലവും യൗവനവും അവന്‍ ചെലവഴിച്ച രീതി കണ്ടവര്‍ ഒരിക്കലും സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല ഇവന്‍ ഒരു വിശുദ്ധനായി മാറുമെന്ന്. അങ്ങനെയൊരു പശ്ചാത്തലത്തിലായിരുന്നു കാമിലസിന്റെ ജീവിതം.
കാമിലസ് കുട്ടിയായിരിക്കുമ്പോള്‍ അമ്മ മരിച്ചു. പിന്നീട് അച്ഛന്റെയൊപ്പമാണ് അവന്‍ ജീവിച്ചത്. പടയാളിയായിരുന്ന ആ മനുഷ്യന് തന്റെ മകന് കൊടുക്കാന്‍ തന്റെ വാളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. കാമിലസും സൈനികനായി ജോലി ചെയ്തു തുടങ്ങി. നേപ്പിള്‍സിനു വേണ്ടി തുര്‍ക്കികള്‍ ക്കെതിരേ അവന്‍ യുദ്ധം ചെയ്തു. ഒരു സൈനികനു യോജിക്കുന്ന ശരീരപ്രകൃതിയായിരുന്നു കാമിലസിന്റേത്. ആറര അടി ഉയരം. ഉയരത്തിനനുസരിച്ച് കരുത്തുള്ള ശരീരം. ചൂതാട്ടവും ചീട്ടുകളിയുമായിരുന്നു അവന്റെ പ്രധാന വിനോദം. ഒരിക്കല്‍ യുദ്ധത്തിനിടയ്ക്ക് കാമിലസിന്റെ കാലിനു ഗുരുതരമായി മുറിവേറ്റു. ചൂതുകളിച്ച് തന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുത്തിയ തിനാല്‍ കാമിലസിന് ചികിത്സയ്ക്കു പോലും പണം കൈയിലുണ്ടായിരുന്നില്ല.
ആശുപത്രിയിലെ ശിപായിയായി ജോലി നോക്കിയാണ് ചികിത്സാചെലവുകള്‍ക്ക് അയാള്‍ പണം കണ്ടെത്തിയി രുന്നത്. കാലിലെ വ്രണം സുഖപ്പെടാത്തതിനാല്‍ സൈന്യത്തിലും പിന്നീട് ജോലി ചെയ്യാന്‍ സാധിച്ചില്ല. കൈയില്‍ കാശില്ല, ജോലിയില്ല, കാലില്‍ സുഖപ്പെടാത്ത വ്രണം. ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ വലയുന്ന അവസ്ഥയിലാണ് കാമിലസ് ഒരു കപ്പൂച്ചിന്‍ വൈദികനുമായി പരിചയപ്പെടുന്നത്. അദ്ദേഹം കപ്പൂച്ചിന്‍ സഭയുടെ കെട്ടിടനിര്‍മാണങ്ങള്‍ നോക്കിനടത്തുന്ന ജോലി കാമിലസിന് തരപ്പെടുത്തിക്കൊടുത്തു. അവിടെവച്ച്, കാമിലസ് ആദ്യമായി യേശുവിന്റെ സ്‌നേഹം മനസിലാക്കി മാനസാന്തരപ്പെട്ടു. ഒരു വൈദികനാകണമെന്ന് അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ കാലിലെ മുറിവ് സുഖപ്പെടാത്തതിനാല്‍ കാമിലസിനെ സെമിനാരിയില്‍ ചേര്‍ത്തില്ല. നിരാശനായ കാമിലസ് തന്റെ കാല്‍ സുഖപ്പെടുത്തുന്നതിനുവേണ്ടി റോമിലേക്ക് പോയി. അവിടെ വച്ച് വിശുദ്ധ ഫിലിപ്പ് നേരിയെ അദ്ദേഹം പരിചയപ്പെട്ടു. വിദ്യാഭ്യാസം ഇല്ല എന്ന പരാതി പരിഹരിക്കുന്നതിനായി 32-ാം വയസില്‍ കൊച്ചുകുട്ടികള്‍ക്കൊപ്പം സ്‌കൂള്‍പഠനം നടത്തിയ കാമിലസ് പിന്നീട് വൈദികന്‍ വരെയായി. കാമിലസിന്റെ നേതൃത്വ ത്തില്‍ ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് രോഗികളെ ശുശ്രൂഷിക്കാനും യുദ്ധരംഗത്ത് സഹായമെ ത്തിക്കുവാനും ഒക്കെയായി ഒരു കൂട്ടായ്മയ്ക്കു തുടക്കമിട്ടു. കാമിലസിന് രോഗികളെ സുഖ പ്പെടുത്തുവാനുള്ള അദ്ഭുത വരം ലഭിച്ചിരുന്നു. 1614ല്‍ അദ്ദേഹം മരിച്ചു. 1746ല്‍ പോപ് ബെനഡിക്ട് പതിനാലാമനാണ് കാമിലസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
Comments
Post a Comment