ജൂലൈ 22 : വി. മഗ്ദലന മറിയം (ഒന്നാം നൂറ്റാണ്ട്)

മത്തായി, മര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നീ നാലു സുവിശേഷങ്ങളിലും പലതവണ പരാമര്‍ശിക്കപ്പെടുന്ന സ്ത്രീയാണ് മഗ്ദലന മറിയം. ശിഷ്യന്‍മാര്‍ അല്ലാത്തവരില്‍ യേശു ഏറ്റവും അധികം സ്‌നേഹിച്ചിരുന്ന വ്യക്തി മഗ്ദലന മറിയമാണെന്ന് ഈ സുവിശേഷങ്ങള്‍ തെളിവു നല്‍കുന്നു. യേശുവിന്റെ കുരിശു മരണത്തിനും ഉത്ഥാനത്തിനും സാക്ഷിയായിരുന്നു അവര്‍. ഉത്ഥാനം ചെയ്ത ശേഷം യേശുവിനെ ആദ്യമായി കാണുന്നതും മഗ്ദലന മറിയം തന്നെ. സുവിശേഷങ്ങളില്‍ യേശുവിന്റെ മാതാവായ മറിയം അടക്കം മറിയം എന്നു പേരുള്ള പലരെപ്പറ്റിയും എഴുതപ്പെട്ടിട്ടുണ്ട് എന്നതിനാല്‍ മഗ്ദലന മറിയം ആരായിരുന്നു എന്നതു സംബന്ധിച്ച് ഒരു ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. യേശു സുവിശേഷം പ്രസംഗിച്ച് പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചപ്പോള്‍ അവിടുത്തെ അനുഗമിച്ചവരില്‍ മഗ്ദലന മറിയവുമുണ്ടായിരുന്നുവെന്ന് ലൂക്കായുടെ സുവിശേഷം പറയുന്നു.



''അശുദ്ധാത്മാക്കളില്‍ നിന്നു വ്യാധികളില്‍ നിന്നും മോചിതരായ ഏതാനും സ്ത്രീകളും ഏഴു പിശാചുക്കള്‍ വിട്ടുപോയ മഗ്ദലന എന്നറിയപ്പെട്ടിരുന്നവളുമായ മറിയവും ഹേറോദേസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊഹാന്നയും ശോശന്നയും തങ്ങള്‍ക്ക് ഉണ്ടായിരുന്നവ കൊണ്ട് അവരെ സഹായിച്ചുപോന്ന മറ്റു പല സ്ത്രീകളും അവിടുത്തോടൊപ്പം ഉണ്ടായിരുന്നു.'' (ലൂക്കാ 8:2, 3) യേശുവിന്റെ കുരിശുമരണത്തിനും മഗ്ദലന മറിയം സാക്ഷിയായിരുന്നുവെന്ന് സുവിശേഷങ്ങള്‍ (മത്തായി 27:55, മര്‍ക്കോസ് 15:41, ലൂക്കാ 23:55) പറയുന്നു. യേശുവിന്റെ മരണം വിവരിച്ച ശേഷം മത്തായി ഇങ്ങനെ എഴുതുന്നു. ''ഗലീലിയാ മുതല്‍ യേശുവിനെ പിന്തുടര്‍ന്നു ശുശ്രൂഷിച്ചുകൊണ്ടിരുന്ന ഒട്ടേറെ സ്ത്രീകള്‍ ഇവയെല്ലാം നോക്കിക്കൊണ്ട് അകലെ മാറി നിന്നിരുന്നു. അവരില്‍ മഗ്ദലന മറിയവും യാക്കോബിന്റെയും യൗസേപ്പിന്റെയും അമ്മയായ മറിയവും സെബദീപുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.''
യേശു ഉയിര്‍ത്തെഴുന്നേറ്റപ്പോഴും മഗ്ദലന മറിയം അവിടെ ഉണ്ടായിരുന്നു. മത്തായി 28-ാം അധ്യായത്തില്‍ പറയുന്നു: ''ശാബത്തിനു ശേഷം ആഴ്ചയുടെ ഒന്നാം ദിവസം പുലര്‍ച്ചയില്‍ മഗ്ദലന മറിയവും മറ്റേ മറിയവും ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നു. ഇതാ, ഒരു വലിയ ഭൂകമ്പമുണ്ടായി. കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന് കല്ല് ഉരുട്ടിമാറ്റി അതില്‍ ഇരുന്നു. അദ്ദേഹത്തിന്റെ രൂപം മിന്നല്‍പ്പിണര്‍പോലുള്ളതും വസ്ത്രം പൊടിമഞ്ഞു പോലെ വെണ്മയുള്ളതുമായിരുന്നു. ദൂതന്‍ സ്ത്രീകളോട് പറഞ്ഞു: ''ഭയപ്പെടേണ്ട, ക്രൂശിക്കപ്പെട്ട യേശുവിനെയാണ് ന ിങ്ങള്‍ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവിടുന്ന് ഇവിടെയില്ല; അരുള്‍ചെയ്തിരുന്നതു പോലെ അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റു.'' ഉത്ഥിതനായ യേശുമിശിഹാ ആദ്യം പ്രത്യക്ഷപ്പെടുന്നതും മഗ്ദലന മറിയത്തിനാണ്. 'ആഴ്ചയുടെ ഒന്നാം ദിവസം ഉഷസ്സില്‍ യേശു ഉയിര്‍ത്തെഴുന്നേറ്റ്, അവിടുന്ന് ആരില്‍ നിന്ന് ഏഴു പിശാചുക്കളെ പുറത്താക്കിയിരുന്നുവോ ആ മഗ്ദലന മറിയത്തിന് ആദ്യമേ പ്രത്യക്ഷപ്പെട്ടു.' (മര്‍ക്കോസ് 16:9) യേശുവിനോട് മറിയത്തിനുണ്ടായിരുന്ന സ്‌നേഹവും അവളുടെ വേദനയും ഏറ്റവും അധികം തീവ്രമായി വിവരിക്കുന്നത് യോഹന്നാന്റെ സുവിശേഷത്തിലാണ്. 'മറിയം ശവക്കല്ലറയിലെത്തിയപ്പോള്‍ അത് തുറന്നുകിടക്കുന്നതായി കണ്ടു. അവള്‍ ഈ വിവരം ശിഷ്യന്‍മാരെ അറിയിച്ചു. അവര്‍ വന്നു നോക്കിയെങ്കിലും യേശുവിന്റെ മൃതദേഹം കാണാതെ മടങ്ങിപ്പോയി.' ഈ സംഭവം വിവരിച്ച ശേഷം യോഹന്നാന്‍ ഇങ്ങനെ എഴുതുന്നു: 'എന്നാല്‍, മഗ്ദലന മറിയം ശവകുടീരത്തിനു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. അവള്‍ കല്ലറയ്ക്കുള്ളി ലേക്ക് കുനിഞ്ഞുനോക്കി. യേശുവിന്റെ ശവകുടീരം വച്ചിരുന്ന സ്ഥലത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൈവദൂതന്‍മാര്‍, ഒരാള്‍ അവിടുത്തെ തലയ്ക്കലും മറ്റേയാള്‍ കാല്‍ക്കലുമായി ഇരിക്കുന്നത് അവള്‍ കണ്ടു. അവര്‍ അവളോട് ചോദിച്ചു.
''സ്ത്രീയേ നീ എന്തിനാണ് കരയുന്നത്?'' അവള്‍ അവരോട് പറഞ്ഞു: ''അവര്‍ എന്റെ കര്‍ത്താവിനെ എടുത്തുകൊണ്ടുപോയി. അവിടുത്തെ എവിടെവച്ചുവെന്ന് എനിക്കറിഞ്ഞുകൂടാ.'' ഇതു പറഞ്ഞിട്ട് തിരിഞ്ഞു നോക്കുമ്പോള്‍ യേശുവിനെ അവള്‍ കണ്ടു. എന്നാലത് യേശുവാണെന്നു അവള്‍ക്കു മനസിലായില്ല. യേശു അവളോട് ചോദിച്ചു: ''സ്ത്രീയെ എന്തിനാണ് നീ കരയുന്നത്?''. അത് തോട്ടക്കാരനാണെന്നു കരുതി അവള്‍ പറഞ്ഞു. ''യജമാനനെ, അങ്ങ് അവിടുത്തെ എടുത്തുകൊണ്ടുപോയെങ്കില്‍ എവിടെവച്ചുവെന്ന് എന്നോട് പറയുക. ഞാന്‍ അവിടുത്തെ എടുത്തുകൊണ്ടുപൊയ്‌ക്കോളാം.'' യേശു അവളെ വിളിച്ചു: ''മറിയം''. അവള്‍ തിരിഞ്ഞ് നിന്ന് ഗുരു എന്നര്‍ഥമുള്ള ''റബ്ബൂ നി'' എന്നു വിളിച്ചു.' (യോഹന്നാന്‍ 20: 11-18) മഗ്ദലന മറിയത്തിന്റെ ജീവിതത്തെ സംബന്ധിച്ച് പല കഥകളും പിന്നീട് ഉണ്ടായി. അവള്‍ യേശുവിന്റെ ഭാര്യയാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. 'ഹോളി ബ്ലഡ്, ഹോളി ഗ്രെയിന്‍', 'ഡാവിഞ്ചി കോഡ്' തുടങ്ങിയ വിവാദപുസ്തകങ്ങളില്‍ ഇത്തരം പരമാര്‍ശങ്ങളുണ്ട്. എന്നാല്‍ ഈ വാദങ്ങള്‍ക്കൊന്നും ചരിത്രപരമായ ഒരു തെളിവുകളുമില്ല. ചിലരുടെ ഭാവനയില്‍ മെനഞ്ഞെടുത്ത കഥകള്‍ മാത്രമാണിവ. സുവിശേഷങ്ങളില്‍ വിവരിക്കുന്ന, യേശുവിന്റെ പാദങ്ങള്‍ കണ്ണീരുകൊണ്ടു കഴുകുന്ന വേശ്യ, മഗ്ദലന മറിയമല്ല എന്നൊരു വാദമുണ്ട്. ഇതു സത്യമാവാന്‍ സാധ്യതയുണ്ട്. കാരണം സുവിശേഷങ്ങളില്‍ ഈ സന്ദര്‍ഭവം വിരിക്കുന്ന ഭാഗങ്ങളില്‍ 'ഒരു സ്ത്രീ' എന്നു മാത്രമാണ് പറയുന്നത്. മറ്റൊരു സന്ദര്‍ഭത്തില്‍ യേശു ഉയര്‍ത്തെഴുന്നേല്‍പ്പിച്ച ലാസറിന്റെ ഭവനത്തില്‍ വച്ച് അവിടുത്തെ കാലുകളില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശുന്ന 'മറിയം' ലാസറിന്റെയും മാര്‍ത്തയുടെയും സഹോദരിയായ മറിയമാണുതാനും. പിശാചുബാധിതയായിരുന്നു ഒരു സ്ത്രീയായിരുന്നു മഗ്ദലന മറിയമെന്ന് സുവിശേഷങ്ങളില്‍ പറയുന്നുണ്ട്. യേശു അവളെ സുഖപ്പെടുത്തി. പിന്നീട് അവള്‍ യേശുവിനൊപ്പം സഞ്ചരിച്ചു. യേശുവിന്റെ മരണത്തിനും ഉത്ഥാനത്തിനും സാക്ഷിയായി. യേശു ആദ്യമായി മറിയത്തിനു പ്രത്യക്ഷപ്പെട്ടു.- ഇത്രയും കാര്യങ്ങള്‍ക്ക് സുവിശേഷങ്ങളുടെ സാക്ഷ്യമുണ്ട്. മഗ്ദലന മറിയത്തിന്റെ നാമത്തില്‍ ഒട്ടേറെ അദ്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. ഇവരുടെ മധ്യസ്ഥതയില്‍ അനേകം ദേവാലയങ്ങള്‍ ലോകം മുഴുവനുമുണ്ട്.

Comments