ആഗസ്റ്റ്‌ 16 : വി. റോച്ച് (1295-1327)

പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജനിച്ച റോച്ച് എന്ന വിശുദ്ധനു ജനിക്കുമ്പോള്‍ തന്നെ നെഞ്ചില്‍ ഒരു കുരിശുണ്ടായിരുന്നു. കുരിശടയാളം പോലൊരു ചുവന്ന പാട്. ഒരു ചുവന്ന കുരിശുപോലെ അത് കാണുന്നവര്‍ക്ക് അനുഭവപ്പെട്ടു. പാവങ്ങളെയും രോഗികളെയും സ്‌നേഹിക്കുകയും അവര്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്തിരുന്ന റോച്ച് ഇരുപതാം വയസു വരെ മാതാപിതാക്കള്‍ക്കൊപ്പമാണ് ജീവിച്ചത്. മാതാപിതാക്കളുടെ മരണശേഷം റോച്ച് തന്റെ സമ്പാദ്യം മുഴുവന്‍ വിറ്റ് പാവങ്ങള്‍ക്കു വീതിച്ചു കൊടുത്തു. പിന്നീട് തീര്‍ഥാടകനായി അലഞ്ഞു. ഭിക്ഷക്കാര്‍ക്കും രോഗികള്‍ക്കുമൊപ്പം ഉറങ്ങി, അവര്‍ക്കൊപ്പം ഭിക്ഷയാചിച്ചു ജീവിച്ചു.



പ്ലേഗ് രോഗം പടര്‍ന്നു പിടിച്ചപ്പോള്‍ രോഗികളെ സഹായിക്കുവാനും ശുശ്രൂഷിക്കുവാനും ആരും തയാറായിരുന്നില്ല. രോഗം പടരുമെന്നുള്ള ഭീതി മൂലം പ്ലേഗ് ബാധിച്ചവരെ അകറ്റിനിര്‍ത്താന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു. എന്നാല്‍, റോച്ച് ശ്രദ്ധവച്ചത് അവരെ ശുശ്രൂഷിക്കാനായിരുന്നു. തീര്‍ഥാടനത്തിനിടയ്ക്ക് റോച്ച് പ്ലേഗ് പടര്‍ന്നുപിടിച്ച ഒരു സ്ഥലത്ത് എത്തി. അവര്‍ക്കൊപ്പം പിന്നെ അദ്ദേഹം ജീവിച്ചു. അവരുടെ വേദനകളില്‍ ആശ്വാസവുമായി അദ്ദേഹം എപ്പോഴും കൂടെനിന്നു. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു. മരണം അടുത്തവര്‍ക്ക് രോഗീലേപന ശുശ്രൂഷ നല്‍കി. നിരവധി രോഗികള്‍ക്ക് റോച്ചിന്റെ പ്രാര്‍ഥനയില്‍ സൗഖ്യം കിട്ടി.

ഒടുവില്‍, റോച്ചും പ്ലേഗ് ബാധിതനായി. അദ്ദേഹം സമീപത്തുള്ള ഒരു വനത്തിലേക്ക് ഏകനായി പോയി. പിന്നീട് അവിടെയാണ് അദ്ദേഹം കഴിഞ്ഞത്. റോച്ച് കാട്ടിനുള്ളിലേക്ക് പോയപ്പോള്‍ ഒരു നായ അദ്ദേഹത്തെ പിന്തുടര്‍ന്നു. കാട്ടിനുള്ളില്‍ ആ നായയായിരുന്നു റോച്ചിന്റെ കൂട്ടുകാരന്‍. എന്നും എവിടെയെങ്കിലും പോയി റോച്ചിനുള്ള ഭക്ഷണവുമായി നായ വരുമായിരുന്നു. നായയുടെ ശുശ്രൂഷയില്‍ റോച്ച് വേഗം ജീവിതത്തിലേക്ക് തിരിച്ചുവന്നു. അദ്ദേഹത്തിന്റെ രോഗം അദ്ഭുതകരമായി സുഖപ്പെട്ടു. കാട്ടിനുള്ളില്‍ നിന്ന് തിരിച്ച് പോയി. ഫ്രാന്‍സില്‍ തിരിച്ചെത്തിയപ്പോള്‍ ചാരന്‍ എന്ന പേരില്‍ റോച്ചിനെ അറസ്റ്റ് ചെയ്തു. അഞ്ചു വര്‍ഷത്തോളം അദ്ദേഹം ജയിലില്‍ഫ കിടന്നു. ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച റോച്ചിനു തന്റെ കുടുംബപാരമ്പര്യം പറഞ്ഞാല്‍ എളുപ്പത്തില്‍ രക്ഷപ്പെടാമായിരുന്നു പക്ഷേ, മരണം വരെയും അദ്ദേഹം അതു ചെയ്തില്ല.

Comments