ജൂലൈ 7 : വി. വില്ലിബാള്‍ഡ്

എട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ച വിശുദ്ധനാണ് വില്ലിബാള്‍ഡ്. മരിച്ച ശേഷം ഉയിര്‍ത്തെഴുന്നേറ്റു പുതിയ ജീവിതത്തിലേക്ക് കടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന വില്ലിബാള്‍ഡ്, വിശുദ്ധനായ റിച്ചാര്‍ഡ് രാജാവിന്റെ മകനായിരുന്നു. അവരുടെ കുടുംബം മുഴുവന്‍ വിശുദ്ധരായിരുന്നുവെന്നു വേണമെങ്കില്‍ പറയാം.



വില്ലിബാള്‍ഡിന്റെ സഹോദരങ്ങളായി വിന്നിബാള്‍ഡ്, വാള്‍ബുര്‍ഗ എന്നിവരും വിശുദ്ധരായിരുന്നു. വി. ബോനിഫസിന്റെ (ജൂണ്‍ അഞ്ചിലെ വിശുദ്ധന്‍) ബന്ധു കൂടിയായിരുന്നു ഇദ്ദേഹം. ജനിച്ച് അധികം ദിവസങ്ങള്‍ കഴിയും മുന്‍പ് വില്ലിബാള്‍ഡ് രോഗബാധിതനായി മരിച്ചു. ദുഃഖിതരായ മാതാപിതാക്കള്‍ കരഞ്ഞുപ്രാര്‍ഥിച്ചു. വില്ലിബാള്‍ഡിനെ തിരികെനല്‍കിയാല്‍ യേശുവിനു വേണ്ടി അവന്റെ ജീവിതം സമര്‍പ്പിക്കുമെന്ന് അവര്‍ പ്രതിജ്ഞ ചെയ്തു. അദ്ഭുതം പോലെ വില്ലിബാള്‍ഡിന് ജീവന്‍ തിരികെ കിട്ടി. അഞ്ചാം വയസില്‍ തന്നെ ഹാംപ്‌ഷെയറിലെ ആശ്രമത്തില്‍ വില്ലിബാള്‍ഡ് പ്രവേശിച്ചു. വിദ്യാഭ്യാസവും അവിടെ തന്നെ ചെയ്തു.

വില്ലിബാള്‍ഡിന് ഇരുപത്തിരണ്ട് വയസായപ്പോള്‍ അച്ഛന്‍ റിച്ചാര്‍ഡിന്റെയും വിന്നിബാള്‍ഡിന്റെയുമൊപ്പം റോമിലേക്ക് തീര്‍ഥയാത്ര പോയി. യാത്രാമധ്യേ പിതാവ് മലേറിയ ബാധിച്ചു മരിച്ചു. വില്ലിബാള്‍ഡി നെയും രോഗം ബാധിച്ചുവെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് അദ്ദേഹം ജറുസലേമിലെ വിശുദ്ധ നാടുകള്‍ കാണുവാനായി പോയി. ജറുസലേമില്‍ തീര്‍ഥയാത്രയ്ക്ക് എത്തിയ ആദ്യ ഇംഗ്ലീഷുകാരന്‍ വില്ലിബാള്‍ഡ് ആണെന്നു കരുതപ്പെടുന്നു. ജറുസലേം യാത്രയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം ഒരു യാത്രാവിവരണവും എഴുതി. പിന്നീട് യൂറോപ്പിലെ നിരവധി തീര്‍ഥാടനകേന്ദ്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. പോപ് ഗ്രിഗറി മൂന്നാമന്റെ നിര്‍ദേശമനുരിച്ച് അദ്ദേഹം ജര്‍മനിയിലെത്തി വി. ബോനിഫസിനെ പ്രേഷിത ജോലികളില്‍ സഹായിച്ചു. നിരവധി സന്യാസിസമൂഹങ്ങള്‍ക്ക് രൂപം കൊടുത്ത അദ്ദേഹം 781 ല്‍ മരിച്ചു. പോപ്പ് ലിയോ ഏഴാമന്‍ 938 ല്‍ വില്ലിബാള്‍ഡിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Comments