ആഗസ്റ്റ്‌ 17 : വി. മാമ്മസ് (മൂന്നാം നൂറ്റാണ്ട്)

ഇന്നത്തെ തുര്‍ക്കി മൂന്നാം നൂറ്റാണ്ടിലെ രാജ്യങ്ങളിലൊന്നായിരുന്നു പഫïാഗോനിയ. ക്രൈസ്തവ വിശ്വാസികളെ ക്രൂരമായി അടിച്ചൊ തുക്കിയ ഔറിലേനിയസ് ചക്രവര്‍ത്തി പഫïാഗോനിയ ഭരിച്ച സമയത്താണ് മാമ്മസിന്റെ ജനനം. തിയോഡോറ്റസ്- റൗഫിന ദമ്പതികള്‍ ക്രൈസ്തവ വിശ്വാസികള്‍ എന്ന പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. റൗഫിന പൂര്‍ണ ഗര്‍ഭിണിയായിരുന്നു അപ്പോള്‍. ജയിലില്‍ വച്ച് അവള്‍ പ്രസവിച്ചു.



അതായിരുന്നു മാമ്മസ്. ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി തീര്‍ത്തും അവശനിലയിലായിരുന്ന തിയോഡോറ്റസ് തനിക്കു പിറന്ന മകനെ കാണാതെ മരിച്ചു. അധികം ദിവസങ്ങള്‍ കഴിയും മുന്‍പ് റൗഫിനയും മരിച്ചു. മുലപ്പാല്‍ കുടിച്ച് കൊതിതീരും മുന്‍പ് അനാഥനായ മാമ്മസിനെ അമ്മിയ മട്രോണ എന്നു പേരായ ഒരു സ്ത്രീയാണ് പിന്നീട് വളര്‍ത്തിയത്. തിരിച്ചറിവ് ആയി തുടങ്ങിയപ്പോള്‍ മുതല്‍ യേശുവിനെ കുറിച്ച് കേള്‍ക്കാനും ക്രിസ്തുവിന്റെ വഴിയിലൂടെ നീങ്ങുവാനും മാമ്മസിനു കഴിഞ്ഞു. മറ്റുള്ളവരോട് യേശുവിനെക്കുറിച്ച് സംസാരിക്കുവാനും അവരെയെല്ലാം വിശ്വാസികളാക്കി മാറ്റുവാനും മാമ്മസ് എപ്പോഴും ശ്രമിച്ചിരുന്നു. അക്കാലത്ത്, മരണശിക്ഷ കിട്ടാവുന്ന തെറ്റ്. വനപ്രദേശങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിച്ച് ഏകനായി ആരും കാണാതെ ധ്യാനിച്ചിരിക്കാന്‍ മാമ്മസ് ഇഷ്ടപ്പെട്ടിരുന്നു.

ക്രൂരമൃഗങ്ങള്‍ക്കിടയിലും അവന്‍ സംരക്ഷിതനായിരുന്നു. മാമ്മസ് ഒറ്റയ്ക്ക് ആരോടെന്നില്ലാതെ കാട്ടില്‍ പ്രസംഗിച്ചു. അവന്റെ പ്രസംഗം കേള്‍ക്കാന്‍ വന്യമൃഗങ്ങള്‍ കൂട്ടമായി എത്തുമായിരുന്നു എന്നാണ് കഥ. ഐതിഹ്യങ്ങളനുസരിച്ച് മാമ്മസിനൊപ്പം എപ്പോഴും ഒരു സിംഹമുണ്ടായിരുന്നു. ഒരിക്കല്‍ മാമ്മസിനെ നികുതി നല്‍കാതെ ജീവിക്കുന്നു എന്ന പേരില്‍ പടയാളികള്‍ പിടികൂടി. വിചാരണ യ്ക്കായി ന്യായാധിപന്റെ മുന്നിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് ഒരു സിംഹം ഒരു ആടിനെ പിടികൂടാനായി ഓടിക്കുന്നത് മാമ്മസും പടയാളികളും കണ്ടു. മാമ്മസ് സിംഹത്തെ വിളിച്ചു. വിനീത ദാസനെ പോലെ സിംഹം അവന്റെ അടുത്തെത്തി. തന്നെ അനുഗമിക്കാന്‍ അവന്‍ സിംഹത്തോട് പറഞ്ഞു. ആടിനെ കൈയിലെടുത്ത് സിംഹത്തിന്റെ പുറത്ത് കയറി അവന്‍ ഇരുന്നു. പടയാളികള്‍ നിശ്ശബ്ദരായി. സിംഹത്തിന്റെ പുറത്തുകയറി വിചാരണയ്ക്കായി വരുന്ന 'കുറ്റവാളി'യെ കണ്ട് ന്യായാധിപന്‍ സ്തബ്ദനായി. മാമ്മസിനെ ഉടന്‍ തന്നെ മോചിപ്പിക്കുകയും ചെയ്തു. എന്നാല്‍, ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന പേരില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മാമ്മസ് വീണ്ടും തടവിലാക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങി രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.

Comments