ആഗസ്റ്റ്‌ 6 : വാഴ്ത്തപ്പെട്ട മരിയ ഫ്രാന്‍സേസ (1844-1904)

അന്ന മരിയ എന്നു പേരുള്ള ഇറ്റാലിയന്‍ യുവതിയാണ് പിന്നീട് 'യേശുവിന്റെ മരിയ ഫ്രാന്‍സേസ' എന്ന പേരില്‍ ലോകമറിയ പ്പെടുന്ന വിശുദ്ധയായി മാറിയത്. 1844ല്‍ ഇറ്റലിയിലെ കര്‍മാ ഗ്നോളയില്‍ ജനിച്ച അന്നയ്ക്കു തന്റെ നാലാം വയസില്‍ പിതാവിനെ നഷ്ടപ്പെട്ടു. അമ്മയോടൊത്ത് യേശുവിലുള്ള അടിയുറച്ച വിശ്വാസ ത്തില്‍ പ്രാര്‍ഥനകളും വിശുദ്ധ കുര്‍ബാനയും ഉപവാസങ്ങളുമൊക്കെ യായി അവള്‍ വളര്‍ന്നുവന്നു.



ഒരോ ദിവസം കടക്കുമ്പോഴും തന്റെ വിശ്വാസം കൂടുതല്‍ വര്‍ധിച്ചു വരുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു. അതീവസുന്ദരിയായിരുന്നതിനാല്‍ കൗമാരപ്രായത്തില്‍ തന്നെ അന്നയെ തേടി വിവാഹാലോചനകളും വന്നുതുടങ്ങി. എന്നാല്‍ ആലോചനകളെല്ലാം അവള്‍ നിരസിച്ചു. തന്റെ ജീവിതം യേശുവിനു വേണ്ടി നിത്യകന്യകയായി ചെലവഴിക്കാനുള്ള താണെന്നു അവള്‍ ശപഥം ചെയ്തിരുന്നു. അന്നയ്ക്കു 19 വയസു പ്രായമായപ്പോള്‍ അമ്മയും മരിച്ചു. അതോടെ ഏകയായ മരിയ ട്യൂറിനിലേ ക്ക് പോയി. അവിടെ മരിയാന സ്‌കോഫോനെ എന്ന സ്ത്രീക്കൊപ്പം താമസം തുടങ്ങി.

എല്ലാ ദിവസവും അവള്‍ ദേവാലയത്തിലെത്തി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. അവിടെ മതാധ്യാ പികയായി. എന്നും ആശുപത്രികളിലെത്തി രോഗികളെ സന്ദര്‍ശിച്ചു. മരിയാന സ്‌കോഫോനെ യുടെ മരണത്തോടു കൂടി അവള്‍ വീണ്ടും ഒറ്റയ്ക്കായി. ഒരിക്കല്‍ ലോവാനോയിലെ കപ്യൂച്ചന്‍ ദേവാലയത്തില്‍ നിന്നു വിശുദ്ധ കുര്‍ബാന കഴിഞ്ഞു മടങ്ങിവരവേ ഒരു അപകടത്തിനു അന്ന സാക്ഷിയായി. അവിടെ നിര്‍മാണം നടന്നുകൊണ്ടിരുന്ന ഒരു സന്യാസിനിമഠത്തിന്റെ കെട്ടിടം തകര്‍ന്നുവീണു ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. അന്ന ഓടിയെത്തി അയാളെ ശുശ്രൂഷിച്ചു. ആശുപത്രിയിലെത്തിച്ച് യഥാസമയത്ത് ചികിത്സ നല്‍കി. മാത്രമല്ല, ആശുപത്രി ചെലവുകള്‍ക്കു മറ്റുമായി മോശമല്ലാത്തൊരു തുക അയാള്‍ക്കു കൊടുക്കുകയും ചെയ്തു.

ഈ സംഭവം സന്യാസിനിമഠത്തില്‍ അറിഞ്ഞു. ഒരുപറ്റം സന്യാസിനിമാരുടെ ചെറിയൊരു കൂട്ടായ്മയായിരുന്നു അത്. അവര്‍ തങ്ങള്‍ക്കു പറ്റിയ ഒരു ആത്മീയ നേതൃത്വം അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. കപ്യൂച്ചന്‍ വൈദികനായിരുന്ന ആന്‍ജെലികോ മാര്‍ട്ടിനി അന്നയെ സന്ദര്‍ശിച്ച്, ഈ സന്യാസിനി സഭയില്‍ ചേരുന്നതിനായി ക്ഷണിച്ചു. അവള്‍ ക്ഷണം സ്വീകരിച്ചു. വ്രതവാഗ്ദാനം നടത്തിയതു മുതല്‍ മരിയ ഫ്രാന്‍സെസ്‌കാ എന്ന പേരു സ്വീകരിച്ചു. മരിയയുടെ നേതൃത്വത്തില്‍ സന്യാസിനി സഭ ഏറെ വളര്‍ന്നു. നിരവധി സ്ഥലങ്ങളില്‍ സന്ദര്‍ശിച്ച് അവള്‍ പ്രേഷിത പ്രവര്‍ത്തനം നടത്തി.

യുറഗ്വായ്, അര്‍ജന്റീന തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സന്യാസി നിമഠങ്ങള്‍ സ്ഥാപിച്ചു. അമേരിക്കയിലും നിരവധി തവണ മരിയ സന്ദര്‍ശനം നടത്തി. യേശുവില്‍ നിറഞ്ഞ്, മറ്റുള്ളവര്‍ക്കു മാതൃകയായി ജീവിച്ച മരിയ തന്റെ ജീവിതകാലത്തുതന്നെ ഒരു വിശുദ്ധ എന്ന പേരു നേടിയെടുത്തിരുന്നു. 1904 ഓഗസ്റ്റ് ആറാം തീയതി അവര്‍ അമേരിക്കയില്‍ വച്ച് മരിച്ചു. 1993 ല്‍ മരിയയെ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

Comments