ജൂലൈ 6 : വി. മരിയ ഗൊരേത്തി (AD 1890-1902)

പന്ത്രണ്ട് വയസു മാത്രം പ്രായമുള്ളപ്പോള്‍ നെഞ്ചില്‍ പതിനാലു തവണ കുത്തേറ്റ് മരിച്ച മരിയ ഗൊരേത്തി എന്ന വിശുദ്ധയുടെ ഓര്‍മദിവസമാണ് ഇന്ന്. വി. മരിയ ഗൊരേത്തിയുടെ കഥ നമ്മുടെ ജീവിതത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നതു പോലെ ദൈവികസാന്നിധ്യമുള്ളതുമാണ്. വളരെ ദരിദ്രമായിരുന്നു അവളുടെ കുടുംബം. കര്‍ഷകനായിരുന്ന അച്ഛന്‍ ലൂഗി ഗൊരേത്തിയും അമ്മ അസൂന്തയും വളരെ കഷ്ടപ്പെട്ടിട്ടാണ് അവരുടെ ആറു മക്കളെ വളര്‍ത്തിയിരുന്നത്. മരിയയ്ക്കു പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. അതീവ സുന്ദരിയായിരുന്നു മരിയ. 



പ്രായത്തില്‍ കവിഞ്ഞ ശരീരവളര്‍ച്ചയും അവള്‍ക്കുണ്ടായി രുന്നു. മാതാപിതാക്കളെ സഹായിക്കുവാന്‍ എപ്പോഴും അവള്‍ ശ്രദ്ധിച്ചിരുന്നു. പ്രാര്‍ഥനയിലും ഉപവാസത്തിലും ജീവിച്ച ആ ബാലിക, ഒരു കാലത്തും ചെറിയ പാപം പോലും ചെയ്യില്ലെന്നു ശപഥം ചെയ്തിരുന്നു. മരിയയ്ക്ക് ഒന്‍പതു വയസ് പ്രായമുള്ളപ്പോള്‍ അവളുടെ അച്ഛന്‍ മലേറിയ രോഗം ബാധിച്ചു മരിച്ചു. അതോടെ ആ കുടുംബം അനാഥമായി. ഒരു നേരത്തെ ആഹാരത്തിനു പോലും വക കണ്ടെത്താനാകാതെ വന്നതോടെ അമ്മ അസൂന്ത 'സെറെനെല്ലി' എന്ന ധനിക കുടുംബത്തില്‍ വീട്ടുജോലി ചെയ്യുവാനായി പോയി. മരിയയും അമ്മയോടൊത്ത് അവിടെയാണ് ജീവിച്ചിരുന്നത്. സെറെനെല്ലി കുടുംബത്തിലെ അലക്‌സാണ്ട്രോ എന്ന പേരുള്ള പത്തൊന്‍പതുകാരന്‍ മരിയുടെ സൗന്ദര്യത്തില്‍ മതിമറന്ന് അവളെ തന്റെയൊപ്പം കിടക്ക പങ്കിടാന്‍ പലതവണ ക്ഷണിച്ചു. എന്നാല്‍, അവള്‍ ഒരിക്കലും അതിനു വഴങ്ങിയില്ല. മരിയ അമ്മയോട് വിവരം പറഞ്ഞെങ്കിലും മറ്റു ജീവിതമാര്‍ഗമില്ലാത്തതിനാല്‍ അവര്‍ക്ക് ആ ജോലി ഉപേക്ഷിക്കാനാകുമായിരുന്നില്ല. മരിയ അമ്മയോട് പറഞ്ഞു: ''എന്റെ ശരീരം വെട്ടിമുറിച്ച് കഷണങ്ങളാക്കിയാല്‍ കൂടി ഞാന്‍ പാപം ചെയ്യില്ല.'' അലക്‌സാണ്ട്രോ മരിയയെ വശത്താക്കാന്‍ ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. പന്ത്രണ്ട് വയസു മാത്രം പ്രായമുള്ള ആ ബാലിക യേശുവിനോട് കരഞ്ഞുപ്രാര്‍ഥിച്ചു. ''അങ്ങ് എന്റെ കൂടെയുള്ളപ്പോള്‍ എനിക്കു പേടിയില്ല. എന്റെ കരുത്ത് അങ്ങാണ്. എന്നെ വഴിനടത്തേണമേ..'' ഒരു ദിവസം മരിയ തന്റെ മുറിയില്‍ തനിച്ചിരിക്കുമ്പോള്‍ അലക്‌സാണ്ട്രോ കയറിവന്നു. അവളെ പാപം ചെയ്യാന്‍ നിര്‍ബന്ധിച്ചു. മരിയ വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അയാള്‍ ഒരു കത്തിയെടുത്ത് പതിനാലു തവണ അവളെ കുത്തി.

കുത്തുകൊണ്ട് രക്തം വാര്‍ന്ന ശരീരവുമായി അവളെ അടുത്തുള്ള ദേവാലയത്തിലെ വൈദികനും മറ്റും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സംഭവത്തിന് ഏതാനും ദിവസം മുന്‍പ് മാത്രമായിരുന്നു മരിയയുടെ ആദ്യകുര്‍ബാന സ്വീകരണം. മരണക്കിടക്കയില്‍ വച്ച് മരിയ വൈദികനോട് പറഞ്ഞു: ''അലക്‌സാണ്ട്രോയോട് ഞാന്‍ ക്ഷമിച്ചുകഴിഞ്ഞു. ഒരിക്കല്‍ അയാള്‍ക്ക് ചെയ്ത തെറ്റിനെകുറിച്ച് ബോധ്യമുണ്ടാവും. അയാള്‍ മാനസാന്തരപ്പെടും.'' പിറ്റേന്ന് മരിയ മരിച്ചു. അലക്‌സാണ്ട്രോയെ കോടതി 30 വര്‍ഷത്തേക്ക് തടവു ശിക്ഷയ്ക്കു വിധിച്ചു. ജയിലിലായിരിക്കുമ്പോള്‍ അലക്‌സാണ്ട്രോയ്ക്ക് മരിയയുടെ ദര്‍ശനമുണ്ടായി. ലില്ലിപ്പൂക്കള്‍ അണിഞ്ഞ്, വെള്ളവസ്ത്രം ധരിച്ച്, മരിയ ഒരു പൂന്തോട്ടത്തില്‍ നില്‍ക്കുന്നതായി അയാള്‍ കണ്ടു. അവള്‍ അവന്റെ അടുത്തേക്ക് വന്നതായും ലില്ലിപ്പൂക്കള്‍ സമ്മാനിച്ചതായും സ്വപ്നം കണ്ടതോടെ അലക്‌സാണ്ട്രോയ്ക്ക് താന്‍ ചെയ്ത തെറ്റിന്റെ ആഴം മനസിലായി. അവന്‍ പശ്ചാത്തപിച്ചു. 1950ല്‍ പോപ്പ് പയസ് പന്ത്രണ്ടാമന്‍ മരിയ ഗൊരേത്തിയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിക്കാന്‍ ജയില്‍ മോചിതനായ അലക്‌സാണ്ട്രോയും എത്തിയിരുന്നു. അന്ന് ആ ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ടരലക്ഷത്തോളം വിശ്വാസികളാണ് വത്തിക്കാനിലെത്തിയത്. മരിയയുടെ അമ്മ അസൂന്തയും ചടങ്ങിനെത്തിയിരുന്നു. തന്റെ മകളെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച ഏക സ്ത്രീയാണ് അസുന്ത.

Comments