യേശുവിന്റെ ശിഷ്യന്‍മാരില്‍ യാക്കോബ് എന്നു പേരുള്ള രണ്ടു പേരുണ്ടായിരുന്നു. എന്നാല്‍, സെബദിയുടെ പുത്രനും യോഹന്നാ ന്റെ സഹോദരനുമായ യാക്കോബ് ആയിരുന്നു അവരില്‍ പ്രമുഖന്‍. യേശുവിന്റെ ബന്ധു കൂടിയായിരുന്നു യാക്കോബ്. യാക്കോബിന്റെ മാതാപിതാക്കളുടെ പേര് സെബദിയെന്നും സലോമിയെന്നുമായി രുന്നു. മല്‍സ്യത്തൊഴിലാളിയായിരുന്നു സെബദി. പത്രോസ് ശ്ലീഹായും സെബദിയും ഒന്നിച്ച് മല്‍സ്യബന്ധനം നടത്തി പോരുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. പൂര്‍വപിതാക്കന്‍മാര്‍ എഴുതിയിരിക്കുന്ന പലരേഖകളിലും കാണുന്നത് സെബദി ഒരു സമ്പന്നനായ മനുഷ്യനായിരുന്നുവെന്നാണ്. സെബദിക്ക് സ്വന്തമായി ഉണ്ടായിരുന്ന വഞ്ചിയിലാണ് പത്രോസും മീന്‍പിടിക്കാന്‍ പോയിരുന്നത്.
യാക്കോബിന്റെ അമ്മയായ സലോമി പരിശുദ്ധ കന്യാമറിയത്തിന്റെ സഹോദരിയായിരുന്നുവെന്നും കണക്കാക്കപ്പെടുന്നു. യേശുവിന്റെ മറ്റൊരു ശിഷ്യനും പ്രായത്തില്‍ ഇളയവനുമായിരുന്ന യൂദാസ് തദേവൂസിന്റെ അച്ഛനായിരുന്നു വലിയ യാക്കോബ് എന്നും ഒരു വാദമുണ്ട്. ഇത് ശരിയെങ്കില്‍ യേശുവിന്റെ ശിഷ്യനാകുമ്പോള്‍ യാക്കോബിന് നാല്‍പതിനടുത്ത് പ്രായമുണ്ടായിരിക്കണം. യേശു പല അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചപ്പോള്‍ യാക്കോബ് അവിടുത്തോടൊപ്പമുണ്ടായിരുന്നുവെന്ന് സുവിശേഷങ്ങളില്‍ കാണാം. യേശുവിനെ യഹൂദന്‍മാര്‍ തടവിലാക്കുന്നതിനു മുന്‍പ് ഗത്‌സമേന്‍ തോട്ടത്തില്‍ അവിടുന്ന് പ്രാര്‍ഥനയ്ക്കായി എത്തിയപ്പോഴും യാക്കോബ് ഉണ്ടായിരുന്നു. എന്നാല്‍ യേശുവിനെ തടവിലാക്കിയ ശേഷമുള്ള സന്ദര്‍ഭങ്ങളില്‍ യാക്കോബിനെ കാണാനില്ല. സെബദീ പുത്രന്‍മാരുടെ അമ്മയായ സലോമിയും മകന്‍ യോഹന്നാനും ഉണ്ടായിരുന്നുവെന്ന് ബൈബിളില്‍ പറയുന്നുണ്ട്. എന്നാല്‍, മറ്റു ശിഷ്യന്‍മാരെ പോലെ യാക്കോബ് ഓടിയൊളിച്ചു.
പിന്നീട് യേശുവിന്റെ സ്വര്‍ഗാരോഹണത്തിനും ശേഷം പന്തകുസ്താ ദിനത്തിലാണ് യാക്കോബിനെ വീണ്ടും ശിഷ്യന്‍മാര്‍ക്കൊപ്പം കാണുന്നത്. യഹൂദന്‍മാരെ പേടിച്ച് ഓടിയൊളിച്ച യാക്കോബ് പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതോടെ ശക്തിപ്രാപിച്ചു. മറ്റു ശിഷ്യന്‍മാരെ പോലെ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹം പ്രേഷിതപ്രവര്‍ത്തനം നടത്തി. സമറിയ, സ്‌പെയിന്‍, യൂദയാ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അദ്ദേഹം സുവിശേഷം പ്രസംഗിച്ചിരുന്നത്. സ്‌പെയിനില്‍ സുവിശേഷപ്രവര്‍ത്തനം നടത്തിയപ്പോള്‍ വളരെ ചെറിയൊരു വിഭാഗത്തെ മാത്രമേ യാക്കോബിന് യേശുവിന്റെ വഴിയേ കൊണ്ടുവരാന്‍ കഴിഞ്ഞുള്ളു. ഇതില്‍ ദുഃഖിതനായിരുന്ന യാക്കോബിന്റെ മുന്നില്‍ പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെടുകയും മാതാവിന്റെ നിര്‍ദേശപ്രകാരം അവിടെ ഒരു ദേവാലയം പണിയുകയുമായിരുന്നു. നിരവധി അദ്ഭുതപ്രവൃത്തികളും യാക്കോബ് ശ്ലീഹായുടെ പേരില്‍ അറിയപ്പെടുന്നുണ്ട്.
അഞ്ച് ആഴ്ച മുന്‍പ് മരിച്ച ഒരു ബാലനെ യാക്കോബ് ശ്ലീഹാ ഉയര്‍പ്പിച്ചു. എന്നാല്‍ ഈ സംഭവം കേട്ടപ്പോള്‍ ആ ബാലന്റെ പിതാവ് പോലും പരിഹസിച്ചു. താന്‍ കഴിച്ചുകൊണ്ടിരുന്ന പക്ഷിയിറച്ചി നോക്കി അയാള്‍ പറഞ്ഞു: ''മരിച്ചുപോയ എന്റെ മകന്‍ ജീവിച്ചു എന്നു കേള്‍ക്കുന്നതും ഞാനിപ്പോള്‍ കഴിക്കുന്ന പക്ഷിക്കു ജീവന്‍ വയ്ക്കുന്നതും ഒരു പോലെയാണ്.'' അയാളിതു പറഞ്ഞു കഴിഞ്ഞതും പാത്രത്തില്‍ കിടന്ന പക്ഷിക്ക് ജീവന്‍ വയ്ക്കുകയും അത് പറന്നു പോകുകയും ചെയ്തു. യേശുവിന്റെ ശിഷ്യന്‍മാരില്‍ ഏറ്റവും ആദ്യം രക്തസാക്ഷിത്വം വരിച്ചതും യാക്കോബായിരുന്നു. നടപടി പുസ്തകത്തില്‍ യാക്കോബിന്റെ മരണത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ''അക്കാലത്ത് ഹേറോദോസ് രാജാവ്, സഭയില്‍ പെട്ട യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.'' (നടപടി 12:1-2) എ.ഡി. 42-44 കാലത്താണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നു കരുതാം. യേശുവില്‍ വിശ്വസിക്കുന്നവരുടെ എണ്ണം വളരെ പെട്ടെന്ന് വിപുലീകരിക്കപ്പെട്ടപ്പോള്‍ ആ പേരില്‍ യാക്കോബിനെ ഹെറോദേസ് അഗ്രിപ്പാ തടവിലാക്കുകയും നെഞ്ചിലൂടെ വാള്‍ കയറ്റിവിട്ട് കൊല്ലുകയുമായിരുന്നു.
Comments
Post a Comment