ജൂലൈ 17 : വി. അലക്‌സിസ്

ദൈവത്തിന്റെ മനുഷ്യന്‍ എന്നറിയപ്പെടുന്ന അലക്‌സിസ് അതിസമ്പന്നനായ ഒരു റോമന്‍ സെനറ്ററുടെ മകനായിരുന്നു. തന്റെ കുടുംബത്തിന്റെ സമ്പത്ത് പാവങ്ങള്‍ക്ക് ദാനം ചെയ്യുന്നതില്‍ ഒരു വീഴ്ചയും അദ്ദേഹം വരുത്തിയില്ല. പിതാവിന്റെ സമ്മതമില്ലാതെ അദ്ദേഹം പാവങ്ങളെ സഹായിച്ചുകൊണ്ടേയിരുന്നു. യേശുവിനെ തന്റെ എല്ലാമെല്ലാമായി കണക്കാക്കിയിരുന്ന അലക്‌സിസ് തന്റെ ജീവിതം മുഴുവന്‍ പ്രേഷിത പ്രവര്‍ത്തനത്തിനായി നീക്കിവയ്ക്കു മെന്ന് ശപഥം ചെയ്തിരുന്നു. എന്നാല്‍ അലക്‌സിസിനെ വിവാഹം കഴിപ്പിക്കാനാണ് മാതാപിതാ ക്കള്‍ ആഗ്രഹിച്ചത്. അലക്‌സിസിന്റെ സമ്മതമില്ലാതെ അവര്‍ വിവാഹം നിശ്ചയിച്ചു.



ഗത്യന്തര മില്ലാതെ അദ്ദേഹത്തിനു വഴങ്ങേണ്ടി വന്നു. വിവാഹദിവസം രാത്രിയില്‍ അലക്‌സിസ് തന്റെ നവവധുവിനോട് കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. വിവാഹിതയായി ഭര്‍ത്താവില്‍ നിന്ന് ആദ്യമായി കേട്ട വാക്കുകള്‍ അവളെ വേദനിപ്പിച്ചെ ങ്കിലും ഭര്‍ത്താവിന്റെ ശപഥം നിറവേറ്റുന്നതിന് അവള്‍ അനുവദിച്ചു. അന്ന് രാത്രിയില്‍ തന്നെ അലക്‌സിസ് അവിടെ നിന്ന് ഒളിച്ചോടി. സിറിയയിലെ ഒരു ദേവാലയത്തിനു സമീപത്തുള്ള കുടിലില്‍ ഭിക്ഷക്കാരനെ പോലെ അദ്ദേഹം ജീവിച്ചു. വേഷം കൊണ്ട് ഭിക്ഷക്കാരനായിരുന്നു വെങ്കിലും അലക്‌സിസിന്റെ പെരുമാറ്റവും ഭാവങ്ങളും കുലീന കുടുംബത്തില്‍ പിറന്ന ഒരാളുടെയാണെന്ന് നാട്ടുകാര്‍ സംശയിച്ചു തുടങ്ങിയതോടെ അവിടം വിട്ടു. പല സ്ഥലത്തും അലഞ്ഞുതിരിഞ്ഞു നടന്നു. എപ്പോഴും പ്രാര്‍ഥിക്കുകയും ഉപവസിക്കുകയും ചെയ്തുപോന്ന അലക്‌സിസിന്റെ മനസില്‍ യേശുവിനെക്കുറിച്ചുള്ള ചിന്തകളല്ലാതെ മറ്റൊന്നുമില്ലായിരുന്നു.

ഒടുവില്‍ അലക്‌സിസ് തന്റെ ഭവനത്തില്‍ തന്നെ തിരികെയെത്തി. അലക്‌സിസിന്റെ മാതാപിതാക്കളും ഭാര്യ അഗേളയും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. ആ വലിയ കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് ഭിക്ഷക്കാരെ താമസിപ്പിക്കുന്ന ഒരു മുറിയുണ്ടായിരുന്നു. അലക്‌സിസിന്റെ മാതാപിതാക്കള്‍ അവരുടെ സമ്പത്തില്‍ ഒരു ഭാഗം പാവങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി നീക്കിവച്ചിരുന്നു. കുറെയധികം ഭിക്ഷക്കാര്‍ അവിടെയുണ്ടായിരുന്നു. അവര്‍ക്കൊപ്പം അലക്‌സിസും ജീവിച്ചു. തന്നെ ഓര്‍ത്ത് കരയുന്ന ഭാര്യയെ അവന്‍ കണ്‍മുന്‍പില്‍ കണ്ടു. മറ്റു ഭിക്ഷക്കാരും ആ വീട്ടിലെ ഭൃത്യന്‍മാരും അലക്‌സിസിനെ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. പക്ഷേ, താനാരാണെന്ന് അവന്‍ വെളിപ്പെടുത്തിയില്ല. എല്ലാം യേശുവിനു വേണ്ടി അവന്‍ സഹിച്ചു. തനിക്കൊപ്പം ജീവിച്ചവരെ യേശുവിനെ കുറിച്ച് പഠിപ്പിച്ചു. 17 വര്‍ഷം അലക്‌സിസ് അവിടെ കഴിഞ്ഞു. അലക്‌സിസ് മരിച്ചപ്പോള്‍ അവന്റെ മൃതദേഹത്തിനരികില്‍ കിടന്നിരുന്ന ഒരു കത്തില്‍ നിന്നാണ് എല്ലാവരും അവനെ തിരിച്ചറിഞ്ഞത്. പാവപ്പെട്ടവരുടെയും ഭിക്ഷക്കാരുടെയും തീര്‍ഥാടകരുടെയും മധ്യസ്ഥനായി അലക്‌സിസ് അറിയപ്പെടുന്നു.

Comments