ഇറ്റലിയിലെ അസീസിയിലുള്ള ഒരു പ്രഭുവിന്റെ മൂന്നു പെണ്‍മക്കളായിരുന്നു ക്ലാര, ആഗ്നസ്, ബെയാട്രിസ് എന്നിവര്‍. ഇവരില്‍ ക്ലാരയും ആഗ്നസും പിന്നീട് വിശുദ്ധരെന്ന നിലയിലും ക്ലാരസഭയുടെ സ്ഥാപകരെന്ന നിലയിലും ലോകപ്രശസ്തരായി. ബാല്യകാലം മുതല്‍ തന്നെ ക്രൈസ്തവവിശ്വാസത്തിലാണ് വളര്‍ന്നു വന്നിരുന്ന തെങ്കിലും ക്ലാരയുടെ വിശ്വാസജീവിതത്തെ നേര്‍വഴിക്കു തിരിച്ചു വിട്ടത് വിശുദ്ധ ഫ്രാന്‍സീസ് അസീസിയായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെയാണു ക്ലാര ദൈവസ്‌നേഹത്തിന്റെ ആഴങ്ങള്‍ തൊട്ടറിഞ്ഞത്. തന്റെ സംശയങ്ങള്‍ അവള്‍ അദ്ദേഹത്തോട് ചോദിച്ചു.
യേശുവിന്റെ നാമത്തില്‍ ആഴത്തിലുള്ള സൗഹൃദമായി ഇതു വളര്‍ന്നു. ഒരിക്കല്‍ ഒരു ഓശാന ഞായറാഴ്ച ദേവാലയത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു ക്ലാര. കുരുത്തോല വാങ്ങുവാനായി മറ്റുള്ളവര്‍ ബിഷപ്പിന്റെ അടുത്തേക്കു നീങ്ങിയെങ്കിലും ക്ലാര നാണിച്ചു മടിച്ചു നിന്നു. എല്ലാവരും കുരുത്തോല സ്വീകരിച്ചുകഴിഞ്ഞപ്പോള്‍ ബിഷപ്പ് നടന്ന് ക്ലാരയുടെ അടുത്ത് എത്തി അവള്‍ക്ക് ഓല നല്‍കി. ഈ സംഭവത്തോടെ ക്ലാരയുടെ ജീവിതത്തിന് ഒരു പുതിയ അര്‍ഥം കൈവന്നു. തന്റെ ജീവിതം അവള്‍ യേശുവിനു സമര്‍പ്പിച്ചു. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് അവര്‍ വ്രതവാഗ്ദാനം നടത്തി കന്യകാസ്ത്രീയായി. ക്ലാരയുടെ പുതിയ ജീവിതത്തില്‍ ദുഃഖിതരായിരുന്നു മാതാപിതാക്കള്‍.
അവളെ ഏതെങ്കിലും പ്രഭുകുമാരനെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നായിരുന്നു അവര്‍ ആശിച്ചിരുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇളയ സഹോദരി ആഗ്നസും ക്ലാരയ്‌ക്കൊപ്പം ചേര്‍ന്നു. ഇതോടെ വീട്ടുകാര്‍ പൂര്‍ണമായും കീഴടങ്ങി. ക്ലാരയും കൂട്ടരും ചേര്‍ന്ന് ക്‌ളാരസഭയ്ക്കു രൂപം കൊടുത്തു. പൂര്‍ണമായും ദൈവികചൈതന്യ ത്തില്‍ മുഴുകി ജീവിക്കുന്ന ഒരു പറ്റം സ്ത്രീകളുടെ സമൂഹമായിരുന്നു അത്. മല്‍സ്യമാംസാദികള്‍ പൂര്‍ണമായി വര്‍ജിച്ചു. ചെരുപ്പണിയാതെ നടന്നു. പ്രാര്‍ഥനകളും കഠിനമായി ഉപവാസങ്ങളും അനുഷ്ഠിച്ചു. നാല്‍പതു വര്‍ഷത്തോളം ക്ലാര സമൂഹത്തിന്റെ ചുമതല ക്ലാര തന്നെയാണു വഹിച്ചത്.
ഫ്രാന്‍സീസ് അസീസിയുമായുള്ള ആത്മബന്ധം ഫ്രാന്‍സീഷ്യന്‍, ക്ലാര സമൂഹങ്ങള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കുന്നതിനു കാരണമായി. എവിടെയൊക്കെ ഫ്രാന്‍സീഷ്യന്‍ സഭ ഉണ്ടായോ അവിടെയൊക്കെ ക്ലാരസമൂഹവും ഉണ്ടായിരുന്നു. 28 വര്‍ഷത്തോളം രോഗക്കിടക്കയില്‍ കഴിഞ്ഞശേഷമാണ് ക്ലാര മരിച്ചത്. വര്‍ഷങ്ങളോളം വി.കുര്‍ബാന മാത്രം ഭക്ഷിച്ചാണ് അവര്‍ ജീവിച്ചിരുന്നത്. 1255ല്‍ പോപ് അലക്‌സാണ്ടര്‍ നാലാമന്‍ ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
Comments
Post a Comment